മലയാളം

വിചിന്തനം 279: നിങ്ങളുടെ ആന്തരിക ബോധ്യം

ചിത്രത്തിന് കടപ്പാട്: getty.edu

വീഡിയോ

നിങ്ങളുടെ ആത്മാവിനുള്ളിലെ ആന്തരിക ബോധ്യത്തിലൂടെ ദൈവം നിങ്ങളോടു സംസാരിക്കുന്നത് കേൾക്കാൻ നിങ്ങൾ പരിശ്രമിക്കണം. ചിലപ്പോൾ ദൈവത്തിന്റെ സ്വരം ഉച്ചത്തിലും വ്യക്തമായും കേൾക്കുന്നതായി നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം; മറ്റു ചിലപ്പോൾ അത് നേർത്തതും ആശയക്കുഴപ്പമുണ്ടാക്കുന്നതുമായി തോന്നിയേക്കാം. ദൈവത്തിന്റെ സ്വരത്തോടു മത്സരിക്കാൻ കഴിയുന്ന പല കാര്യങ്ങളുമുണ്ട്. എന്നാൽ നിങ്ങൾ ഹൃദയം തുറന്നുവച്ചാൽ, അവിടുത്തെ സ്വരം നിങ്ങൾക്കു പരിചിതമാവുകയും അത് തിരിച്ചറിയാൻ കഴിയുകയും ചെയ്യും. നിങ്ങളുടെ ആത്മീയജീവിതത്തിന് ഇത് പ്രധാനമാണ്. അവിടുന്ന് സംസാരിക്കുന്നത് കേൾക്കാനും അവിടുത്തെ സ്വരം തിരിച്ചറിയാനും പഠിക്കുന്നത്, ജീവിതത്തിലുടനീളം അവിടുത്തെ വഴികളിൽ കൂടുതൽ എളുപ്പത്തിൽ നടക്കാൻ നിങ്ങളെ സഹായിക്കുന്നു. അവിടുത്തെ സ്വരം നിങ്ങൾക്കു നൽകുന്ന ഈ ആന്തരിക ബോധ്യം അറിയാൻ പരിശ്രമിക്കുക. അത് വിവേചിച്ചറിയാൻ പഠിക്കുന്നതോടൊപ്പം, അവിടുത്തെ സ്നേഹപൂർവമായ കല്പനകളിലുള്ള വിശ്വാസത്തിൽ വളരുക. ഈ വിധത്തിൽ അനുദിനം അവിടുത്തെ അനുസരിക്കുന്നത് ജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന എല്ലാറ്റിന്റെയും അടിസ്ഥാനമായിത്തീരണം. അത് അവിടുന്ന് ചൊരിയുന്ന കരുണയുടെ സമൃദ്ധമായ ഉറവിടമായിത്തീരുകയും ചെയ്യും (കാണുക ഡയറി #1383).

ദൈവത്തിന്റെ സ്വരം നിങ്ങൾക്ക് എത്രത്തോളം പരിചിതമാണ്? അവിടുന്ന് നിങ്ങളോടു സംസാരിക്കുന്നത് കാതുകൾകൊണ്ട് കേൾക്കാൻ മിക്കവാറും സാധിക്കുകയില്ല. ഇത് ചെയ്യണം, അത് ഒഴിവാക്കണം എന്ന ശക്തമായ ഒരു ബോധ്യമായാണ് പലപ്പോഴും അവിടുത്തെ സ്വരം നമ്മിലേക്കെത്തുന്നത്. നമ്മുടെ മനസ്സിനെക്കാൾ ഉപരിയായി നമ്മുടെ ഇച്ഛാശക്തിയെ സ്വാധീനിച്ചുകൊണ്ടാണ് അവിടുന്ന് സംസാരിക്കുന്നത്. നമുക്ക് അനുഭവപ്പെടുന്ന കാര്യങ്ങളെക്കുറിച്ച് നാം മനസ്സിൽ ശ്രദ്ധാലുക്കളായിരിക്കാം; എന്നാൽ ദൈവം നമുക്കു നൽകുന്ന ബോധ്യം ആത്മീയമായ ഒരു അനുഭവമാണ്. ദൈവം ഓരോ വ്യക്തിയോടും തനതായ രീതിയിൽ സംസാരിച്ചേക്കാമെങ്കിലും, ഈ ആന്തരിക ബോധ്യം ദൈവം നമ്മോടു സംവദിക്കുന്നതിന്റെ പൊതുവായ ഒരു അനുഭവമാണ്. ദൈവം ഈ വിധത്തിൽ സംസാരിക്കുന്നതിനെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ഇങ്ങനെ ശ്രവിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ നിങ്ങൾ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ, അതിനായി വീണ്ടും സ്വയം സമർപ്പിക്കുക. ഈ ശീലത്തിലൂടെ, അനുദിനം നിങ്ങളെ നയിക്കുന്ന ദൈവം നിങ്ങൾക്കായി കരുതിവച്ചിരിക്കുന്ന സമൃദ്ധമായ കരുണ നിങ്ങൾ കണ്ടെത്തും.

കർത്താവേ, എന്റെ മനസ്സാക്ഷിയുടെ ആഴങ്ങളിൽ എന്നോടു സംസാരിക്കുന്ന അങ്ങയുടെ സ്വരം കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങ് സംസാരിക്കണമേ; അങ്ങയുടെ വിശുദ്ധവും പരിപൂർണവുമായ തിരുഹിതത്തെക്കുറിച്ചുള്ള അനുഭവവും ബോധ്യവുംകൊണ്ട് എന്റെ ഇച്ഛാശക്തിയെ നിറയ്ക്കണമേ. എല്ലാ ദിവസവും അങ്ങയെ ശ്രദ്ധിക്കാനും, എന്റെ ജീവിതത്തെ നയിക്കുന്ന പ്രകാശമായി അങ്ങയുടെ സൗമ്യമായ കല്പനകളെ അനുസരിക്കാനും ഞാൻ പഠിക്കുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഒക്ടോബർ 6 – ഇന്നത്തെ വിശുദ്ധർ –

വിശുദ്ധ ബ്രൂണോ, വൈദികൻ

വാഴ്ത്തപ്പെട്ട മരീ റോസ് ഡ്യൂറോഷേ, കന്യക

ഒക്ടോബർ വിശുദ്ധ ജപമാലയുടെ മാസമാണ്

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ


 

ദൈവകരുണയെക്കുറിച്ചുള്ള അനുദിന വിചിന്തനങ്ങൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ

ഇ-പുസ്തകമായും & പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്