കൃപയുടെ ഉറവ, സൃഷ്ടിച്ചത് Lawrence OP, CC BY-NC-ND 2.0.
വീഡിയോ
സാധാരണയായി ഒരു ശരം മുറിവേൽപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നു. ചരിത്രത്തിലുടനീളം യുദ്ധത്തിനും വേട്ടയ്ക്കും ശരങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ കരുണയുടെ ആത്മീയ ശരം തികച്ചും വ്യത്യസ്തമാണ്. നമ്മുടെ പരിശുദ്ധ അമ്മയോട് ശിമയോൻ പ്രവാചകൻ പറഞ്ഞ വാക്കുകൾ ഓർക്കുക: “നിന്നെയും ഒരു വാൾ തുളച്ചുകയറും” (ലൂക്കാ 2:35). കുരിശുമരണവേളയിൽ സംഭവിച്ചതും ഓർക്കുക: “ഒരു പടയാളി [യേശുവിന്റെ] പാർശ്വത്തിൽ കുന്തം കുത്തിയിറക്കി; ഉടനെ രക്തവും വെള്ളവും ഒഴുകിപ്പുറപ്പെട്ടു” (യോഹന്നാൻ 19:34). ഒരു വാളും ഒരു കുന്തവും നമ്മുടെ പരിശുദ്ധ അമ്മയുടെയും യേശുവിന്റെയും ഹൃദയങ്ങളെ തുളച്ചു. അതുപോലെ നമ്മുടെ ഹൃദയങ്ങളും തുളയ്ക്കപ്പെടണം. എന്നാൽ നാം ഏറ്റുവാങ്ങേണ്ട വാളോ കുന്തമോ ശരമോ സ്നേഹത്തോടെ സ്വീകരിച്ചാൽ, അത് ദോഷകരമായ രീതിയിൽ മുറിവേൽപ്പിക്കുകയില്ല. പകരം, അത് നമ്മുടെ ഹൃദയങ്ങളിൽനിന്ന് കരുണയും അനുകമ്പയും പുറപ്പെടുവിക്കും. ഈ “സ്നേഹത്തിന്റെ മുറിവിൽ” ദുഃഖവും വേദനയും രൂപാന്തരപ്പെടുന്നു; ആ മുറിവ് നമ്മുടെ ജീവിതങ്ങളിൽനിന്ന് ദൈവകരുണ ഒഴുക്കുന്നു (കാണുക: ഡയറി #1082).
ഇന്ന് രണ്ടു കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുക. ആദ്യം യേശുവിന്റെയും മറിയത്തിന്റെയും ഹൃദയങ്ങളിലെ ആത്മീയ മുറിവുകളെക്കുറിച്ച് ചിന്തിക്കുക. തുളയ്ക്കപ്പെട്ട അവരുടെ ഹൃദയങ്ങളുടെ രഹസ്യത്തിലേക്ക് പ്രവേശിക്കുക. ഈ മുറിവുകൾ ആവശ്യത്തിലിരിക്കുന്നവരോട് അനുകമ്പയും കരുണയും ഉളവാക്കുന്നതിനാൽ, അവയിൽനിന്ന് കൃപ ഒഴുകിപ്പുറപ്പെടുന്നുവെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. രണ്ടാമതായി, നിങ്ങളുടെ സ്വന്തം ഹൃദയത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ പേറുന്ന ഏതൊരു മുറിവിനെക്കുറിച്ചും ധ്യാനിക്കുകയും ആ മുറിവ് രൂപാന്തരപ്പെടാമെന്ന് മനസ്സിലാക്കാൻ മനസ്സുതുറക്കുകയും ചെയ്യുക. യേശുവിന്റെയും നമ്മുടെ പരിശുദ്ധ അമ്മയുടെയും ഹൃദയങ്ങളിൽനിന്ന് ഒഴുകുന്ന കരുണയിൽ പങ്കുചേരാൻ ആ മുറിവിനു കഴിയും. പാപത്തെക്കുറിച്ചുള്ള അവരുടെ വിശുദ്ധമായ ദുഃഖത്തിൽ പങ്കുചേരുകയും പാപിയോട് അനുകമ്പ വളർത്തുകയും ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോൾ, സ്നേഹത്തിന്റെ ആത്മീയമായ ഒരു ശരം നിങ്ങളെ മുറിവേൽപ്പിക്കും.
കർത്താവേ, അങ്ങയുടെ തിരുഹൃദയം സഹിച്ച വേദനയുടെ മഹാരഹസ്യം ഗ്രഹിക്കാൻ എന്നെ സഹായിക്കണമേ. കരുണ ഒഴുക്കുന്നതിനായി അങ്ങ് ആ മുറിവ് സ്വമനസ്സാലെ സ്വീകരിച്ചുവെന്ന് കാണാൻ എനിക്ക് കഴിയുമാറാകണമേ. മറ്റുള്ളവരുടെ ശരങ്ങൾ സ്വീകരിക്കാൻ എന്നെയും സഹായിക്കണമേ; അങ്ങനെ അവയ്ക്കു പകരമായി അങ്ങയുടെ കരുണ ഒഴുകിപ്പുറപ്പെടട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




