മലയാളം

ധ്യാനചിന്ത 38: നമ്മുടെ അനുദിന കർത്തവ്യം

റാഫേൽ വരച്ച അത്ഭുതകരമായ മീൻപിടിത്തം

വീഡിയോ

തങ്ങളുടെ ജീവിതം വിരസവും ഏകതാനവുമാണെന്ന് ചിലർക്കു തോന്നിയേക്കാം. ദിവസവും ഒരേ കാര്യങ്ങൾതന്നെ ആവർത്തിക്കുന്നു. ചിലപ്പോൾ നാം പുതിയ ഉണർവും അനുഭവവും തേടുന്നു. എന്നാൽ ജീവിതത്തിലെ ലളിതവും ആവർത്തിച്ചുവരുന്നതും ഏകതാനവുമായ കാര്യങ്ങളിലെല്ലാം ഓരോ ദിവസവും ദൈവകൃപ നമ്മെ അനുഗമിക്കാൻ നാം അനുവദിച്ചാൽ, ജീവിതം എപ്പോഴും പുതുമയുള്ളതാണെന്ന് നാം കണ്ടെത്തും. ഓരോ അനുഭവവും ഒരു പുതിയ നിമിഷവും പുതിയൊരു കൃപയുമാണ്. നമ്മുടെ അനുദിന കർത്തവ്യം നമുക്ക് ഒരിക്കലും മടുപ്പുളവാക്കുകയില്ല. കാരണം, സകലതും ഫലദായകവും മനോഹരവുമാക്കിക്കൊണ്ട് ഓരോ നിമിഷത്തിലും സജീവമായും പുതുമയോടെയും സന്നിഹിതനായിരിക്കുന്ന ദൈവത്തെ നാം കണ്ടെത്തും. ദൈവത്തിന്റെ കൃപയിലും കരുണയിലും ജീവിക്കുമ്പോൾ, ഏറ്റവും ചെറുതും ഏറെ ആവർത്തിച്ചുവരുന്നതുമായ ദൈനംദിന പ്രവൃത്തികളിൽപ്പോലും നാം ആനന്ദവും ഉണർവും കണ്ടെത്തും. ഓരോ ദിവസത്തെയും ഓരോ നിമിഷത്തിലും ജീവിതത്തെ സ്നേഹിക്കാൻ നമ്മെ പ്രാപ്തരാക്കുന്ന കരുണയാണിത് (കാണുക: ഡയറി #62).

നിങ്ങളുടെ അനുദിന കർത്തവ്യത്തെക്കുറിച്ച് ചിന്തിക്കുക. ഓരോ ദിവസവും നിങ്ങൾ ഭയത്തോടെ നേരിടുന്ന കാര്യങ്ങളുണ്ടോ? ആരുടെയും നന്ദി ലഭിക്കാത്തതും മടുപ്പിക്കുന്നതുമായി തോന്നുന്ന ജോലികളുണ്ടോ? ഓരോ ദിവസത്തെയും ഓരോ നിമിഷത്തിലും നമ്മുടെ കർത്താവ് നിങ്ങളോടൊപ്പം നടക്കുന്നുവെന്ന് മനസ്സിൽ കാണാൻ ശ്രമിക്കുക. വലുതോ ചെറുതോ ആയ ഓരോ പ്രവൃത്തിയിലും അവിടുന്ന് നിങ്ങളോടൊപ്പമുള്ളതായി കാണുക. നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃത്തിയും ദൈവത്തോടുള്ള സ്നേഹത്തിന്റെ പ്രകടനമായി മാറാൻ കഴിയുമെന്ന് അറിയുക. അങ്ങനെ സംഭവിക്കുമ്പോൾ, ജീവിതത്തിൽ കൂടുതൽ ആനന്ദം കണ്ടെത്താൻ നിങ്ങൾ തുടങ്ങും.

കർത്താവേ, എന്റെ അനുദിന യാത്രയിൽ എന്നെ അനുഗമിക്കാൻ ഞാൻ അങ്ങയെ ക്ഷണിക്കുന്നു. എനിക്കുള്ള വലുതും ചെറുതുമായ ഓരോ കർത്തവ്യത്തിലേക്കും ഞാൻ അങ്ങയെ ക്ഷണിക്കുന്നു. ഞാൻ ചെയ്യുന്ന വലുതും ചെറുതുമായ എല്ലാ കാര്യങ്ങളും അങ്ങേക്കുള്ള സ്നേഹത്തിന്റെ സജീവമായ സമ്മാനങ്ങളാക്കി മാറ്റാൻ എന്നെ സഹായിക്കണമേ. ആ സ്നേഹത്തിൽ, ആനന്ദത്തോടെ അങ്ങയുടെ കരുണ കണ്ടെത്താനും അതിൽ ജീവിക്കാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ