
ഈശോയേ, അങ്ങ് ജീവൻ വെടിഞ്ഞു,
എന്നാൽ ആത്മാക്കൾക്കായി ജീവന്റെ ഉറവ പൊട്ടിയൊഴുകി,
ലോകം മുഴുവനുമായി കരുണാസമുദ്രം തുറക്കപ്പെട്ടു.
ജീവന്റെ ഉറവേ,
അഗാധമായ ദൈവകരുണയേ,
ലോകം മുഴുവനെയും ആവരണം ചെയ്യണമേ,
അങ്ങയെത്തന്നെ പൂർണമായി ഞങ്ങളുടെമേൽ ചൊരിയണമേ.
രക്തമേ, ജലമേ,
ഈശോയുടെ ഹൃദയത്തിൽനിന്ന് പൊട്ടിയൊഴുകി
ഞങ്ങൾക്കായി കരുണയുടെ ഉറവയായവയേ,
അങ്ങയിൽ ഞാൻ ശരണം വയ്ക്കുന്നു.
ആമേൻ.
ഇതും കാണുക: ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനചിന്തകൾ
കരുണയുടെ മണിക്കൂറിനെക്കുറിച്ച് കൂടുതൽ
കരുണാമയനായ ഈശോയുടെ സന്യാസിനികളിൽനിന്ന്
1937 ഒക്ടോബറിൽ, പോളണ്ടിലെ ക്രാക്കോവിൽവച്ച്, തന്റെ മരണസമയത്തെ വണങ്ങാനും തന്റെ പീഡാനുഭവത്തിന്റെ മൂല്യവും യോഗ്യതകളും അനുസ്മരിച്ച് പ്രാർഥനയിൽ തന്നോട് ഐക്യപ്പെടാനും കർത്താവായ ഈശോ സിസ്റ്റർ ഫൗസ്റ്റീനയോട് നിർദേശിച്ചു.
“ആത്മാക്കളോടുള്ള സ്നേഹം എന്റെ ഹൃദയത്തിൽ ജ്വലിക്കുന്നത് നീ കൂടുതൽ ആഴത്തിൽ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്റെ പീഡാനുഭവത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ നിനക്ക് ഇത് മനസ്സിലാകും. പാപികൾക്കുവേണ്ടി എന്റെ കരുണ യാചിക്കുക; അവരുടെ രക്ഷ ഞാൻ ആഗ്രഹിക്കുന്നു. ഒരു പാപിക്കുവേണ്ടി പശ്ചാത്താപമുള്ള ഹൃദയത്തോടും വിശ്വാസത്തോടുംകൂടി നീ ഈ പ്രാർഥന ചൊല്ലുമ്പോൾ, ഞാൻ അവന് മാനസാന്തരത്തിന്റെ കൃപ നൽകും. ഇതാണ് ആ പ്രാർഥന: ഈശോയുടെ ഹൃദയത്തിൽനിന്ന് പൊട്ടിയൊഴുകി ഞങ്ങൾക്കായി കരുണയുടെ ഉറവയായ രക്തമേ, ജലമേ, അങ്ങയിൽ ഞാൻ ശരണം വയ്ക്കുന്നു” (ഡയറി 187).
“മൂന്നുമണിക്ക്, പ്രത്യേകിച്ച് പാപികൾക്കുവേണ്ടി, എന്റെ കരുണ യാചിക്കുക; ഒരു ഹ്രസ്വനിമിഷത്തേക്കെങ്കിലും എന്റെ പീഡാനുഭവത്തിൽ, വിശേഷിച്ച് അതിവേദനയുടെ നിമിഷത്തിൽ ഞാൻ അനുഭവിച്ച പരിത്യക്താവസ്ഥയിൽ, നീ മുഴുകുക. ലോകം മുഴുവനും വേണ്ടിയുള്ള മഹാകരുണയുടെ മണിക്കൂറാണിത്. എന്റെ മരണവേദനയിൽ പ്രവേശിക്കാൻ ഞാൻ നിന്നെ അനുവദിക്കും. ഈ മണിക്കൂറിൽ, എന്റെ പീഡാനുഭവത്തിന്റെ യോഗ്യതയാൽ എന്നോട് അപേക്ഷിക്കുന്ന ആത്മാവിന് ഞാൻ ഒന്നും നിഷേധിക്കുകയില്ല…” (ഡയറി, 1320).
“…മൂന്നുമണി അടിക്കുന്നത് കേൾക്കുമ്പോഴെല്ലാം, എന്റെ കരുണയെ ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്തുകൊണ്ട് അതിൽ പൂർണമായി മുഴുകുക; ലോകം മുഴുവനുംവേണ്ടി അതിന്റെ സർവശക്തിയെ വിളിച്ചപേക്ഷിക്കുക (…). ഈ മണിക്കൂറിൽ, കേവലം അപേക്ഷിക്കുന്നതിലൂടെ നിനക്കും മറ്റുള്ളവർക്കുംവേണ്ടി എല്ലാം നേടാനാകും; ലോകം മുഴുവനും വേണ്ടിയുള്ള കൃപയുടെ മണിക്കൂറായിരുന്നു അത് – കരുണ നീതിയുടെമേൽ വിജയം നേടി
(…) നിന്റെ കടമകൾ അനുവദിക്കുന്നുവെങ്കിൽ, ഈ മണിക്കൂറിൽ കുരിശിന്റെ വഴിയിലെ സ്ഥലങ്ങളെക്കുറിച്ച് ധ്യാനിക്കാൻ പരമാവധി പരിശ്രമിക്കുക; കുരിശിന്റെ വഴി ചൊല്ലാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ, ഒരു നിമിഷമെങ്കിലും കപ്പേളയിൽ കയറി പരിശുദ്ധ കുർബാനയെ, കരുണ നിറഞ്ഞ എന്റെ ഹൃദയത്തെ, ആരാധിക്കുക; കപ്പേളയിൽ കയറാൻ നിനക്ക് കഴിയുന്നില്ലെങ്കിൽ, നീ എവിടെയായിരുന്നാലും വളരെ ഹ്രസ്വമായ ഒരു നിമിഷത്തേക്കെങ്കിലും പ്രാർഥനയിൽ മുഴുകുക. എല്ലാ സൃഷ്ടികളിൽനിന്നും എന്റെ കരുണയോടുള്ള വണക്കം ഞാൻ ആവശ്യപ്പെടുന്നു” (ഡയറി, 1572).
“കുരിശിൽവച്ച്, എല്ലാ ആത്മാക്കൾക്കുമായി എന്റെ കരുണയുടെ ഉറവ കുന്തത്താൽ വിശാലമായി തുറക്കപ്പെട്ടു – ഞാൻ ആരെയും ഒഴിവാക്കിയിട്ടില്ല!” (ഡയറി, 1182).
എല്ലാ അവകാശങ്ങളും നിക്ഷിപ്തം: © പാഠസമാഹരണം – ഉർസുല ഗ്രെഗോർചിക് ഉപദേശം – സിസ്റ്റർ മരിയ കലിനോവ്സ്ക, കരുണാമയനായ ഈശോയുടെ സന്യാസിനീ സമൂഹം. ഉറവിടത്തിന്റെ പൂർണമായ പേര് രേഖപ്പെടുത്തണമെന്ന വ്യവസ്ഥയിൽ മാത്രമേ ഈ പാഠങ്ങൾ പകർത്താവൂ © പരിഭാഷ: എവ ഓൾഷോവ, ഭാഷാസംശോധനം: മാത്യു വിനാൽ
