മലയാളം

വിചിന്തനം 276: പൂർത്തീകരിക്കാതെ കാണുക

മർത്തായുടെയും മറിയത്തിന്റെയും ഭവനത്തിൽ ക്രിസ്തു, ഗെയോർഗ് ഫ്രീഡ്രിക് സ്റ്റെറ്റ്നർ രചിച്ചത്

വീഡിയോ

ദൈവത്തിന്റെ മഹത്ത്വത്തിനായുള്ള ഒരു പ്രത്യേക ദൗത്യം നിങ്ങൾ നിറവേറ്റാതിരിക്കുമ്പോൾ അവിടുന്ന് നിങ്ങളോടു കോപിക്കുമോ? അത് സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നു. പരാജയം നിങ്ങളുടെ പാപം മൂലമാണെങ്കിൽ, അവിടുന്ന് തന്റെ വിശുദ്ധമായ കോപം പ്രകടിപ്പിച്ചേക്കാം. ഈ കോപം നിങ്ങളെ മാനസാന്തരത്തിലേക്കു വിളിക്കുന്ന അവിടുത്തെ കരുണയുടെ ഒരു പ്രവൃത്തിയാണ്. എന്നാൽ മറ്റു ചിലപ്പോൾ നിങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങൾ നിങ്ങളുടെ പ്രവർത്തനത്തിനും ദൈവസേവനത്തിനും തടസ്സമായേക്കാം. കർത്താവ് ഇതറിയുകയും കാണുകയും ചെയ്യുന്നു. ഈ പ്രശ്നമോ ആ പ്രശ്നമോ ദൈവം എന്തുകൊണ്ട് “പരിഹരിക്കുന്നില്ല” എന്ന് ചിലപ്പോൾ നിങ്ങൾ ചിന്തിച്ചേക്കാം. നിങ്ങളുടെ കാരുണ്യപ്രവർത്തനത്തിന് ആരെങ്കിലും തടസ്സമായി തോന്നുമ്പോൾ, ആ വ്യക്തിയെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ എന്ന് നിങ്ങൾ ആഗ്രഹിച്ചേക്കാം. എന്നാൽ ഇതല്ല നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം. ദൈവഹിതം നിറവേറ്റാൻ നിങ്ങളുടെ കഴിവിലുള്ളതെല്ലാം ചെയ്യുകയും ശേഷിക്കുന്നവ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുകയും ചെയ്യുക എന്നതായിരിക്കണം നിങ്ങളുടെ ശ്രദ്ധാവിഷയം. നിങ്ങളുടെ വിജയങ്ങളിലല്ല, പരിശ്രമങ്ങളിലാണ് ദൈവം പ്രസാദിക്കുന്നത്. അവിടുന്ന് അളക്കുന്നത് വസ്തുനിഷ്ഠമായ വിജയമല്ല; മറിച്ച്, വ്യക്തിനിഷ്ഠമായ വിജയമാണ്. വാസ്തവത്തിൽ, ചിലപ്പോൾ നിങ്ങളുടെ പ്രവർത്തനത്തെ ശുദ്ധീകരിക്കാനും ക്ഷമയിലൂടെയും കൂടുതൽ ആഴപ്പെടുന്ന ദൃഢനിശ്ചയത്തിലൂടെയും നിങ്ങളുടെ ആത്മാവിനെ വിശുദ്ധീകരിക്കാനുമുള്ള മാർഗമായി അനേകം തടസ്സങ്ങൾ ഉയർന്നുവരാൻ ദൈവം അനുവദിക്കുന്നു. നിങ്ങളുടെ കടമ നിർവഹിക്കുക; നമ്മുടെ കർത്താവ് നിങ്ങളെ ഏൽപ്പിച്ച കാരുണ്യപ്രവർത്തനത്തിന് അതു മതിയാകും (കാണുക ഡയറി #1374).

നിർവഹിക്കേണ്ട ഒരു കടമയായി ദൈവം നിങ്ങൾക്കു നൽകിയിട്ടുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്ന കാര്യം ഏതെന്ന് ചിന്തിക്കുക. അത് ഒരു സാധാരണ പ്രവൃത്തിയായിരിക്കാം; അല്ലെങ്കിൽ കൂടുതൽ മഹത്തായി തോന്നുന്ന ഒന്നായിരിക്കാം. നിങ്ങളുടെ കടമ നിറവേറ്റുമ്പോൾ നേരിടുന്ന പ്രത്യക്ഷമായ തടസ്സങ്ങളെക്കുറിച്ചും വിചിന്തനം ചെയ്യുക. ഈ “തടസ്സങ്ങളെ” തടസ്സങ്ങളായി കാണാതിരിക്കാൻ ശ്രമിക്കുക. പകരം, ദൈവം നിങ്ങളെ ഏൽപ്പിച്ച ദൈവകരുണയുടെ ദൗത്യം നിറവേറ്റാനുള്ള നിങ്ങളുടെ ദൃഢനിശ്ചയം കൂടുതൽ ആഴപ്പെടുത്തുന്നതിനുള്ള അവസരങ്ങളായി അവയെ കാണുക.

കർത്താവേ, ഞാൻ ചെയ്യുന്ന എല്ലാറ്റിലും അങ്ങയോടു വിശ്വസ്തനായിരിക്കാൻ എന്നെ സഹായിക്കണമേ. എന്റെ പരിശ്രമങ്ങളുടെ ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, പകരം എന്റെ പരിശ്രമം അങ്ങയുടെ മഹത്ത്വത്തിനായി അങ്ങേക്കു സമർപ്പിക്കാൻ എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, അങ്ങയോടുള്ള എന്റെ സമ്പൂർണ സമർപ്പണത്തിൽ അങ്ങ് പ്രസാദിക്കുന്നുവെന്ന് എനിക്കറിയാം. അങ്ങയുടെ കരുണയുടെ കൂടുതൽ നല്ലൊരു ഉപകരണമായിത്തീരാൻ, ആ സമർപ്പണം കൂടുതൽ ആഴപ്പെടുത്തണമെന്ന് ഓരോ ദിവസവും ദൃഢനിശ്ചയം ചെയ്യാൻ എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഒക്ടോബർ വിശുദ്ധ ജപമാലയുടെ മാസമാണ്

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ