ആഴമായ വിശ്വാസമെന്ന മഹത്തായ ദാനം നിങ്ങൾക്കു ലഭിച്ചാൽ, പലരും അതു കണ്ട് സന്തോഷിക്കും. എന്നാൽ ചിലരിൽ അസൂയ ഉളവാകാൻ അത് ഇടയാക്കിയേക്കാം. ഇത് ദുഃഖകരവും വേദനാജനകവുമായ അനുഭവമാണ്. മറ്റൊരാളുടെ അസൂയയ്ക്കു കാരണം നിങ്ങളോ നിങ്ങളുടെ വിശ്വാസമോ അല്ല, അവരുടെ പാപമാണെന്ന് അറിയുക. അതിനാൽ, മറ്റൊരാളുടെ അസൂയയോ ആ അസൂയയിൽനിന്ന് ഉളവാകുന്ന പരിഹാസമോ നിങ്ങൾ അനുഭവിക്കുന്നെങ്കിൽ, പരിഭ്രാന്തരാകരുത്. അവരുടെ പ്രവൃത്തിയെക്കുറിച്ച് വിശുദ്ധമായ ദുഃഖം തോന്നുന്നത് തീർച്ചയായും ഉചിതമാണ്; എന്നാൽ ആ ദുഃഖം ഒരു മുറിവായി മാറരുത്. പകരം, ദൈവത്തിന് മൗനമായി സ്വയം സമർപ്പിക്കുന്നതിലേക്കു നയിക്കുന്ന ഈ വിശുദ്ധമായ ദുഃഖമല്ലാതെ മറ്റൊരു ശ്രദ്ധയും മറ്റൊരാളുടെ ദുഷ്പെരുമാറ്റത്തിനു നൽകരുത്. ഈ വ്യക്തിക്കുവേണ്ടി പ്രാർഥിക്കുക; ആ വ്യക്തി തന്റെ പാപം തിരിച്ചറിഞ്ഞ് പശ്ചാത്തപിക്കുമെന്ന വലിയ പ്രത്യാശ പുലർത്തുക. നിങ്ങളുടെ പ്രത്യാശയും മൗനമായ സഹനവും വിശുദ്ധമായ ദുഃഖവും ആ വ്യക്തിക്ക് സ്വന്തം പാപത്തിന്റെ ഫലങ്ങൾ കാണാൻ വഴിയൊരുക്കുന്ന ഒരു കാരുണ്യപ്രവൃത്തിയായി മാറും (കാണുക ഡയറി #1422).
മറ്റൊരാളുടെ പാപങ്ങളുടെ ശരങ്ങൾ ഏറ്റുവാങ്ങുക പ്രയാസകരമായിരിക്കാം. ഈ അമ്പുകളിലൊന്ന് നിങ്ങളുടെ നേർക്ക് വരുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് വിചിന്തനം ചെയ്യുക. പ്രതികാരത്തോടെ പ്രതികരിക്കുക എളുപ്പമാണെങ്കിലും, മറ്റൊരാളിൽനിന്ന് നിങ്ങൾ നേരിടുന്ന ദുഷ്പെരുമാറ്റം സമൃദ്ധമായ കൃപ സ്വീകരിക്കാനുള്ള അവസരം നിങ്ങൾക്കു നൽകുന്നു. നിങ്ങളോട് മോശമായി പെരുമാറുന്നവരെ മാനസാന്തരത്തിലേക്കു നയിക്കാൻ സഹായിക്കുന്നതിന് ആവശ്യമായ ഉപാധികൾ കരുണയും മൗനവും വിശുദ്ധമായ ദുഃഖവും നിങ്ങൾക്കു നൽകുന്നു. ഇതു ചെയ്യുക പ്രയാസമാണ്; ദൈവകരുണയ്ക്ക് നിങ്ങളെത്തന്നെ പൂർണ്ണമായി സമർപ്പിച്ചാൽ മാത്രമേ ഇതു സാധ്യമാകൂ. ദൈവം നിങ്ങളെ സ്നേഹിക്കുന്നു; ജ്വലിക്കുന്ന സ്നേഹത്തോടെ അവിടുന്ന് ഓരോ പാപിയെയും സ്നേഹിക്കുന്നു. നിങ്ങളെ വേദനിപ്പിച്ചവരോട് ദൈവത്തിനുള്ള ആ സ്നേഹത്തെക്കുറിച്ച് വിചിന്തനം ചെയ്യുക. ദൈവസ്നേഹം അനുഭവിക്കാൻ അവരെ സഹായിക്കാനുള്ള സവിശേഷമായ ഒരു സാഹചര്യത്തിലാണ് നിങ്ങൾ എന്ന കാര്യവും വിചിന്തനം ചെയ്യുക. ഈ കടമയിൽനിന്ന് ഒഴിഞ്ഞുമാറരുത്; നിങ്ങൾക്കു സങ്കൽപ്പിക്കാനാകുന്നതിലുമധികമായി കർത്താവ് നിങ്ങളെ അനുഗ്രഹിക്കും.
കർത്താവേ, അങ്ങയുടെ കരുണ എന്റെ ഹൃദയത്തിൽ നിറഞ്ഞൊഴുകട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു, പ്രത്യേകിച്ച് എന്നെ വേദനിപ്പിച്ചവരോടുള്ള കരുണ. അങ്ങയുടെ ഹൃദയത്തോടെ അവരെ സ്നേഹിക്കാനും അവരുടെ ജീവിതത്തിൽ കൃപയുടെ ഉറവിടമാകാനും എനിക്കു കഴിയട്ടെ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഒക്ടോബർ 15 – കന്യകയും സഭാവേദപാരംഗതയുമായ ഈശോയുടെ വിശുദ്ധ ത്രേസ്യായുടെ ഓർമ്മ
വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കട്ടെ.
ഒക്ടോബർ വിശുദ്ധ ജപമാലയുടെ മാസമാണ്
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ






