മലയാളം

വിചിന്തനം 179: ആന്തരിക ശൂന്യതയെ നേരിടൽ

വിജനപ്രദേശത്ത് വിശുദ്ധ ജെറോം, രചന: പിന്റുറിക്കിയോ

വീഡിയോ

“കർത്താവ് തന്നു; കർത്താവ് എടുത്തു…” (ജോബ് 1:21). ഇത് എത്രയോ സത്യമാണ്. ദൈവത്തിന്റെ സമൃദ്ധമായ ആശ്വാസം നാം അനുഭവിക്കുന്ന സമയങ്ങൾ ജീവിതത്തിലുണ്ട്. കുടുംബത്തിൽ വലിയ സന്തോഷമുണ്ടാകുന്ന നിമിഷങ്ങളിലോ മറ്റൊരാളുടെ ഉപാധികളില്ലാത്ത സ്നേഹം നാം അനുഭവിക്കുമ്പോഴോ ആയിരിക്കാം അത്. ചില സമയങ്ങളിൽ നമ്മുടെ പ്രാർഥനാജീവിതത്തിൽ ദൈവത്തിന്റെ ശക്തമായ സാന്നിധ്യം നാം അനുഭവിക്കുകയും ആനന്ദത്താൽ നിറയുകയും ചെയ്യുന്നു. എന്നാൽ ദൈവം അകലെയാണെന്നു തോന്നുകയും നമ്മുടെ ആത്മാവിൽ ശൂന്യത അനുഭവപ്പെടുകയും ചെയ്യുന്ന മറ്റു പല നിമിഷങ്ങളും ജീവിതത്തിലുണ്ട്. ഇതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. പാപമാണ് ഇതിനു കാരണമെങ്കിൽ, ആ പാപത്തെ നേരിടുക, അത് കുമ്പസാരിക്കുക, മുന്നോട്ടുപോകുക. എന്നാൽ ഇത് ഏതെങ്കിലും പാപത്തിന്റെ ഫലമല്ലെങ്കിൽ, നിങ്ങൾക്ക് എന്തുതന്നെ അനുഭവപ്പെട്ടാലും, നിങ്ങളുടെ വിശ്വാസവും ദൈവത്തോടുള്ള സ്നേഹവും ആഴപ്പെടുത്താനുള്ള അവസരമാണിതെന്ന് അറിയുക. ഇത് യഥാർഥമായ ഒരു കൃപയാണ്. നമ്മുടെ ഉള്ളിൽ കാര്യമായൊന്നും അനുഭവപ്പെടാത്തപ്പോഴും വിശ്വാസത്തിലേക്ക് നമ്മെ വിളിക്കാൻ തക്കവിധം ദൈവം നമ്മെ സ്നേഹിക്കുന്നതിൽ നാം നന്ദിയുള്ളവരായിരിക്കണം (കാണുക ഡയറി #943).

ഈ നിമിഷം നിങ്ങളുടെ ആത്മാവിൽ നിങ്ങൾ എന്താണ് അനുഭവിക്കുന്നത്? ദൈവത്തിന്റെ സാമീപ്യം നിങ്ങൾ അനുഭവിക്കുന്നുണ്ടോ? ആ സാമീപ്യം നിങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നുണ്ടോ? അതോ ദൈവം നിങ്ങളിൽനിന്ന് മറഞ്ഞിരിക്കുന്നതുപോലെ, ഉള്ളിൽ വരൾച്ചയും ശൂന്യതയും അനുഭവപ്പെടുന്നുണ്ടോ? ഓരോ അനുഭവത്തിലും നാം ആനന്ദിക്കുകയും ഓരോ നിമിഷത്തിലും നമുക്കാവശ്യമായ കൃപ ദൈവം നൽകുന്നുണ്ടെന്ന് അറിയുകയും വേണം. നിങ്ങൾക്ക് എന്തുതന്നെ അനുഭവപ്പെട്ടാലും, ഇന്ന് നിങ്ങളുടെ വിശ്വാസം പുതുക്കുക. പ്രത്യേകിച്ച് വലിയ ആന്തരിക ശൂന്യത അനുഭവപ്പെടുന്ന നിമിഷങ്ങളിൽ അങ്ങനെ ചെയ്യുക. ആ നിമിഷങ്ങളിലെ നിങ്ങളുടെ വിശ്വാസപ്രകടനം, നിങ്ങൾ തിരിച്ചറിയുന്നതിലും അധികമായി, നിങ്ങൾക്കും ലോകത്തിനുമായി ദൈവകരുണയുടെ കവാടങ്ങൾ തുറക്കും.

കർത്താവേ, ഇപ്പോഴും എപ്പോഴും ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എനിക്ക് എന്തുതന്നെ അനുഭവപ്പെട്ടാലും അങ്ങയോടുള്ള എന്റെ സ്നേഹം ഞാൻ പുതുക്കുന്നു. നല്ല സമയങ്ങളിലും പ്രയാസകരമായ സമയങ്ങളിലും അങ്ങയെ സ്നേഹിക്കാനും അങ്ങയിൽ വിശ്വസിക്കാനും അങ്ങയിൽ ആശ്രയിക്കാനും ഞാൻ തീരുമാനിക്കുന്നു. അങ്ങ് ആശ്വാസത്തിന്റെ ദൈവവും ആന്തരിക ശൂന്യതയുടെ ദൈവവുമാണ്. എന്തുതന്നെ സംഭവിച്ചാലും ഞാൻ അങ്ങയെ തിരഞ്ഞെടുക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജൂലൈ 28 – വിശുദ്ധ ഇരണേവൂസ്, മെത്രാനും രക്തസാക്ഷിയും
ഈ വർഷം ഞായറാഴ്ച വരുന്നതിനാൽ ആരാധനക്രമത്തിലെ അനുസ്മരണമായി ആഘോഷിക്കുന്നില്ല

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ