ചിത്രം ലഭിച്ചത്: Pixabay.
നമുക്കെല്ലാവർക്കുമുള്ള ഒരു പൊതുപ്രവണതയാണ് ജിജ്ഞാസ. അറിയാനുള്ള ആഗ്രഹത്തോടെ, മിക്കവാറും എല്ലാറ്റിനെക്കുറിച്ചും നമുക്ക് എളുപ്പത്തിൽ ജിജ്ഞാസ തോന്നുന്നു. മാസികകൾ, വാർത്താലേഖനങ്ങൾ, പരിപാടികൾ, ദിവസേനയുള്ള പരദൂഷണസദസ്സുകൾ തുടങ്ങിയവയെല്ലാം നമ്മുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്താൻ ലക്ഷ്യമിടുന്നു. ഈ ജിജ്ഞാസ ദൈവത്തെയും അവിടുന്ന് നമ്മോടു പറയുന്നതെല്ലാം അറിയാനുള്ള ആഗ്രഹമായി മാറണം. എന്നാൽ, ഇതോടൊപ്പം നാം ഇതും അറിയണം: നമുക്ക് അറിയാൻ കഴിയുകയില്ല. ദൈവത്തിന്റെ ജ്ഞാനവും തിരുഹിതവും നമ്മുടെ പരിമിതമായ മനസ്സിനും ഹൃദയത്തിനും അത്രയേറെ അതീതമായതിനാൽ, അവയുടെ രഹസ്യം മനസ്സിലാക്കാൻ നമുക്ക് ഒരിക്കലും കഴിയുകയില്ല. ജീവിതം ഒരു രഹസ്യമാണ്. പോരാട്ടവും കഷ്ടതയും രഹസ്യങ്ങളാണ്. സ്നേഹം ഒരു രഹസ്യമാണ്. എന്നിട്ടും, ജീവിതത്തിലെ എണ്ണമറ്റ രഹസ്യങ്ങളെ വിനയത്തോടെ അഭിമുഖീകരിക്കുമ്പോൾ, ദൈവത്തിന്റെ അഗ്രാഹ്യമായ രഹസ്യത്തെയും നാം അഭിമുഖീകരിക്കുന്നു. കൗതുകകരമെന്നു പറയട്ടെ, നമുക്ക് അറിയില്ലെന്ന് അറിയുന്നതും നമുക്ക് മനസ്സിലാക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കുന്നതും ദൈവത്തിന്റെ മഹത്തായ രഹസ്യം നമ്മുടെ മുമ്പിൽ തുറന്നുവയ്ക്കുന്നു. ഈ അഗ്രാഹ്യമായ രഹസ്യത്തിനു മുമ്പിൽ നാം ദൈവസന്നിധിയിലാണ്. ഇതൊരു ദാനമാണ്! ദൈവത്തിന്റെ രഹസ്യത്തിനു മുമ്പിൽ നമ്മുടെ ബുദ്ധി ഇങ്ങനെ നിശ്ശബ്ദമാകുന്നത്, വിശ്വാസത്തോടെ ജീവിതത്തെ അഭിമുഖീകരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. പൂർണ്ണമായി ഗ്രഹിക്കാതെതന്നെ അറിയാനുള്ള ഒരു വഴിയാണ് വിശ്വാസം. അന്ധകാരത്തിലാണെങ്കിലും വ്യക്തതയോടും ഉറപ്പോടുംകൂടെ ജീവിതത്തിലൂടെ നടക്കാൻ നമ്മെ പ്രാപ്തരാക്കുന്ന ഒരു ദാനമാണത് (കാണുക: ഡയറി #651).
ദൈവത്തെയോ അവിടുത്തെ വഴികളെയോ നിങ്ങൾക്ക് മനസ്സിലാകുന്നില്ലെന്ന് തോന്നുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തിലേക്കു നോക്കി, “എന്തുകൊണ്ട് ഇത്?” അല്ലെങ്കിൽ “എന്തുകൊണ്ട് അത്?” അല്ലെങ്കിൽ “ഇതിലെല്ലാം ദൈവം എവിടെയാണ്?” എന്നു നിങ്ങൾ ചിന്തിക്കാറുണ്ടോ? ദൈവവും അവിടുത്തെ വഴികളും ഒരു രഹസ്യമാണ്. എന്നാൽ, അതൊരു രഹസ്യമായതിനാൽ, വിശ്വാസത്തിന്റെ അന്ധകാരത്തിൽ അതിലേക്കു പ്രവേശിക്കാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നു. നിങ്ങളുടെ ചിന്തകളിലേക്ക് ആഴ്ന്നിറങ്ങാനും പുതിയൊരു വിധത്തിൽ നിങ്ങളെ പഠിപ്പിക്കാനും പരിശുദ്ധാത്മാവിനെ അനുവദിച്ചാൽ മാത്രമേ ഇത് അർത്ഥവത്താകുകയുള്ളൂ. ദൈവത്തിന്റെ മനസ്സിനെയും തിരുഹിതത്തെയും കുറിച്ചുള്ള നിങ്ങളുടെ “ധാരണ” മറ്റു തരത്തിലുള്ള അറിവുകളെപ്പോലെ ആയിരിക്കില്ല; മറിച്ച്, നിങ്ങളുടെ അറിവ് പുതുമയുള്ളതും ഉറപ്പുള്ളതും വ്യക്തവും ആഴമുള്ളതും ആയിരിക്കും; അതേസമയം അത് രഹസ്യാത്മകമായിരിക്കുകയും ചെയ്യും. വിശ്വാസത്താൽ പഠിപ്പിക്കപ്പെടാൻ നിങ്ങളെത്തന്നെ അനുവദിക്കുക. അപ്പോൾ ജീവിതത്തിൽ നിങ്ങൾ നേരിടുന്ന ഏതൊരു രഹസ്യത്തെയും കഷ്ടതയെയും അഭിമുഖീകരിക്കാൻ നിങ്ങൾക്കു കഴിയും.
കർത്താവേ, അഗ്രാഹ്യമായ രഹസ്യമേ! വിസ്മയാദരവോടെയും അന്ധകാരത്തിലും ഞാൻ അങ്ങയുടെ മുമ്പിൽ നിൽക്കുന്നു. എങ്കിലും, എന്റെ ഗ്രാഹ്യശക്തിയുടെ അന്ധകാരത്തിൽ, അങ്ങയിലുള്ള എന്റെ വിശ്വാസവും ആശ്രയവും ഞാൻ വീണ്ടും ഉറപ്പിക്കുന്നു. എന്റെ ജീവിതത്തിന്റെ രഹസ്യത്തെയും, അതിലുമുപരിയായി അങ്ങയുടെ ജീവിതത്തിന്റെ രഹസ്യത്തെയും അഭിമുഖീകരിക്കുമ്പോൾ, വിശ്വാസമെന്ന ദാനത്താൽ എന്നെ പൂർണ്ണമായി കീഴടക്കാൻ ഞാൻ അങ്ങയെ അനുവദിക്കുന്നു. കാണാതെ വിശ്വസിക്കാനും മനസ്സിലാക്കാതെ അറിയാനും എന്നെ സഹായിക്കണമേ. എല്ലാറ്റിലുമുപരിയായി, അഗ്രാഹ്യമായ രഹസ്യമേ, എന്റെ ജീവിതം അങ്ങേക്കു സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നു; മറ്റെല്ലാറ്റിനുമുപരിയായി ഞാൻ അങ്ങയെ തിരഞ്ഞെടുക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മേയ് 12 –
രക്തസാക്ഷികളായ വിശുദ്ധ നേരെയൂസും അഖില്ലേയൂസും
രക്തസാക്ഷിയായ വിശുദ്ധ പാൻക്രാസ്
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




