മലയാളം

ധ്യാനം 160: കുമ്പസാരത്തിലെ കരുണ

കുമ്പസാരം — ചിത്രം: എദ്വാർ ബ്രാൻഡൺ

വീഡിയോ

കുമ്പസാരിക്കുമ്പോൾ ലഭിക്കുന്ന വലിയ ആനന്ദം നിങ്ങൾ കണ്ടെത്തിയിട്ടുണ്ടോ?  ചിലർ കുമ്പസാരം എന്ന കൂദാശയെ വലിയ ആനന്ദം നൽകുന്ന ഒന്നായി കാണുന്നില്ല.  പകരം, വേദനാജനകവും അപമാനകരവുമായ ഒരു അനുഭവമായാണ് അവർ അതിനെ കാണുന്നത്.  എന്നാൽ പാപത്തിൽനിന്ന് മോചിതരാകാൻ സഹായിക്കുന്നതിന്, സത്യസന്ധമായ ഒരു കുമ്പസാരത്തിലൂടെ ഉണ്ടാകുന്ന അപമാനബോധം ഒരുപക്ഷേ ചിലർക്ക് ആവശ്യമായിരിക്കാം.  ദൈവത്തിന്റെ സമൃദ്ധമായ കരുണ ആത്മാർഥമായി അന്വേഷിക്കുന്ന മറ്റുള്ളവരാകട്ടെ, കുമ്പസാരം തങ്ങളുടെ ആത്മാവിൽ ഉളവാക്കുന്ന മഹത്വപൂർണ്ണമായ ഫലം കാണുന്നതിനാൽ കുമ്പസാരിക്കാൻ പോകുന്നതിൽ വലിയ ആനന്ദം കണ്ടെത്തും.  കുമ്പസാരത്തെ സ്നേഹിക്കാൻ പരിശ്രമിക്കുക.  ഈ വിശുദ്ധമായ ശുദ്ധീകരണത്തിന്റെ അത്ഭുതകരമായ ഫലങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ, കുമ്പസാരം നിങ്ങൾ ആകാംക്ഷയോടെ ആഗ്രഹിക്കുന്ന ഒന്നായിത്തീരാൻ പ്രാർഥിക്കുക (കാണുക ഡയറി #817).

നിങ്ങൾ അവസാനമായി കുമ്പസാരിച്ചത് എപ്പോഴാണ്?  കുറച്ചുകാലമായെങ്കിൽ ഈ ധ്യാനം നിങ്ങൾക്കുള്ളതാണ്.  മഹത്വപൂർണ്ണമായ ഈ കൂദാശയിൽ കർത്താവ് നിറച്ചിരിക്കുന്ന കരുണ സ്വീകരിക്കാൻ അവിടുന്ന് നിങ്ങളെ വിളിക്കുന്നു.  കുമ്പസാരിച്ച് പാപമോചനം സ്വീകരിക്കുമ്പോൾ നിങ്ങൾ ഈശോയെ തന്നെയാണ് കണ്ടുമുട്ടുന്നത്.  പുരോഹിതനിൽ മറഞ്ഞിരിക്കുന്ന ഈശോ തന്നെയാണ് നിങ്ങൾക്കു പാപമോചനം നൽകി നിങ്ങളുടെ ആത്മാവിനെ ശുദ്ധീകരിക്കുന്നത്.  നിങ്ങൾ ഇത് വിശ്വസിക്കുന്നുണ്ടോ?  നിങ്ങളുടെ ആത്മാവിന് ഈ കൃപ ലഭിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?  കുമ്പസാരത്തിൽനിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് എന്താണെന്ന് ചിന്തിക്കുക.  അത് അസൗകര്യമോ, തിരക്കേറിയ ജീവിതക്രമമോ, ഭയമോ, ഏതെങ്കിലും ഒരു പുരോഹിതനോടുള്ള അവിശ്വാസമോ ആയിരിക്കാം.  ഈ കൂദാശയിൽനിന്ന് നിങ്ങളെ അകറ്റിനിർത്തുന്നത് എന്തുതന്നെയായാലും, അത് നീക്കിക്കളയാൻ കർത്താവിനെ അനുവദിക്കുക.  കർത്താവ് നിങ്ങളെ സ്നേഹിക്കുകയും തന്റെ കരുണാമയമായ ഹൃദയത്തിലേക്ക് നിങ്ങളെ വിളിക്കുകയും ചെയ്യുന്നു.  ആ സത്യത്തിൽ ആനന്ദിക്കുകയും കരുണയുടെ ഈ വിശുദ്ധ ദാനത്തിലൂടെ അവിടുന്ന് നൽകാൻ ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാനുള്ള വിശുദ്ധമായ അഭിലാഷം നിങ്ങളുടെ ആത്മാവിൽ വളർത്തുകയും ചെയ്യുക.

പ്രിയ ഈശോയേ, ഞാൻ എന്നെത്തന്നെ അങ്ങയുടെ കരുണയ്ക്ക് ഭരമേൽപ്പിക്കുന്നു. അങ്ങ് ഈ ദാനം നൽകാൻ ആഗ്രഹിക്കുന്നതുപോലെ അത് സ്വീകരിക്കാൻ എന്റെ ഹൃദയം തുറന്നിരിക്കണമേ എന്ന് ഞാൻ പ്രാർഥിക്കുന്നു.  ഈ കൂദാശയിലൂടെ അങ്ങ് എനിക്കു നൽകാൻ ആഗ്രഹിക്കുന്ന കരുണയ്ക്കായി എനിക്ക് തീവ്രമായ അഭിലാഷമുണ്ടാകണമേ എന്ന് ഞാൻ പ്രാർഥിക്കുന്നു.  കർത്താവേ, എന്നെ എളിമപ്പെടുത്തണമേ; അങ്ങയുടെ സൗഖ്യദായകമായ കൃപയ്ക്കു മുമ്പിൽ എന്റെ ആത്മാവിന്റെ മുറിവുകൾ വിശ്വാസത്തോടെ തുറന്നുവയ്ക്കാൻ എന്നെ സഹായിക്കണമേ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.

തിരുഹൃദയ നൊവേന
നൊവേനയ്ക്കായി ശുപാർശ ചെയ്യുന്ന തീയതികൾ: ജൂൺ 3 – 11, 2026
അതി പരിശുദ്ധ തിരുഹൃദയത്തിന്റെ മഹോത്സവം ജൂൺ 12, 2026-നാണ്

ജൂൺ 9 – വിശുദ്ധ എഫ്രേം, ശുശ്രൂഷിയും വേദപാരംഗതനും—ഐച്ഛിക സ്മരണ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ