മലയാളം

വൈദികർക്കുള്ള ആമുഖം

ദൈവത്തിന്റെ പുരോഹിതനായ നിങ്ങൾ ദൈവകരുണയുടെ നിരന്തരമായ മൂർത്തരൂപമായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഇത് എങ്ങനെയാണ് സാധ്യമാകുന്നത്? കരുണയെക്കുറിച്ച് പ്രസംഗിക്കുകയും പ്രവൃത്തികളിൽ കരുണയുള്ളവനായിരിക്കാൻ പരിശ്രമിക്കുകയും ചെയ്താൽ മാത്രം മതിയോ? ഇല്ല, ഒരു വൈദികൻ സഭയ്ക്കും ലോകത്തിനും നൽകേണ്ട കരുണ അതിലും എത്രയോ മഹത്തരമാണ്.

ക്രിസ്തുവിന്റെ കുത്തിത്തുറക്കപ്പെട്ടതും മുറിവേറ്റതുമായ ഹൃദയമായിത്തീരാൻ സ്വതന്ത്രമായി തീരുമാനിക്കുക എന്നതാണ് നിങ്ങൾക്ക് ചെയ്യാവുന്ന അടിസ്ഥാനപരമായ കാരുണ്യപ്രവൃത്തി. അവിടുത്തെ ഹൃദയത്തിൽനിന്നു മാത്രമാണ് സഭയുടെ കൂദാശാജീവിതത്തിന്റെ രക്തവും ജലവും ഒഴുകുന്നത്. മുറിവേറ്റ ഈ ഹൃദയമാണ് ദൈവത്തിന്റെ ശുദ്ധീകരണത്തിന്റെയും വിശുദ്ധീകരണത്തിന്റെയും കിരണങ്ങൾ സഭയുടെയും ലോകത്തിന്റെയും മേൽ ചൊരിയുന്നത്.

നിങ്ങൾതന്നെ കുത്തിത്തുറക്കപ്പെടുന്നതിലൂടെ ഈ ഒഴുക്കിന്റെ ഉറവിടമാകാൻ സവിശേഷമായ രീതിയിൽ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നു. തന്റെ ദൈവകരുണയുടെ ഉപകരണമായി നിങ്ങളുടെ പൗരോഹിത്യത്തെ ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് ഇതാ അഞ്ച് നിർദേശങ്ങൾ. ഈ അഞ്ച് പ്രവൃത്തികൾ സഭയുടെയും ലോകത്തിന്റെയും ശുദ്ധീകരണവും വിശുദ്ധീകരണവും സാധ്യമാക്കുന്നു. ക്രിസ്തുവിന്റെ മുറിവേറ്റ ഹൃദയത്തിൽനിന്ന് ഒഴുകുന്ന പൗരോഹിത്യശുശ്രൂഷയിൽ കൂടുതൽ പൂർണമായി പങ്കുചേരാൻ അവ നിങ്ങളെ പ്രാപ്തരാക്കുന്നു.

1. സഹനത്തെ സ്വതന്ത്രമായി ആശ്ലേഷിക്കാൻ തീരുമാനിക്കുക

2. നിങ്ങൾ ആശ്ലേഷിക്കുന്ന സഹനത്തിൽ ആനന്ദിക്കുക

3. യേശുവിനോടു ചേർന്ന് നിങ്ങളുടെ സഹനം പിതാവിന് സമർപ്പിക്കുക

4. നിങ്ങളുടെ സമർപ്പണത്തിലൂടെ ലോകത്തെ ശുദ്ധീകരിക്കുക

5. നിങ്ങളുടെ ശുശ്രൂഷയിലൂടെ സഭയെ വിശുദ്ധീകരിക്കുക

സഹനത്തെ സ്വതന്ത്രമായി ആശ്ലേഷിക്കാൻ തീരുമാനിക്കുക

ക്രിസ്തുവിന്റെ ഹൃദയത്തിലെ സഹനത്തിൽ പങ്കുചേരാൻ സ്വതന്ത്രമായി തീരുമാനിക്കുക. സഹനം ഏറ്റുവാങ്ങാനും തുടർന്ന് അതിനെ ആശ്ലേഷിക്കാനും സ്വയം അനുവദിച്ചുകൊണ്ടാണ് ഒരു വൈദികനെന്ന നിലയിൽ നിങ്ങൾ സവിശേഷമായി ഇതു ചെയ്യുന്നത്. ആദ്യം, നിങ്ങളുടെ ജീവിതത്തിലേക്കു കടന്നുവരുന്ന എല്ലാത്തരം അനീതികളും സ്വതന്ത്രമായി സ്വീകരിക്കാൻ തീരുമാനിക്കുക. ലോകത്തിൽനിന്നും നിങ്ങളുടെ സ്വന്തം ജനങ്ങളിൽനിന്നും വരുന്ന എല്ലാ പരിഹാസങ്ങളും സ്വീകരിക്കുക. മറ്റൊരാൾ നിങ്ങളെ വിമർശിക്കുകയോ കുറ്റം വിധിക്കുകയോ ചെയ്യുമ്പോൾ തിരിച്ചടിക്കുകയോ സ്വയം പ്രതിരോധിക്കുകയോ ചെയ്യരുത്. നിങ്ങളുടെ പ്രവൃത്തികളെ ന്യായീകരിക്കാൻ ശ്രമിക്കുകയോ കോപത്തിനു വഴങ്ങുകയോ ചെയ്യരുത്. അങ്ങനെ ചെയ്യരുത്. പകരം, എല്ലാ അപമാനങ്ങളും സഹനങ്ങളും കർത്താവിൽനിന്നു വരുന്നതായി സ്വീകരിക്കുക; കാരണം, നിങ്ങളുടെ പാപങ്ങളുടെ ഫലമായി അവയെല്ലാം നിങ്ങൾ പൂർണമായും അർഹിക്കുന്നു. ഇതാണ് ആദ്യപടി.

രണ്ടാമതായി, വെറും വിമർശനമോ പീഡനമോ ഉണ്ടാക്കുന്നതിനെക്കാൾ ഏറെ ആഴമുള്ള വേദന അനുഭവിക്കാൻ സ്വയം അനുവദിക്കുക. ക്രിസ്തുവിന്റെ സഹനത്തിൽ കൂടുതൽ പൂർണമായി പങ്കുചേരുന്ന സവിശേഷമായ പൗരോഹിത്യവേദന എന്നത് സുവിശേഷം നിരസിക്കപ്പെടുന്നതുമൂലം ക്രിസ്തുവിന്റെ ഹൃദയത്തിലുണ്ടാകുന്ന വേദന അനുഭവിക്കുക എന്നതാണ്. യേശു അനുഭവിച്ചത് നിങ്ങളും അനുഭവിക്കത്തക്കവിധം ദൈവജനത്തോടുള്ള നിങ്ങളുടെ സ്നേഹം അത്രമേൽ ശക്തവും നിങ്ങളെ മുഴുവനായി ആഗിരണം ചെയ്യുന്നതുമായിരിക്കട്ടെ. സുവിശേഷത്തിന്റെ നിരസനം അനുഭവിക്കാൻ സ്വയം അനുവദിക്കുക. തീർച്ചയായും, നിങ്ങളുടെ അടുത്തേക്ക് ഓടിവരുകയും നിങ്ങളുടെ ഹൃദയത്തിലെ സ്നേഹത്തിനു നേരെ മനസ്സു തുറക്കുകയും സന്തോഷത്തോടെ സുവിശേഷം സ്വീകരിക്കുകയും ചെയ്യുന്ന അനേകരുണ്ട്. ഇത് നിങ്ങൾക്ക് വലിയ ആശ്വാസമായിരിക്കും. എന്നാൽ അങ്ങനെ ചെയ്യാത്ത അനേകരുമുണ്ട്. നിങ്ങളുടെ സ്വന്തം ഹൃദയത്തിൽനിന്നും പൗരോഹിത്യശുശ്രൂഷയിൽനിന്നും പ്രകാശിക്കുന്ന ദൈവകരുണയ്ക്കായി തങ്ങളെത്തന്നെ തുറന്നുകൊടുക്കാത്ത അനേകരുണ്ട്. ക്രിസ്തുവിന്റെ ഹൃദയത്തിലെ സ്നേഹത്തിൽ പങ്കുചേരുന്നെങ്കിൽ, ഈ ആത്മാക്കൾക്കായി അത്രമേൽ വിശുദ്ധമായ ഒരു അഭിവാഞ്ഛയോടെ നിങ്ങൾ കൊതിക്കുന്നതായി നിങ്ങൾ കണ്ടെത്തും. ഈ അഭിവാഞ്ഛ അതിമധുരവും അത്യഗാധവുമായ വേദന ഉളവാക്കും. സവിശേഷമായ ആ പൗരോഹിത്യസഹനം തിരഞ്ഞെടുക്കുകയും പൂർണഹൃദയത്തോടെ അതിനെ ആശ്ലേഷിക്കുകയും ചെയ്യുക.

 

നിങ്ങൾ ആശ്ലേഷിക്കുന്ന സഹനത്തിൽ ആനന്ദിക്കുക

നിങ്ങളുടെ പൗരോഹിത്യശുശ്രൂഷയിൽ അനുഭവപ്പെടുന്ന ക്രിസ്തുവിന്റെ ഹൃദയത്തിലെ സഹനങ്ങളെ സ്വതന്ത്രമായി ആശ്ലേഷിക്കാൻ തീരുമാനിച്ചുകഴിഞ്ഞാൽ, നിങ്ങൾ ഒരു പടികൂടി മുന്നോട്ടു പോകണം. ഈ സ്വതന്ത്രമായ ആശ്ലേഷണം വലിയ ആനന്ദത്തോടെയും കൂടിയാണെന്ന് ഉറപ്പുവരുത്തുക. ഈ സഹനങ്ങളെ സ്വീകരിക്കുക മാത്രമല്ല, അവയിൽ ആനന്ദിക്കുകയും ചെയ്യുക. നിങ്ങളുടെ പൗരോഹിത്യശുശ്രൂഷയിൽ ക്രിസ്തുവിന്റെ ഹൃദയത്തിലേൽക്കുന്ന ഓരോ കുത്തിലും, അത് വലുതായാലും ചെറുതായാലും, ആനന്ദിക്കുക. അവിടുത്തെ ഹൃദയം അനുഭവിച്ച വേദന നിങ്ങൾക്കും അനുഭവപ്പെടുന്നതിൽ ആനന്ദിക്കുകയും നമ്മുടെ കർത്താവിനോടു നന്ദിയുള്ളവരായിരിക്കുകയും ചെയ്യുക. ഈ സഹനങ്ങളെ ആനന്ദത്തോടെ ആശ്ലേഷിക്കുന്നത് ശക്തമായ ഒരു സാക്ഷ്യമായിരിക്കും; ഒരു വൈദികനെന്ന നിലയിൽ നിങ്ങളുടെ ജീവിതത്തിന്റെ ബലിയുമായി മുന്നോട്ടു പോകാൻ നിങ്ങൾക്കു വ്യക്തിപരമായ കരുത്തും അതു പകരും.

 

യേശുവിനോടു ചേർന്ന് നിങ്ങളുടെ സഹനം പിതാവിന് സമർപ്പിക്കുക

ക്രിസ്തുവിന്റെ ഹൃദയത്തിലെ സഹനങ്ങളെ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നതും ആ സഹനങ്ങളിൽ ആനന്ദിക്കുന്നതും മാത്രം പോരാ. സ്വതന്ത്രമായി തിരഞ്ഞെടുത്ത ഈ ബലി കുരിശിലെ ക്രിസ്തുവിന്റെ ബലിയോടു ചേർത്ത് പിതാവിന് സമർപ്പിക്കുകയാണ് അടുത്ത പടി. തന്റെ സഹനങ്ങൾ പിതാവിനു സമർപ്പിക്കുമ്പോഴാണ് യേശു ഏറ്റവും പൂർണമായി പുരോഹിതനായിരിക്കുന്നത്. താൻ അനുഭവിച്ച അപമാനങ്ങളും തന്റെ സ്നേഹം നിരസിക്കപ്പെട്ടതുമൂലമുണ്ടായ സഹനങ്ങളും സമർപ്പിക്കുന്നതാണ് പരിപൂർണ പുരോഹിതനെന്ന നിലയിൽ തന്റെ ദൗത്യം പൂർത്തിയാക്കാൻ അവിടുത്തെ പ്രാപ്തനാക്കുന്നത്. ആ സമർപ്പണത്തിൽ അവിടുത്തോടു ചേരുക, പ്രത്യേകിച്ച് നിങ്ങൾ വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ. ബോധപൂർവം ഈ സമർപ്പണം നിരന്തരം നടത്തുക; അപ്പോൾ തികച്ചും പുതിയൊരു തലത്തിൽ നിങ്ങളുടെ പൗരോഹിത്യം ജീവിക്കുന്നതായി നിങ്ങൾ കണ്ടെത്തും.

 

നിങ്ങളുടെ സമർപ്പണത്തിലൂടെ ലോകത്തെ ശുദ്ധീകരിക്കുക

സഭയ്ക്കും ലോകത്തിനും നമ്മുടെ സ്വന്തം ആത്മാവിനും ശുദ്ധീകരണം അത്യന്താപേക്ഷിതമാണ്. ശുദ്ധീകരണം വിശുദ്ധീകരണത്തിലേക്കു നയിക്കുന്നു; നിങ്ങളുടെ സ്വതന്ത്രവും, ആനന്ദപൂർണവുമായ, പൗരോഹിത്യസമർപ്പണം ശുദ്ധീകരണം സാധ്യമാക്കും. ഈ ത്രിവിധ പ്രവൃത്തിയിലൂടെ നിങ്ങൾ വിശുദ്ധീകരിക്കപ്പെടും, സഭ വിശുദ്ധീകരിക്കപ്പെടും, ലോകം അതിനാവശ്യമായ ശുദ്ധീകരണം സ്വീകരിക്കാൻ ക്ഷണിക്കപ്പെടും.

ദൈവത്തിന്റെ പുരോഹിതാ, ലോകത്തിന്റെ ശുദ്ധീകരണത്തിലും വിശുദ്ധീകരണത്തിലും അങ്ങു വഹിക്കുന്ന പങ്കിനെ കുറച്ചുകാണരുത്. ദൈവകരുണയുടെ ഉപകരണമായിരിക്കുക എന്ന ഈ ദൗത്യം, പ്രസംഗിക്കാനും കൂദാശകൾ പരികർമ്മം ചെയ്യാനുമുള്ള വരദാനത്തിൽ ഒതുങ്ങുന്നതല്ല; ലോകത്തിന്റെ രക്ഷയ്ക്കായി സ്വന്തം ജീവിതം സമർപ്പിച്ചുകൊണ്ട്, ക്രിസ്തുവിനോടൊപ്പം അങ്ങും ബലിയായി തീരണം. നമ്മുടെ കർത്താവിന്റെ മുറിവേറ്റ ഹൃദയത്തിൽനിന്നു പ്രകാശിക്കുന്ന ദൈവകരുണയുടെ ഒഴുക്ക് തുടർന്നുകൊണ്ടിരിക്കാനുള്ള മാർഗമായി, ബലിയർപ്പണപരമായ ഈ ദൗത്യത്തെ ആശ്ലേഷിക്കുക.

 

അങ്ങയുടെ ശുശ്രൂഷയിലൂടെ സഭയെ വിശുദ്ധീകരിക്കുക

അൾത്താരയിൽ സന്നിഹിതമാക്കപ്പെടുന്ന ക്രിസ്തുവിന്റെ ബലിയോടു ചേർന്ന്, എല്ലാ സഹനങ്ങളെയും ദിവസവും ആശ്ലേഷിക്കുകയും, അവയിൽ ആനന്ദിക്കുകയും, അവയെ പിതാവിന് സമർപ്പിക്കുകയും ചെയ്യുന്ന ശീലം വളർത്തിക്കഴിഞ്ഞാൽ, അങ്ങയുടെ ശുശ്രൂഷയുടെ മറ്റെല്ലാ വശങ്ങളിലൂടെയും ദൈവജനത്തെ വിശുദ്ധീകരിക്കാൻ അങ്ങു പരിശ്രമിക്കണം. അങ്ങയുടെ ശുശ്രൂഷ ശക്തിയുള്ളതും നമ്മുടെ ലോകത്തിന് അത്യന്തം ആവശ്യമായതുമാണ്. നമ്മുടെ കർത്താവിനെ കണ്ടെത്താൻ അസംഖ്യം ആത്മാക്കൾ അങ്ങയിലേക്കു നോക്കുന്നു. അങ്ങയുടെ ശുശ്രൂഷയിൽ അലംഭാവം കാണിക്കരുത്. എല്ലാ കാര്യങ്ങളിലും തീക്ഷ്ണതയും നിഷ്ഠയുമുള്ളവനായിരിക്കുക. ദിവസവും പ്രാർഥിക്കുക; അങ്ങയുടെ പൗരോഹിത്യത്തിലൂടെ സന്നിഹിതമാക്കപ്പെടുന്ന ക്രിസ്തുവിന്റെ ശുശ്രൂഷയെ നയിക്കാൻ അങ്ങയുടെ പ്രാർഥനയുടെ ഫലത്തെ അനുവദിക്കുക. ദൈവജനത്തെ പഠിപ്പിക്കുകയും വിശുദ്ധീകരിക്കുകയും ഇടയനായി നയിക്കുകയും ചെയ്യുക; ഈ വിശേഷഭാഗ്യത്തിൽ മടുത്തുപോകരുത്. കർത്താവാണ് അങ്ങയെ തിരഞ്ഞെടുത്തത്; സങ്കൽപ്പിക്കാൻപോലും കഴിയാത്ത വിധങ്ങളിൽ അങ്ങയെ ഉപയോഗിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു.

ക്രിസ്തുവിന്റെ ഹൃദയത്തിലെ ദൈവകരുണയിൽ കൂടുതൽ പൂർണമായി പങ്കുചേരുന്നതിനായി ചൊല്ലാൻ അങ്ങയെ ക്ഷണിക്കുന്ന ഒരു പൗരോഹിത്യ പ്രാർഥനയാണ് താഴെ കൊടുത്തിരിക്കുന്നത്:

 

കഷ്ടതകളും പീഡനങ്ങളും സഹിക്കുന്ന പ്രിയ കർത്താവേ, എനിക്കു നൽകപ്പെടുന്ന സഹനത്തെ നിരസിക്കാൻ എന്റെ ജഡം നിരന്തരം പ്രലോഭിപ്പിക്കപ്പെടുന്നു. പ്രിയ കർത്താവേ, ഈ വേദനയിൽനിന്ന് ഓടിയകലുന്നതിനുപകരം, അതിനെ സ്വതന്ത്രമായി തിരഞ്ഞെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. “ആരും എന്റെ ജീവൻ എന്നിൽനിന്ന് എടുക്കുന്നില്ല; ഞാൻ അതു സ്വതന്ത്രമായി സമർപ്പിക്കുന്നു” എന്ന് അങ്ങുതന്നെ പറഞ്ഞുവല്ലോ. കർത്താവേ, അങ്ങയെ അനുകരിച്ചുകൊണ്ട്, എനിക്കു നൽകപ്പെടുന്ന ഓരോ വേദനയും ഓരോ സഹനവും ഈ ദിവസം ഞാൻ തിരഞ്ഞെടുക്കുന്നു. എന്റെ ഹൃദയത്തെ വീണ്ടും വീണ്ടും തുളയ്ക്കുന്ന ഈ വാളുകൾ എന്റെമേൽ അടിച്ചേൽപ്പിക്കപ്പെടുന്നവയായിരിക്കരുതെന്ന് ഞാൻ നിശ്ചയിക്കുന്നു. പകരം, ആ കുന്തത്തിനും അതു എന്റെ ഹൃദയത്തിലേക്കു കുത്തിയിറക്കുന്ന പടയാളിക്കും വേണ്ടി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഇതുമൂലം ഉണ്ടാകുന്ന വേദനയ്ക്കായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. തുടർച്ചയായ ഈ കുത്തുകൾ, പ്രത്യേകിച്ച് അങ്ങയുടെ സുവിശേഷം നിരസിക്കപ്പെടുന്നതുമൂലം ഉണ്ടാകുന്നവ, ഏറ്റുവാങ്ങാനുള്ള ബഹുമതിക്കും വിശേഷഭാഗ്യത്തിനുമായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. കർത്താവേ, ഞാൻ അവയെ സ്വീകരിക്കുക മാത്രമല്ല, അവയെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു; അവയെ ഞാൻ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നു.

കരുണയുടെ പ്രിയ കർത്താവേ, ഞാൻ അനുഭവിക്കുന്നതും ഇപ്പോൾ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നതുമായ വേദന ആനന്ദം ഉളവാക്കണം. അതിനാൽ കർത്താവേ, ഈ സഹനത്തിൽ ആനന്ദിക്കാനും ഞാൻ തിരഞ്ഞെടുക്കുന്നു. കുന്തത്തിന്റെ ഓരോ കുത്തിലും ഞാൻ ആനന്ദിക്കുന്നു. മൂർച്ചയേറിയതും തുളച്ചുകയറുന്നതുമായ ഓരോ വേദനയിലും ഞാൻ ആനന്ദിക്കുന്നു. പ്രിയ കർത്താവേ, ഇത്തരമൊരു വേദന അനുഭവിക്കാനുള്ള ബഹുമതിക്ക് ഞാൻ അങ്ങയോട് എന്നേക്കും നന്ദിയുള്ളവനാണ്. അങ്ങയുടെ അപമാനത്തിലും സഹനത്തിലും പങ്കുചേരാൻ എന്നെ അനുവദിക്കുന്നതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. പരിഹസിക്കപ്പെടാനും നിന്ദിക്കപ്പെടാനും അവഹേളിക്കപ്പെടാനും മറ്റുള്ളവരുടെ ചിരിക്കു പാത്രമാകാനും എനിക്കു കഴിയുന്നതിനായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. പ്രിയ കർത്താവേ, അതിലും ആഴമായ തലത്തിൽ, അങ്ങയുടെ ജനത്തോടുള്ള ജ്വലിക്കുന്ന സ്നേഹത്തിന്റെ ഫലമായി അങ്ങ് അനുഭവിച്ച സഹനത്തിൽ പങ്കുചേരാൻ എനിക്കു കഴിയുന്നതിനും ഞാൻ അങ്ങേക്കു നന്ദി പറയുന്നു. വെറും അപമാനത്തെക്കാൾ എത്രയോ വലുതാണ് ഈ വേദന. അങ്ങയുടെ ജനത്തെ സ്നേഹിക്കുകയും, എന്നാൽ അവർ അങ്ങയുടെ കരുണ നിരസിക്കുന്നതിനാൽ ഒരു പുരോഹിതനെന്ന നിലയിൽ അവരെ വിശുദ്ധീകരിക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നതിൽനിന്നുള്ള വേദനയാണ് എല്ലാ വേദനകളിലും ഏറ്റവും ആഴമേറിയത്. കർത്താവേ, അങ്ങയുടെ ജനത്തോടുള്ള എന്റെ സ്നേഹം നിമിത്തം ഈ നിരസനം എന്നെ ഇത്ര ആഴത്തിൽ വേദനിപ്പിക്കുന്നതിന് അങ്ങേക്കു നന്ദി.

ഞങ്ങളുടെ മഹാപുരോഹിതനായ പ്രിയ കർത്താവേ, അങ്ങാണ് പുരോഹിതൻ; അങ്ങാണ് ബലിയും. പുരോഹിതനെന്ന നിലയിൽ അങ്ങയുടെ ശാരീരികജീവൻ അങ്ങ് ബലിയായി അർപ്പിക്കുന്നു; എന്നാൽ അതിലും വലിയ ഒന്നു കൂടി അങ്ങ് അർപ്പിക്കുന്നു. അങ്ങയുടെ ആന്തരിക സഹനങ്ങളും അഭിലാഷങ്ങളും എല്ലാം അങ്ങ് ബലിയായി അർപ്പിക്കുന്നു. കർത്താവേ, അങ്ങയോടൊപ്പം ഈ പൗരോഹിത്യബലി ഞാൻ അങ്ങയുടെ പിതാവിന് അർപ്പിക്കുന്നു. കുരിശിലെ അങ്ങയുടെ സ്വന്തം ബലിയർപ്പണത്തോടു ചേർത്ത് ഞാൻ അതു സമർപ്പിക്കുന്നു. അങ്ങ് ഈ വേദന അനുഭവിച്ചു; അങ്ങയുടെ സ്നേഹത്തിന്റെ ഫലമെന്ന നിലയിൽ അതിൽ ആനന്ദിച്ചു; തുടർന്ന് അതു പിതാവിന് സമർപ്പിച്ചു. അങ്ങയോടൊപ്പം ഈ പൗരോഹിത്യ സമർപ്പണം നടത്താൻ എനിക്കു കഴിയുമാറാകട്ടെ.

വിശുദ്ധിയുടെ പ്രിയ കർത്താവേ, അങ്ങയുടെ സഭയുടെ ശുദ്ധീകരണവും വിശുദ്ധീകരണവുമാണ് അങ്ങയുടെ ബലിയുടെ ഫലം. ആദ്യം ശുദ്ധീകരണം, പിന്നെ വിശുദ്ധീകരണം. ശുദ്ധീകരണമെന്ന ഫലത്തിനായാണ് ഞാൻ ഏറ്റവുമധികം പ്രാർഥിക്കുന്നത്. എന്റെ പൗരോഹിത്യബലിയുടെ സമർപ്പണത്തിലൂടെ അങ്ങയുടെ സഭയെയും ലോകം മുഴുവനെയും ശുദ്ധീകരിക്കണമേ. ആദ്യം എന്റെ സ്വന്തം ദയനീയമായ ആത്മാവിനെ ശുദ്ധീകരിക്കണമേ. എന്നാൽ അവിടെനിന്ന്, അങ്ങയുടെ മുറിവേറ്റ ഹൃദയത്തിൽനിന്ന് ഒഴുകുന്ന അങ്ങയുടെ കരുണയുടെ കിരണങ്ങൾ ലോകത്തെ സ്പർശിച്ചു വിശുദ്ധീകരിക്കാനായി ചൊരിയണമേ എന്ന് ഞാൻ അങ്ങയോടു യാചിക്കുന്നു. രക്തവും വെള്ളവും യഥാർഥത്തിൽ കുതിച്ചൊഴുകാൻ അങ്ങയുടെ ഹൃദയത്തിലെ മുറിവ് വിശാലമായി തുറക്കപ്പെടട്ടെ. പ്രിയ കർത്താവേ, എന്റെ ഹൃദയം അങ്ങയുടെ മുറിവേറ്റ ഹൃദയത്തിന്റെ നിരന്തരമായ അവതാരമായിരിക്കട്ടെ. തുളയ്ക്കപ്പെടുകയും സമർപ്പിക്കപ്പെടുകയും ചെയ്ത എന്റെ ഹൃദയം, നമ്മുടെ ഈ കാലഘട്ടത്തിൽ സഭയ്ക്കും ലോകത്തിനും കരുണയുടെ ഉറവയായി മാറട്ടെ. കുതിച്ചൊഴുകേണ്ട രക്തത്തിന്റെയും വെള്ളത്തിന്റെയും ഈ പുതിയ ഉറവയിലൂടെ പുരോഹിതരെയും മെത്രാന്മാരെയും അൽമായരെയും മുഴുവൻ ലൗകികലോകത്തെയും ശുദ്ധീകരിക്കണമേ. പ്രിയ കർത്താവേ, ഈ ലോകത്തിൽ അങ്ങയുടെ ദൈവകരുണയുടെ ഉപകരണമായിരിക്കാനുള്ള ബഹുമതിക്കും വിശേഷഭാഗ്യത്തിനുമായി ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉള്ളടക്കം

അധ്യായം ഒന്ന് – ആമുഖ വിചിന്തനങ്ങൾ


ഇ-പുസ്തകം & മൃദുചട്ടയുള്ള അച്ചടിപ്പുസ്തകം എന്നീ രൂപങ്ങളിലും ലഭ്യമാണ്

ദൈവകരുണ

Amazon – Barnes and Noble – Google Play – iTunes