മലയാളം

ഈ പുസ്തകത്തിന്റെ ഘടന

എന്റെ ആത്മാവിലെ ദൈവകരുണ: വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാൾസ്കയുടെ ഡയറി ഏവരും ജീവിതത്തിൽ ഒരിക്കലെങ്കിലും വായിക്കണമെന്ന് പ്രോത്സാഹിപ്പിക്കപ്പെടുന്ന, ഒരു ആധ്യാത്മിക ഉത്തമഗ്രന്ഥമായി അധികം വൈകാതെ മാറും. എന്നാൽ, പലർക്കും ഈ ക്ഷണം സ്വീകരിക്കാൻ മടി തോന്നുന്നു. അതിനു കാരണം ആ ഗ്രന്ഥത്തിന്റെ വലുപ്പം മാത്രമല്ല, വിശുദ്ധ ഫൗസ്റ്റീനയുടെ ഓരോ കുറിപ്പിലും ഉൾക്കൊള്ളുന്ന ദൈവകരുണയുടെ സന്ദേശത്തിന്റെ ആഴവും കൂടിയാണ്. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിലൂടെയും ധ്യാനക്കുറിപ്പുകൾ അടങ്ങിയ അവരുടെ ആറ് കുറിപ്പുപുസ്തകങ്ങളിലൂടെയും നിങ്ങളെ നയിക്കുമെന്ന പ്രത്യാശയിലാണ് ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനങ്ങൾ എന്ന ഈ പുസ്തകം എഴുതിയിരിക്കുന്നത്. ഈശോ അവർക്കു നൽകിയ സന്ദേശങ്ങളുടെ സൗന്ദര്യത്തെക്കുറിച്ച് അൽപനേരം ശാന്തമായി ധ്യാനിക്കാൻ ഈ പുസ്തകം തനിയെ ഉപയോഗിക്കാം. അല്ലെങ്കിൽ, വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി വായിക്കുന്നതിനൊപ്പം ഒരു സഹായഗ്രന്ഥമായും ഇതിനെ ഉപയോഗിക്കാം.

ദൈവകരുണയെക്കുറിച്ചുള്ള അനുദിന ധ്യാനങ്ങൾ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയിലെ താളുകളെ ആധാരമാക്കി 365 ദിവസത്തേക്കുള്ള ഉപദേശങ്ങളും ധ്യാനങ്ങളും പ്രാർഥനകളും നൽകുന്നു. ഈ അനുദിന ധ്യാനഗ്രന്ഥം ക്രമമായി ഉപയോഗിക്കാനുള്ള വഴി ഇതുതന്നെയാണ്… ഓരോ ദിവസവും ഓരോ താൾ ധ്യാനിക്കുക. എന്നാൽ, ചിലർക്ക് ക്രമം അല്പം മാറ്റി വായിക്കാനോ, ഒരേസമയം ഏതാനും ധ്യാനങ്ങൾ വായിക്കാനോ, ദൈവം തങ്ങളോടു സംസാരിച്ച ഒരു പ്രത്യേക ധ്യാനത്തിലേക്കു മടങ്ങിവരാനോ പ്രേരണ തോന്നിയേക്കാം. അതിനാൽ, വർഷത്തിലെ ഓരോ ദിവസത്തിനും ഓരോ ധ്യാനം നൽകണമെന്ന ഉദ്ദേശ്യത്തോടെയാണ് ഈ പുസ്തകം എഴുതിയതെങ്കിലും, നിങ്ങൾക്കു ലഭിക്കുന്ന പ്രേരണയനുസരിച്ചും ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തിന് ഏറ്റവും പ്രയോജനപ്പെടുന്ന വിധത്തിലും ഇത് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

ഓരോ ദിവസത്തെയും ആദ്യ ഖണ്ഡിക വിശുദ്ധ ഫൗസ്റ്റീനയുടെ വാക്കുകളെയും ഉപദേശങ്ങളെയും സംബന്ധിച്ച ഈ ഗ്രന്ഥകർത്താവിന്റെ ഉൾക്കാഴ്ചകൾ നൽകുന്നു. അന്നത്തെ ഉപദേശത്തിനായി ഉപയോഗിച്ച അവരുടെ ഡയറിയിലെ ഭാഗം സൂചിപ്പിച്ചിട്ടുണ്ട്. അതുവഴി വായനക്കാരന് അവരുടെ ഡയറി നേരിട്ടു വായിക്കാനും, അന്നത്തെ ധ്യാനത്തിനായി ഈ ഗ്രന്ഥകർത്താവ് പ്രചോദനം നേടിയ മൂലസ്രോതസ്സ് കാണാനും കഴിയും. ഡയറിയിലെ മൂലപാഠം ഒരിക്കലും ഉദ്ധരിക്കുന്നില്ലെങ്കിലും, ഈ പുസ്തകത്തിലെ ധ്യാനങ്ങൾ ഡയറിയുടെ കൃത്യമായ പ്രതിനിധാനങ്ങളല്ലെങ്കിലും, ഓരോ ധ്യാനത്തിലും പങ്കുവയ്ക്കുന്ന ആധ്യാത്മിക സന്ദേശത്തിന്റെ അടിസ്ഥാനമായിരിക്കുന്നത് അവയാണ്.

ഓരോ ദിവസത്തെയും രണ്ടാമത്തെ ഖണ്ഡിക വായനക്കാരനോടുള്ള ഒരു ചോദ്യത്തിന്റെ രൂപത്തിൽ ഒരു ഹ്രസ്വധ്യാനം നൽകുന്നു. അന്നത്തെ സന്ദേശത്തിലേക്ക് കൂടുതൽ ആഴത്തിൽ പ്രവേശിക്കാൻ സഹായിക്കുന്നതിനായി, അതേ ഉൾക്കാഴ്ച മറ്റൊരു രൂപത്തിൽ അവതരിപ്പിക്കുന്നു.

അവസാനമായി, ഓരോ അനുദിന ധ്യാനവും അന്നത്തെ സന്ദേശത്തിലും ധ്യാനത്തിലും കേന്ദ്രീകരിച്ച ഒരു പ്രാർഥനയോടെ സമാപിക്കുന്നു. ഈ പ്രാർഥന പലവട്ടം ചൊല്ലാൻ വായനക്കാരനെ പ്രോത്സാഹിപ്പിക്കുന്നു. രാവിലെ ഉണർന്നയുടനെയും, പകൽ സമയത്ത് വീണ്ടും, അന്നത്തെ സന്ദേശം എത്ര നന്നായി സ്വീകരിച്ചു എന്നു പരിശോധിച്ചുകൊണ്ട് രാത്രിയിൽ ഒരിക്കൽക്കൂടിയും ഈ പ്രാർഥന ചൊല്ലുന്നതാണ് ഉചിതം.

നാം ജീവിക്കുന്ന ഈ ലോകത്തിൽ അതിജീവിക്കാൻ ശ്രമിക്കുമ്പോൾ, ഈ താളുകൾ നിങ്ങൾക്കു ദൈവത്തിൽനിന്നുള്ള കരുണയുടെ ഉറവയായിത്തീരാൻ അനുവദിക്കുക. ദൈവത്തിന്റെ സ്നേഹസമൃദ്ധി അറിയാനും ആ സ്നേഹം മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ കൂടുതൽ സജ്ജരാകാനും കഴിയേണ്ടതിന്, അവിടുത്തെ ദൈവകരുണ നിങ്ങളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങാൻ അനുവദിക്കുക.

കർത്താവേ, അങ്ങയുടെ ദൈവകരുണയിലേക്കുള്ള എന്റെ യാത്ര ആരംഭിക്കുമ്പോൾ, അങ്ങ് നൽകാൻ ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാൻ എന്റെ ഹൃദയം തുറന്നിരിക്കുവാൻ സഹായിക്കണമേ. അങ്ങ് എന്നോടു സംസാരിക്കുന്നതു കേൾക്കാനും, അങ്ങയെ വ്യക്തിപരമായി കണ്ടുമുട്ടാനും, എന്റെ ജീവിതത്തിലേക്ക് പൂർണമായി പ്രവേശിക്കാൻ അങ്ങയെ അനുവദിക്കാനും എന്നെ സഹായിക്കണമേ. അങ്ങയുടെ ദൈവകരുണ അനുഭവിക്കുമ്പോൾ, എല്ലാ കാര്യങ്ങളിലും അങ്ങയിൽ ആശ്രയിക്കാൻ ഞാൻ പഠിക്കട്ടെ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉള്ളടക്കം

ആമുഖം

ഈ പുസ്തകത്തിന്റെ ഘടന

വൈദികർക്കുള്ള ആമുഖം

ധ്യാനചിന്തകൾ: 1-10


ഇ-പുസ്തകം & മൃദുചട്ടയുള്ള അച്ചടിപ്പുസ്തകം എന്നീ രൂപങ്ങളിലും ലഭ്യമാണ്

ദൈവകരുണ

Amazon – Barnes and Noble – Google Play – iTunes