ദൈവമേ, അങ്ങയുടെ കരുണയ്ക്ക് അതിരുകളില്ല; അങ്ങയുടെ നന്മയുടെ നിധി അനന്തമാണ്…” (“ദൈവമേ, ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു” എന്ന സ്തുതിഗീതത്തിനു ശേഷമുള്ള പ്രാർഥന)
“മനുഷ്യനെ നീതീകരിക്കാനും, ദൈവം ആദിമുതൽ മനുഷ്യനിലും മനുഷ്യനിലൂടെ ലോകത്തിലും ആഗ്രഹിച്ച രക്ഷാകരമായ ക്രമത്തിന്റെ അർഥത്തിൽ നീതി പുനഃസ്ഥാപിക്കാനും കഴിവുള്ള കരുണയുടെ ഈ വെളിപ്പെടുത്തലും പ്രാവർത്തികമാക്കലും പെസഹാരഹസ്യത്തിൽ അതിന്റെ പാരമ്യത്തിലെത്തുന്നു” (ചാക്രികലേഖനം കരുണയിൽ സമ്പന്നൻ, n. 7).
“അതിനാൽ, ദീർഘവീക്ഷണമുള്ള അജപാലനസംവേദനത്തോടെയും ക്രൈസ്തവവിശ്വാസത്തിന്റെ ഈ പ്രമാണങ്ങളും പ്രബോധനങ്ങളും വിശ്വാസികളുടെ ആത്മാക്കളിൽ ആഴത്തിൽ പതിപ്പിക്കുക എന്ന ലക്ഷ്യത്തോടെയും, കരുണയുടെ പിതാവിനെക്കുറിച്ചുള്ള ധ്യാനത്താൽ പ്രചോദിതനായ പരമാചാര്യൻ ജോൺ പോൾ രണ്ടാമൻ, ഈ കൃപാദാനങ്ങളെ പ്രത്യേക ഭക്തിയോടെ അനുസ്മരിക്കുന്നതിനായി ഉയിർപ്പുകാലത്തിലെ രണ്ടാം ഞായറാഴ്ച സമർപ്പിക്കണമെന്ന് ആഗ്രഹിക്കുകയും ഈ ഞായറാഴ്ചയ്ക്ക് “ദൈവകരുണയുടെ ഞായർ” എന്ന പേര് നൽകുകയും ചെയ്തു (ദൈവാരാധനയ്ക്കും കൂദാശകളുടെ അച്ചടക്കത്തിനുമായുള്ള തിരുസംഘം, കൽപ്പന കരുണാമയനും ദയാലുവും, 5 മേയ് 2000).
പൂർണ്ണ ദണ്ഡവിമോചനം
I. എല്ലാ പൂർണ്ണ ദണ്ഡവിമോചനങ്ങൾക്കുമുള്ള സാധാരണ വ്യവസ്ഥകൾ:
- കൂദാശാപരമായ കുമ്പസാരം [മുമ്പ് പുറപ്പെടുവിച്ച ചട്ടങ്ങൾ അനുസരിച്ച്, ഏകദേശം 20 ദിവസങ്ങൾക്കു മുമ്പോ ശേഷമോ ഉള്ള കാലയളവിൽ]
- വിശുദ്ധ കുർബാന സ്വീകരണം [മുമ്പ് പുറപ്പെടുവിച്ച ചട്ടങ്ങൾ അനുസരിച്ച്, കഴിയുന്നതും അന്നുതന്നെയോ അതിനു മുമ്പോ ശേഷമോ ഉള്ള ദിവസങ്ങളിലോ]
- പരമാചാര്യന്റെ നിയോഗങ്ങൾക്കുവേണ്ടിയുള്ള പ്രാർഥന [പ്രത്യേക പ്രാർഥനകളൊന്നും നിർദേശിച്ചിട്ടില്ല]
II. ഈ ദണ്ഡവിമോചനത്തിനുള്ള പ്രത്യേക വ്യവസ്ഥകൾ
ദൈവകരുണയുടെ ഞായറാഴ്ച
- ഏതെങ്കിലും ദേവാലയത്തിലോ കപ്പേളയിലോ, ലഘുപാപത്തോടുപോലുമുള്ള എല്ലാ ആസക്തികളിൽനിന്നും പൂർണ്ണമായി അകന്ന മനോഭാവത്തോടെ, ദൈവകരുണയെ ആദരിക്കുന്നതിനായി നടത്തുന്ന പ്രാർഥനകളിലും ഭക്താനുഷ്ഠാനങ്ങളിലും പങ്കെടുക്കുക
- അല്ലെങ്കിൽ, ആരാധനയ്ക്കായി എഴുന്നള്ളിച്ചുവച്ചിരിക്കുന്നതോ സക്രാരിയിൽ സൂക്ഷിച്ചിരിക്കുന്നതോ ആയ പരിശുദ്ധ കുർബാനയുടെ സാന്നിധ്യത്തിൽ, സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർഥനയും വിശ്വാസപ്രമാണവും ചൊല്ലുകയും കരുണാമയനായ കർത്താവീശോയെ അഭിസംബോധന ചെയ്യുന്ന ഒരു ഭക്തിപൂർവമായ പ്രാർഥനകൂടി ചേർക്കുകയും ചെയ്യുക (ഉദാ. കരുണാമയനായ ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു!”)
ഭാഗിക ദണ്ഡവിമോചനം
കുറഞ്ഞപക്ഷം പശ്ചാത്താപമുള്ള ഹൃദയത്തോടെയെങ്കിലും, നിയമാനുസൃതമായി അംഗീകരിക്കപ്പെട്ട ഒരു സുകൃതജപം കരുണാമയനായ കർത്താവീശോയ്ക്ക് അർപ്പിക്കുന്ന വിശ്വാസികൾക്ക് ഭാഗിക ദണ്ഡവിമോചനം അനുവദിക്കപ്പെടുന്നു. [ഉദാ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു. എന്റെ ഈശോയേ, കരുണയായിരിക്കണമേ. അല്ലെങ്കിൽ അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും സുകൃതജപം]
ദേവാലയത്തിൽ പോകാൻ കഴിയാത്തവരോ ഗുരുതരമായ രോഗാവസ്ഥയിലുള്ളവരോ
പൂർണ്ണ ദണ്ഡവിമോചനത്തിനുള്ള വ്യവസ്ഥകൾ:
- എല്ലാ പാപങ്ങളെയും പൂർണ്ണമായി വെറുത്തുപേക്ഷിക്കുക,
- കുമ്പസാരം, വിശുദ്ധ കുർബാന സ്വീകരണം, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങൾക്കുവേണ്ടിയുള്ള പ്രാർഥന എന്നീ മൂന്നു സാധാരണ വ്യവസ്ഥകളും കഴിയുന്നത്ര വേഗം നിറവേറ്റാനുള്ള നിയോഗം ഉണ്ടായിരിക്കുക
- നമ്മുടെ കരുണാമയനായ കർത്താവീശോയുടെ ഭക്തിനിർഭരമായ ഒരു തിരുസ്വരൂപത്തിനു മുമ്പിൽ സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർഥനയും വിശ്വാസപ്രമാണവും ചൊല്ലുക
- കരുണാമയനായ കർത്താവീശോയോട് ഭക്തിപൂർവമായ ഒരു സുകൃതജപം ചൊല്ലുക (ഉദാ. കരുണാമയനായ ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു).
ഇതുപോലും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ:
- സാധാരണ രീതിയിൽ ദണ്ഡവിമോചനം നേടുന്നതിനായി നിർദേശിക്കപ്പെട്ട അനുഷ്ഠാനം നിർവഹിക്കുന്നവരോട് ആത്മീയമായ നിയോഗത്തോടെ ഐക്യപ്പെടുകയും
- പൂർണ്ണ ദണ്ഡവിമോചനം നേടുന്നതിനായി നിർദേശിക്കപ്പെട്ട മൂന്നു വ്യവസ്ഥകളും കഴിയുന്നത്ര വേഗം നിറവേറ്റുമെന്ന ദൃഢനിശ്ചയത്തോടെ, കരുണാമയനായ കർത്താവിന് ഒരു പ്രാർഥനയും തങ്ങളുടെ രോഗത്തിന്റെ വേദനകളും ജീവിതത്തിലെ ബുദ്ധിമുട്ടുകളും സമർപ്പിക്കുകയും ചെയ്യുക.
വൈദികരുടെ കടമ
അജപാലനശുശ്രൂഷ നിർവഹിക്കുന്ന വൈദികർ, പ്രത്യേകിച്ച് ഇടവകവികാരിമാർ, ചെയ്യേണ്ടത്
- സഭയുടെ രക്ഷാകരമായ ഈ ക്രമീകരണത്തെക്കുറിച്ച് [പൂർണ്ണ ദണ്ഡവിമോചനത്തെക്കുറിച്ച്] ഏറ്റവും അനുയോജ്യമായ രീതിയിൽ വിശ്വാസികളെ അറിയിക്കുക.
- അവരുടെ കുമ്പസാരം കേൾക്കാൻ സത്വരമായും ഉദാരമായും സന്നദ്ധരാകുക [ഇത് ദൈവകരുണയുടെ ഞായറാഴ്ചതന്നെ ആയിരിക്കണമെന്നില്ല; കാരണം, അത് ദണ്ഡവിമോചനത്തിനുള്ള ഒരു വ്യവസ്ഥയല്ല]
ദൈവകരുണയുടെ ഞായറാഴ്ച, വിശുദ്ധ കുർബാനയോ സായാഹ്നപ്രാർഥനയോ അർപ്പിച്ചതിനുശേഷം, അല്ലെങ്കിൽ ദൈവകരുണയെ ആദരിക്കുന്ന ഭക്താനുഷ്ഠാനങ്ങളുടെ സമയത്ത്,
- പ്രാർഥനകൾ ചൊല്ലുന്നതിന് നേതൃത്വം നൽകുക
- തങ്ങളുടെ ജനത്തിന് പ്രബോധനം നൽകുമ്പോൾ, കഴിയുന്നത്ര ഇടയ്ക്കിടെ സ്നേഹത്തിന്റെയോ കരുണയുടെയോ പ്രവൃത്തികൾ ചെയ്യാൻ വിശ്വാസികളെ സൗമ്യമായി പ്രോത്സാഹിപ്പിക്കുക
