വിശുദ്ധ വലിയ യാക്കോബ് ശ്ലീഹാ, റെംബ്രാന്റിന്റെ രചന
പൂർണഹൃദയത്തോടെ നമ്മുടെ കർത്താവിനെ സേവിക്കാൻ നിങ്ങൾ പരിശ്രമിക്കുമ്പോൾ, ഓരോ ദിവസവും നിങ്ങളെക്കുറിച്ചുള്ള തന്റെ ഹിതം അവിടുന്ന് നിങ്ങളോടു സംസാരിക്കുന്നതായി നിങ്ങൾക്കു മനസ്സിലായേക്കാം. അത് പൂർണമായി വ്യക്തമായിരിക്കണമെന്നില്ല; എങ്കിലും നിങ്ങൾ ഇതോ അതോ ചെയ്യണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നതായി നിങ്ങൾക്കു തോന്നിയേക്കാം. നിങ്ങളുടെ ജീവിതത്തിനായി തനിക്കുള്ള പദ്ധതി മുഴുവനും ദൈവം സാധാരണയായി ഒറ്റയടിക്ക് വെളിപ്പെടുത്താറില്ല. പകരം, ആവശ്യാനുസരണം അതിന്റെ ഓരോ ഭാഗം അവിടുന്ന് വെളിപ്പെടുത്തുന്നു. ഓരോ ദിവസവും എന്തു ചെയ്യാനാണ് അവിടുന്ന് നിങ്ങളെ വിളിക്കുന്നതെന്നു വിശ്വസിക്കാൻ, അവിടുത്തെ സൗമ്യമായ സ്വരത്തിൽ വിശ്വാസവും ആശ്രയവും ആവശ്യമാണ്. നിങ്ങൾ കേൾക്കുകയും ഓരോ ചുവടായി പ്രതികരിക്കുകയും ചെയ്യാൻ തയ്യാറായാൽ, നിങ്ങളുടെ ജീവിതത്തിനായി ദൈവത്തിന് പൂർണമായ ഒരു പദ്ധതിയുണ്ട് എന്നതാണ് സത്യം. ഒടുവിൽ, സ്വർഗത്തിൽനിന്നു നോക്കുമ്പോൾ ഇതെല്ലാം നിങ്ങൾക്കു മനസ്സിലാകും; നമ്മുടെ കർത്താവിന്റെ വിസ്മയകരമായ ജ്ഞാനം നിങ്ങൾ കാണുകയും ചെയ്യും. എന്നാൽ ഇപ്പോൾ, ആ സമഗ്രചിത്രം അത്ര വ്യക്തമായിരിക്കണമെന്നില്ല. ഓരോ ദിവസവും അവിടുത്തെ ആശ്രയിക്കുകയും അവിടുത്തേക്കു സ്വയം സമർപ്പിക്കുകയും ചെയ്യുന്ന ഒരു ബന്ധത്തിലേക്കു നിങ്ങളെ നയിക്കാനുള്ള ദൈവത്തിന്റെ വഴിയാണിത്. നമ്മുടെ കർത്താവ് നിങ്ങളോടു പറയുന്നതായി നിങ്ങൾ മനസ്സിലാക്കുന്ന കാര്യങ്ങളോട് ഓരോ ദിവസവും വിശ്വസ്തത പുലർത്തുക എന്നതാണ് പ്രധാനം. നിങ്ങൾ ഇപ്രകാരം ചെയ്താൽ, അവിടുത്തെ മഹത്വപൂർണമായ ഹിതം നിങ്ങളുടെ ജീവിതത്തിൽ ക്രമേണ വെളിപ്പെടുകയും നിങ്ങളിലൂടെ അവിടുത്തെ കരുണ ലോകത്തിനു ലഭിക്കുകയും ചെയ്യും (കാണുക ഡയറി #1300).
ഇന്ന് എന്തു ചെയ്യാനാണ് നമ്മുടെ കർത്താവ് നിങ്ങളെ വിളിക്കുന്നതെന്ന് നിങ്ങൾക്കു തോന്നുന്നു? അത് എന്തുതന്നെയായാലും, ഇപ്പോൾ അതു പൂർണമായി മനസ്സിലായെന്നു വരില്ല. ഇന്ന് അവിടുത്തെ സൗമ്യമായ സ്വരത്തിലും പ്രചോദനങ്ങളിലും വിശ്വസിക്കുകയും അവിടുത്തെ പ്രേരണകൾ അനുസരിക്കുകയും ചെയ്യുക. അവിടുന്ന് നിങ്ങളോടു കൽപിക്കുന്നതായി നിങ്ങൾ കേൾക്കുന്നത് ചെയ്യുക. അവിടുത്തെ ഹിതത്തെക്കുറിച്ചുള്ള നിങ്ങളുടെ ബോധ്യം അസാധാരണമായി തോന്നുന്നെങ്കിൽ, അത് അവിടുന്നിൽനിന്നുള്ളതുതന്നെയാണെന്ന് ഉറപ്പുവരുത്താൻ മറ്റൊരാളുമായി അതിനെക്കുറിച്ചു സംസാരിക്കുക. എന്നാൽ, ഓരോ ദിവസവും അവിടുത്തെ ഹിതം നിറവേറ്റാൻ നിങ്ങൾ പരിശ്രമിക്കുന്നെങ്കിൽ, അവിടുന്ന് നിങ്ങളെ നയിക്കുന്ന വഴി മഹത്വപൂർണമാണെന്നും നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള അവിടുത്തെ മഹത്വപൂർണമായ ലക്ഷ്യം അതു സാക്ഷാത്കരിക്കുന്നുവെന്നും ഒടുവിൽ നിങ്ങൾ കണ്ടെത്തും.
കർത്താവേ, പൂർണഹൃദയത്തോടെ അങ്ങയെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ പൂർണമായ ഹിതത്തിലേക്കു എന്നെ വിളിക്കുന്ന അങ്ങയുടെ സൗമ്യമായ സ്വരം വിവേചിച്ചറിയാൻ, തുറന്ന മനസ്സും ഹൃദയവും എനിക്കു കൃപയായി നൽകണമേ. പ്രിയ കർത്താവേ, എന്റെ ജീവിതം അങ്ങയുടേതാണ്; അങ്ങയുടെ ഹിതംപോലെ എന്നിൽ പ്രവർത്തിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.
വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ പ്രാർഥിക്കുന്നു
സെപ്റ്റംബർ 14 – വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




