ദൈവദൂതൻ ഏലിയായ്ക്ക് ആഹാരം നൽകുന്നു — രചന: ഫെർഡിനാൻഡ് ബോൾ
നിങ്ങളുടെ ദിവസം മുഴുവൻ ദൈവം നിങ്ങളോടു സംസാരിക്കുന്നുണ്ട് എന്നത് സത്യമാണ്. അവിടുന്ന് തന്റെ സത്യവും നിങ്ങളുടെ ജീവിതത്തിനുള്ള മാർഗനിർദേശവും നിരന്തരം അറിയിക്കുകയും തന്റെ കരുണ നിരന്തരം ചൊരിയുകയും ചെയ്യുന്നു. എന്നാൽ അവിടുത്തെ സ്വരം അതീവ സൗമ്യവും നിശ്ശബ്ദവുമാണ് എന്നതാണ് പ്രശ്നം. എന്തുകൊണ്ട്? കാരണം, നിങ്ങളുടെ പൂർണ്ണശ്രദ്ധ അവിടുന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ ദിവസത്തിലെ പലവിധ ശ്രദ്ധാശൈഥില്യങ്ങളോട് മത്സരിക്കാൻ അവിടുന്ന് ശ്രമിക്കുകയില്ല. തന്നെ സ്വീകരിക്കാൻ അവിടുന്ന് നിങ്ങളെ നിർബന്ധിക്കുകയില്ല. പകരം, നിങ്ങൾ അവിടുത്തെ പക്കലേക്കു തിരിയാനും, ശ്രദ്ധ തിരിക്കുന്നതെല്ലാം മാറ്റിവയ്ക്കാനും, ശാന്തമെങ്കിലും വ്യക്തമായ അവിടുത്തെ സ്വരത്തിനു ശ്രദ്ധ നൽകാനും അവിടുന്ന് കാത്തിരിക്കുന്നു (കാണുക ഡയറി #130).
ദൈവം സംസാരിക്കുന്നത് നിങ്ങൾ കേൾക്കുന്നുണ്ടോ? നിങ്ങളുടെ ഉള്ളിൽ അവിടുന്ന് നൽകുന്ന സൗമ്യമായ പ്രേരണകൾ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ? ദിവസത്തിലെ പലവിധ ശ്രദ്ധാശൈഥില്യങ്ങൾ ദൈവത്തിന്റെ സ്വരം മുക്കിക്കളയാൻ നിങ്ങൾ അനുവദിക്കുന്നുണ്ടോ? അതോ അവയെ പതിവായി മാറ്റിവച്ച്, കൂടുതൽ തീക്ഷ്ണതയോടെ അവിടുത്തെ അന്വേഷിക്കുന്നുണ്ടോ? ഇന്ന് നിങ്ങളുടെ ഉള്ളിൽ അവിടുന്ന് നൽകുന്ന പ്രേരണകൾ അന്വേഷിക്കുക. ഈ പ്രേരണകൾ നിങ്ങളോടുള്ള അവിടുത്തെ അഗാധമായ സ്നേഹത്തിന്റെ അടയാളങ്ങളാണെന്ന് അറിയുക. അവയിലൂടെ ദൈവം നിങ്ങളുടെ പൂർണ്ണശ്രദ്ധ തേടുകയാണെന്നും അറിയുക.
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; എല്ലാറ്റിലും അങ്ങയെ അന്വേഷിക്കാൻ ആഗ്രഹിക്കുന്നു. രാവും പകലും അങ്ങ് എന്നോടു സംസാരിക്കുന്ന വഴികൾ തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ സ്വരം ശ്രദ്ധിക്കാനും അങ്ങയുടെ സൗമ്യമായ കരത്താൽ നയിക്കപ്പെടാനും എന്നെ സഹായിക്കണമേ. എന്റെ കർത്താവേ, ഞാൻ എന്നെത്തന്നെ പൂർണ്ണമായി അങ്ങേക്കു സമർപ്പിക്കുന്നു. ഞാൻ അങ്ങയെ സ്നേഹിക്കുകയും കൂടുതൽ പൂർണ്ണമായി അങ്ങയെ അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. യേശുവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
രണ്ടാം ദിവസത്തെ ധ്യാനങ്ങൾ:
മരുഭൂമിയിൽ 40 ദിവസങ്ങൾ & കുരിശിൻ ചുവട്ടിൽ 40 ദിവസങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




