പരിഹസിക്കപ്പെടുന്ന ക്രിസ്തു (മുള്ളുകൊണ്ടുള്ള കിരീടധാരണം) രചന: പിയെത്രോ ദെല്ല വെക്കിയ
സുബോധമുള്ള ആരാണ് അപമാനിക്കപ്പെടാൻ ആഗ്രഹിക്കുക? നിങ്ങൾ അപമാനിക്കപ്പെട്ടാൽ എന്തു ചെയ്യും? അപമാനം ഒഴിവാക്കാനുള്ള വഴികൾ തേടാൻ മിക്കവർക്കും പ്രലോഭനമുണ്ടാകും. അതിന്റെ ഫലമായി ചിലർക്ക് ആഴത്തിൽ മനസ്സു മുറിയാം. മറ്റു ചിലർ കോപിക്കുകയും സ്വയം ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്യും. ഒരാൾക്ക് അപമാനം നേരിടേണ്ടിവരുന്ന സാഹചര്യം നീതിപൂർവമല്ലെങ്കിലും, അപമാനങ്ങൾ ദൈവത്തിന്റെ കൃപയുടെയും കരുണയുടെയും അഗാധതകളിലേക്കുള്ള ക്ഷണമായി മാറാമെന്നു മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ശരിയായ മനോഭാവത്തോടെ സ്വീകരിക്കുമ്പോൾ അപമാനം എളിമയ്ക്കു ജന്മം നൽകാം. കോപവും മനോവേദനയും ഉണ്ടായേക്കാമെങ്കിലും, എളിമയായിരിക്കണം നമ്മുടെ ലക്ഷ്യം. നമുക്ക് അനുഭവപ്പെടുന്ന അഹങ്കാരവും കോപവും മനോവേദനയും ഉപേക്ഷിച്ച് എളിമയുടെ ആഴങ്ങളിലേക്കു കടക്കാൻ സ്വയം അനുവദിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അനിവാര്യമായ ഈ ഗുണം ദൈവത്തിൽ മാത്രം ആശ്രയിക്കാനും, അവിടുന്നിൽനിന്നു മാത്രം ആശ്വാസവും സമാധാനവും തേടാനും, അവിടുന്നും അവിടുത്തെ പരിശുദ്ധ തിരുഹിതവും മാത്രം നമ്മുടെ ജീവിതത്തിലെ ആനന്ദത്തിന്റെ ഏക ഉറവിടമാകാൻ അനുവദിക്കാനും നമ്മെ പ്രാപ്തരാക്കും. അപമാനങ്ങളിൽനിന്നു ജനിക്കുന്ന എളിമയെക്കാൾ ആത്മാവിനു നന്മ ചെയ്യുന്ന മറ്റൊന്നുമില്ല (കാണുക ഡയറി #593).
നിങ്ങളെ ഏറ്റവും എളിമപ്പെടുത്തുന്നത് എന്താണ്? നിങ്ങളുടെ അഹങ്കാരത്തെ മുറിപ്പെടുത്തുകയും നിങ്ങളെ കോപിക്കാനോ സ്വയം ന്യായീകരിക്കാനോ പ്രേരിപ്പിക്കുകയും ചെയ്യുന്നത് എന്താണ്? എന്തിനെക്കുറിച്ചാണ് നിങ്ങൾ ഉള്ളിൽ നീറുകയും ആവർത്തിച്ചു ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത്? എന്തെങ്കിലും മനസ്സിലേക്കു വരുന്നുണ്ടെങ്കിൽ, അതുതന്നെയാകാം കൃപയുടെയും കരുണയുടെയും ഉറവിടമാക്കി മാറ്റാൻ കർത്താവ് ആഗ്രഹിക്കുന്ന ആ പ്രത്യേക കാര്യം. പാപമോ അനീതിയോ മനോവേദനയോ മറ്റെന്തുതന്നെയോ ആകട്ടെ, എല്ലാം നമ്മുടെ കർത്താവിന് കൃപയാക്കി മാറ്റാൻ കഴിയും. അത്രമേൽ സർവശക്തനാണ് അവിടുന്ന്. നിങ്ങളുടെ അഹങ്കാരത്തെ ഏറ്റവും മുറിപ്പെടുത്തുന്നത് എന്താണെന്നു തിരിച്ചറിയുക. അതിനെ കൃപയുടെ ഉറവിടമാക്കി മാറ്റാൻ കർത്താവിനെ അനുവദിച്ചുകൊണ്ട്, ഒരു പുതിയ കാഴ്ചപ്പാടിൽ അതിനെ കാണാൻ ശ്രമിക്കുക.
കർത്താവേ, എന്റെ അഹങ്കാരം എത്രയോ തവണ മുറിപ്പെടുന്നു. എനിക്കു മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിയാത്ത എത്രയോ അനുഭവങ്ങൾ എനിക്കുണ്ടാകുന്നു. എന്റെ നിയന്ത്രണത്തിനു പുറത്തുള്ള കാര്യങ്ങളെല്ലാം അങ്ങും അങ്ങയുടെ കൃപയും വഴി രൂപാന്തരപ്പെടാൻ അനുവദിക്കുവാൻ എന്നെ സഹായിക്കണമേ. അങ്ങനെ അവ മനോവേദനയും കോപവും ഉളവാക്കി എന്നെ ഇനി ഭാരപ്പെടുത്താതിരിക്കട്ടെ. പ്രിയ കർത്താവേ, ഈ അപമാനങ്ങൾ സ്വീകരിച്ച് അവയിലൂടെ എന്റെ ഹൃദയത്തെ രൂപാന്തരപ്പെടുത്തണമേ. അങ്ങനെ എന്റെ എളിമയിൽ അങ്ങയെ കൂടുതൽ അടുത്തറിയാനും അങ്ങേക്കു കൂടുതൽ പൂർണമായി എന്നെത്തന്നെ സമർപ്പിക്കാനും എനിക്കു കഴിയുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മേയ് 3 – വിശുദ്ധ പീലിപ്പോസും വിശുദ്ധ യാക്കോബും, അപ്പസ്തോലന്മാർ
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനാക്രമത്തിൽ അനുസ്മരണമായി ആഘോഷിക്കുന്നില്ല
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




