ചിത്രത്തിന്റെ ഉറവിടം: Unsplash
അനേകർ നേരിടുന്ന ഒരു സാധാരണ പോരാട്ടമാണ് അക്ഷമയുമായുള്ള പോരാട്ടം. നാം ആഗ്രഹിക്കുന്നത്, നാം ആഗ്രഹിക്കുന്ന സമയത്തുതന്നെ ലഭിക്കണമെന്ന് നാം ആഗ്രഹിക്കാറുണ്ട്. അതിവേഗം മുന്നേറുന്ന നമ്മുടെ സമൂഹത്തിൽ എല്ലാം തൽക്ഷണം ലഭിക്കുന്നത് നമുക്കു ശീലമായിരിക്കുന്നു. ഒരു മുഴുവൻ നേരത്തെ ഭക്ഷണം മിനിറ്റുകൾക്കുള്ളിൽ വീണ്ടും ചൂടാക്കാം, എഴുത്തുസന്ദേശങ്ങൾ നിമിഷങ്ങൾക്കുള്ളിൽ ലോകമെങ്ങും അയയ്ക്കാം, സംഭവങ്ങൾ നടക്കുന്ന നിമിഷംതന്നെ വാർത്തകൾ പടരുന്നു. അനേകർക്കാകട്ടെ, ആഗ്രഹിക്കാവുന്നതോ ആവശ്യമാകാവുന്നതോ ആയ ഏതാണ്ടെല്ലാം സാധാരണയായി വീടിനടുത്തുള്ള വലിയ വ്യാപാരശാലയിൽ ലഭ്യമാണ്; അവിടെ വാഹനത്തിൽ എത്താൻ അല്പസമയം മതി. ഇതെല്ലാം, നാം ആഗ്രഹിക്കുന്നത് നാം ആഗ്രഹിക്കുന്ന സമയത്തുതന്നെ ലഭിക്കണമെന്ന പ്രവണതയെ വളർത്തുന്നു. എന്നാൽ കർത്താവ് ഈ രീതിയിലല്ല പ്രവർത്തിക്കുന്നത്. അവിടുത്തേക്ക് സ്വന്തമായ ഒരു സമയക്രമമുണ്ട്; അത് എല്ലായ്പ്പോഴും അവിടുത്തെ പരിപൂർണമായ ജ്ഞാനത്തിന് അനുസൃതമാണ്. സത്യത്തിന് ഏറ്റവും ഉതകുമെന്ന് നാം കരുതുന്ന കാര്യം ചെയ്യാനും അത് ഇപ്പോൾത്തന്നെ ചെയ്യാനും നമുക്ക് പലപ്പോഴും പ്രലോഭനമുണ്ടാകാം. എന്നാൽ ചിലപ്പോൾ, പ്രവർത്തിക്കുന്നതിനുമുമ്പ് കാത്തിരിക്കാൻ ദൈവം തീരുമാനിക്കുന്നു. അവിടുന്ന് പ്രവർത്തിക്കുമ്പോൾ, അവിടുത്തെ വഴികൾ വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായിത്തീരുന്നു; അവിടുത്തെ ജ്ഞാനം സംശയാതീതമായി വെളിപ്പെടുന്നു (കാണുക ഡയറി #1587).
ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങൾ ചെയ്യാനോ ഏതെങ്കിലും സാഹചര്യത്തിൽ സത്യം പറയാനോ ഉള്ള നിങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് ചിന്തിക്കുക. അങ്ങനെ ചെയ്യാനുള്ള പ്രേരണ കർത്താവിൽനിന്നാണോ, അതോ നിങ്ങളുടെ സ്വന്തം അക്ഷമയാണോ നിങ്ങളെ പ്രേരിപ്പിക്കുന്നത്? ചിന്തിക്കേണ്ട ഒരു പ്രധാന ചോദ്യമാണിത്. കാരണം, ദൈവത്തിന്റെ സത്യം അവിടുത്തെ കല്പനപ്രകാരം, അവിടുത്തെ സമയത്തുമാത്രമേ വെളിപ്പെടുകയുള്ളൂ. ദൈവത്തെക്കൊണ്ട് തിടുക്കത്തിൽ പ്രവർത്തിപ്പിക്കാൻ നാം ശ്രമിച്ചാൽ, നാം നമ്മുടെ സ്വന്തം നിലയ്ക്കായിരിക്കും അതു ചെയ്യുന്നത്. വഴിതെറ്റിയതോ അക്ഷമയിൽനിന്ന് ഉളവായതോ ആയ നമ്മുടെ പ്രവൃത്തികളെപ്പോലും ദൈവം തന്റെ മഹത്ത്വത്തിനായി ഉപയോഗിക്കും എന്നതു ശരിയാണ്. എന്നാൽ നമ്മുടെ രീതിയിൽ നടപ്പാക്കുന്ന നമ്മുടെ പദ്ധതികൾക്ക്, ദൈവത്തിനു മാത്രം സാധിക്കുന്ന വിധത്തിൽ അവിടുത്തെ മഹത്തായ പ്രവൃത്തികൾ ഒരിക്കലും നിർവഹിക്കാനാവില്ല. ദൈവഹിതത്തെ ക്ഷമയോടെ കാത്തിരിക്കാൻ നിങ്ങൾക്ക് എത്രത്തോളം കഴിയുന്നുണ്ടെന്ന് ചിന്തിക്കുകയും ഇന്ന് ഒരു സമർപ്പണപ്രവൃത്തി നടത്തുകയും ചെയ്യുക. നിങ്ങളുടെ ആശ്രയവും സമർപ്പണവും ദൈവത്തിന്റെ പരിപൂർണമായ ഹിതത്തിനനുസരിച്ച് കരുണയുടെ വാതിലുകൾ തുറക്കും.
കർത്താവേ, അങ്ങേക്കും അങ്ങയുടെ പരിപൂർണമായ ഹിതത്തിനും ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. എന്റെ സ്വന്തം ആശയങ്ങളും പദ്ധതികളും മാറ്റിവച്ച് അങ്ങേക്കുമാത്രം കീഴടങ്ങാൻ എനിക്ക് ക്ഷമ നൽകണമേ. പ്രിയ കർത്താവേ, അങ്ങേക്കായി കാത്തിരിക്കാനും അങ്ങ് കല്പിക്കുന്നതുപോലെ മാത്രം പ്രവർത്തിക്കാനും ഞാൻ പഠിക്കുമാറാകട്ടെ. എന്റെ ദൈവമേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
നവംബർ 22 –പ്രപഞ്ചരാജാവായ യേശുക്രിസ്തുവിന്റെ മഹോത്സവം (വർഷം A)
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




