വിശുദ്ധ ഫ്രാൻസിസ് സ്വർഗത്തിൽ പ്രവേശിക്കുന്നു ചിത്രം: Lawrence OP, അനുമതിപത്രം CC BY-NC-ND 2.0.
നിങ്ങൾ സ്വർഗത്തിലെത്തുമ്പോൾ ഭൂമിയിൽ ചെലവഴിച്ച ഈ കാലത്തെക്കുറിച്ച് എന്തായിരിക്കും ചിന്തിക്കുക എന്ന് സങ്കൽപ്പിച്ചുനോക്കുക. ഈ ജീവിതത്തെക്കുറിച്ച് നിങ്ങൾക്ക് നഷ്ടബോധം തോന്നുമോ? മടങ്ങിവരാൻ ആഗ്രഹിക്കുമോ? ഇവിടെയായിരുന്നപ്പോൾ കൂടുതൽ പണം സമ്പാദിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ കൂടുതൽ ലൗകികവിജയം നേടിയിരുന്നെങ്കിൽ എന്ന് ആശിക്കുമോ? മിക്കവാറും ഇല്ല. സ്വർഗവുമായി താരതമ്യം ചെയ്യുമ്പോൾ ഈ ലോകം എത്ര ദയനീയമാണ്! അതിനർഥം ഇവിടെ നമ്മുടെ ജീവിതം മഹിമയുള്ളതാകാൻ കഴിയില്ല എന്നല്ല; സ്വർഗം അനന്തമായി കൂടുതൽ മഹിമയുള്ളതായിരിക്കും എന്നു മാത്രമാണ്. അതിനാൽ, എന്നേക്കും നിലനിൽക്കുന്ന യഥാർഥ നിധി സമ്പാദിക്കുന്നതിൽ നാം നിരന്തരം ശ്രദ്ധ കേന്ദ്രീകരിക്കണം. സ്വർഗവും, ആ മഹിമ പ്രാപിക്കാനായി ഇവിടെയും ഇപ്പോഴും കർത്താവ് നമ്മോടു ചെയ്യാൻ ആവശ്യപ്പെടുന്നതെല്ലാം നിറവേറ്റുന്നതും മാത്രമായിരിക്കണം നമ്മുടെ ചിന്ത. സ്വർഗത്തിൽ നിങ്ങൾക്ക് യാതൊരു വിലയുമില്ലാതാകുന്ന കാര്യങ്ങൾക്കായി ഒരു നിമിഷംപോലും പാഴാക്കരുത്. പകരം, നിർമലമായ വിശ്വാസവും ഉപവിയും നിറഞ്ഞ ജീവിതത്തിലൂടെ, ദൈവത്തോടുള്ള അതിരറ്റ സ്നേഹത്തിൽ വളർന്നുകൊണ്ട്, നിങ്ങളുടെ സമയമെല്ലാം “സ്വർഗീയ ഭവനം പണിയുന്നതിനായി” ചെലവഴിക്കുക. ഇവിടെയും ഇപ്പോഴും ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹം വർധിപ്പിച്ചതിനെക്കുറിച്ച് സ്വർഗത്തിലെത്തുമ്പോൾ നിങ്ങൾ ഒരിക്കലും ഖേദിക്കുകയില്ല (കാണുക ഡയറി #899).
നിങ്ങളുടെ അനുദിന ചിന്തകളിലും സ്വപ്നങ്ങളിലും നിറഞ്ഞുനിൽക്കുന്നത് എന്താണ്? നിങ്ങളുടെ പ്രത്യാശയും ഏറ്റവും വലിയ ആഗ്രഹവും എന്തിനെക്കുറിച്ചാണ്? ഇത് സത്യസന്ധമായി വിലയിരുത്താൻ ശ്രമിക്കുക. നിങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ കടന്നുപോകുന്നവയും ആത്യന്തികമായി അപ്രധാനവയുമായ കാര്യങ്ങളാണെന്ന് കണ്ടെത്തിയാൽ, അത് സമ്മതിക്കാൻ ഭയപ്പെടരുത്. ഇത് തിരിച്ചറിയുമ്പോൾ, നിങ്ങളുടെ ദൃഷ്ടി സ്വർഗത്തിലേക്കും ദൈവസ്നേഹത്തിലേക്കും തിരിക്കുക. നിങ്ങളെ സൃഷ്ടിച്ച ലക്ഷ്യത്തിനായി നിങ്ങളുടെ ജീവിതം പൂർണമായി സമർപ്പിക്കപ്പെടേണ്ടതിന്, അതിന്റെ ദിശ എങ്ങനെ മാറ്റാമെന്ന് പ്രായോഗികമായി ചിന്തിക്കുക. പൂർണഹൃദയത്തോടും പൂർണമനസ്സോടും പൂർണാത്മാവോടും പൂർണശക്തിയോടുംകൂടെ ദൈവത്തെ സ്നേഹിക്കുകയും നിങ്ങളെപ്പോലെതന്നെ നിങ്ങളുടെ അയൽക്കാരനെ സ്നേഹിക്കുകയും ചെയ്യുക എന്നതാണ് ആ ലക്ഷ്യം. ഇതല്ല നിങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രലക്ഷ്യമെങ്കിൽ, നിങ്ങളുടെ ലക്ഷ്യം തെറ്റാണ്. പ്രാർഥിക്കുകയും ദൈവത്തിനു നിങ്ങളെത്തന്നെ സമർപ്പിക്കുകയും എല്ലാം അവിടുത്തിലേക്കു തിരിച്ചുവിടുകയും ചെയ്യുക.
കർത്താവേ, അങ്ങയെയും അങ്ങയുടെ തിരുഹിതത്തെയും എന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയെയും എന്റെ അയൽക്കാരനെയും സ്നേഹിക്കുകയല്ലാതെ മറ്റൊന്നും ഞാൻ തിരഞ്ഞെടുക്കുന്നില്ല. സ്വർഗത്തിൽ അങ്ങയുടെ രാജ്യം നിത്യമായി ആസ്വദിക്കാൻ കഴിയേണ്ടതിന്, ഭൂമിയിൽ അങ്ങയുടെ രാജ്യം പടുത്തുയർത്തുന്നതിൽ ഉത്സാഹത്തോടെ പരിശ്രമിക്കാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




