രണ്ട് കള്ളന്മാരുടെ മധ്യേ കുരിശിൽ കിടക്കുന്ന ക്രിസ്തു — പീറ്റർ പോൾ റൂബൻസിന്റെ ചിത്രം
നാം യേശുവിനെ അനുഗമിക്കുന്നതിനാൽ, നാം ചെയ്യുന്ന എല്ലാറ്റിലും നിരന്തരം ആശ്വാസവും സാന്ത്വനവും ലഭിക്കണമെന്ന ചിന്തയുടെ കെണിയിൽ വീഴാൻ എളുപ്പമാണ്. അത് ശരിയാണോ? ശരിയുമാണ്, ശരിയല്ലതാനും. ഒരർഥത്തിൽ, നാം എപ്പോഴും ദൈവഹിതം നിറവേറ്റുകയും അത് നിറവേറ്റുകയാണെന്ന് അറിയുകയും ചെയ്യുന്നുവെങ്കിൽ, നമ്മുടെ ആശ്വാസം നിരന്തരമായിരിക്കും. എന്നാൽ, സ്നേഹത്തെപ്രതി ദൈവം നമ്മുടെ ആത്മാവിൽനിന്ന് എല്ലാ ആത്മീയ ആശ്വാസവും എടുത്തുമാറ്റുന്ന സമയങ്ങളുണ്ട്. ദൈവം അകലെയാണെന്നു നമുക്കു തോന്നുകയും ആശയക്കുഴപ്പമോ ദുഃഖവും നിരാശയുംപോലുമോ അനുഭവപ്പെടുകയും ചെയ്യാം. എന്നാൽ ഈ നിമിഷങ്ങൾ നമുക്കു സങ്കൽപ്പിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ കരുണയുടെ നിമിഷങ്ങളാണ്. ദൈവം അകലെയാണെന്നു തോന്നുമ്പോൾ, അത് പാപത്തിന്റെ ഫലമല്ലെന്ന് ഉറപ്പുവരുത്താൻ നാം എപ്പോഴും മനസ്സാക്ഷി പരിശോധിക്കണം. നമ്മുടെ മനസ്സാക്ഷി നിർമലമാണെന്ന് ഉറപ്പായാൽ, ദൈവസാന്നിധ്യം അനുഭവവേദ്യമാകാതിരിക്കുന്നതിലും ആത്മീയ ആശ്വാസങ്ങൾ നഷ്ടപ്പെടുന്നതിലും നാം സന്തോഷിക്കണം. എന്തുകൊണ്ട്? കാരണം, നമ്മുടെ അനുഭവങ്ങൾ എന്തുതന്നെയായാലും അനുസരണത്തിലേക്കും ഉപവിയിലേക്കും ദൈവം നമ്മെ ക്ഷണിക്കുന്നതിനാൽ, ഇത് അവിടുത്തെ കരുണയുടെ ഒരു പ്രവൃത്തിയാണ്. ഉടനടി ആശ്വാസമൊന്നും അനുഭവപ്പെടുന്നില്ലെങ്കിലും സ്നേഹിക്കാനും സേവിക്കാനുമുള്ള അവസരം നമുക്കു ലഭിക്കുന്നു. ഇത് നമ്മുടെ സ്നേഹത്തെ കൂടുതൽ ശക്തമാക്കുകയും ദൈവത്തിന്റെ നിർമ്മലമായ കരുണയോട് നമ്മെ കൂടുതൽ ദൃഢമായി ഐക്യപ്പെടുത്തുകയും ചെയ്യുന്നു (കാണുക ഡയറി #68).
മനസ്സു തളരുകയോ ക്ലേശമനുഭവപ്പെടുകയോ ചെയ്യുന്ന നിമിഷംതന്നെ ദൈവത്തിൽനിന്ന് അകന്നുപോകാനുള്ള പ്രലോഭനത്തെക്കുറിച്ച് ചിന്തിക്കുക. സ്നേഹിക്കാൻ തോന്നാത്തപ്പോഴും സ്നേഹിക്കാനുള്ള ദാനങ്ങളും അവസരങ്ങളുമായി ഈ നിമിഷങ്ങളെ കാണുക. കരുണയാൽ രൂപാന്തരപ്പെട്ട് കരുണയുടെ ഏറ്റവും നിർമ്മലമായ രൂപമായിത്തീരാനുള്ള അവസരങ്ങളാണിവ.
കർത്താവേ, എനിക്ക് എന്തു തോന്നുന്നു എന്നതു പരിഗണിക്കാതെ, അങ്ങയെയും അങ്ങ് എന്റെ ജീവിതത്തിലേക്കു കൊണ്ടുവരുന്ന എല്ലാവരെയും സ്നേഹിക്കാൻ ഞാൻ തീരുമാനിക്കുന്നു. മറ്റുള്ളവരോടുള്ള സ്നേഹം എനിക്കു വലിയ ആശ്വാസം നൽകുന്നുവെങ്കിൽ, ഞാൻ അങ്ങേക്കു നന്ദി പറയുന്നു. മറ്റുള്ളവരെ സ്നേഹിക്കുന്നത് പ്രയാസകരവും വരണ്ടതും വേദനാജനകവുമാണെങ്കിൽ, ഞാൻ അങ്ങേക്കു നന്ദി പറയുന്നു. കർത്താവേ, എന്റെ സ്നേഹത്തെ ശുദ്ധീകരിച്ച് അങ്ങയുടെ ദൈവകരുണയുടെ കൂടുതൽ യഥാർഥമായ രൂപമാക്കി മാറ്റണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
ഫെബ്രുവരി 8: വിശുദ്ധ ജെറോം എമിലിയാനി, സ്ഥാപകൻ & വിശുദ്ധ ജോസഫൈൻ ബക്കിത്ത, കന്യക
ഞായറാഴ്ച വരുന്നതിനാൽ ഈ വർഷം ആരാധനാക്രമത്തിൽ അനുസ്മരണമായി ആഘോഷിക്കുന്നില്ല
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




