മലയാളം

വിചിന്തനം 125: ബലിയാത്മാവ്

ജോൺ ജോസഫ് കിൽപിൻ ഫ്ലെച്ചർ, പൊതുസഞ്ചയത്തിലുള്ളത്, വിക്കിമീഡിയ കോമൺസ് വഴി

വീഡിയോ

സഹനത്തിന്റെ ഒരു പ്രത്യേക ദൗത്യത്തിനായി നമ്മുടെ കർത്താവ് ചിലരെ തിരഞ്ഞെടുക്കുന്നുവെന്ന് നിങ്ങൾക്കറിയാമോ? ഭൂമിയിൽ നിരപരാധിയായിരിക്കെ താൻ അനുഭവിച്ച സഹനങ്ങളോട് കൂടുതൽ പൂർണമായി അനുരൂപരാകാൻ അവിടുന്ന് ചുരുക്കം ചിലരെ തിരഞ്ഞെടുക്കുന്നു. ഈ വിശുദ്ധാത്മാക്കൾ പലവിധത്തിലും വ്യത്യസ്തമായ രീതികളിലും സഹിക്കുന്നു. അവർ ഈശോയുടെതന്നെ നിരപരാധമായ സഹനങ്ങളുടെ തുടർച്ചയാണ്. ഭൂമിയിൽ അവർക്ക് വളരെ വ്യക്തമായ ഒരു ദൗത്യമുണ്ട്; സങ്കൽപ്പിക്കാവുന്നതിൽവച്ച് ഏറ്റവും വലിയ ത്യാഗം ആവശ്യപ്പെടുന്ന ഒരു ദൗത്യമാണത്. തിരഞ്ഞെടുക്കപ്പെട്ട ഈ ചുരുക്കം പേർക്കുള്ള സദ്വാർത്ത ഇതാണ്: സ്വർഗത്തിൽ അവരെ കാത്തിരിക്കുന്ന മഹത്വത്തിന്റെ കിരീടം, ഭൂമിയിലെ അവരുടെ ഓരോ സഹനവും മൂല്യവത്താക്കുന്നു. ആനന്ദത്തോടെ പൂർണമായി ഏറ്റെടുത്ത്, പുത്രനിലൂടെ പിതാവിന് അർപ്പിക്കുന്ന തങ്ങളുടെ സഹനങ്ങളിലൂടെ, വിശുദ്ധ പൗലോസ് നമുക്ക് വിശദീകരിച്ചുതരുന്നതുപോലെ, “ക്രിസ്തുവിന്റെ പീഡകളിൽ കുറവുള്ളത്” അവർ നികത്തുന്നു (കൊളോസോസ് 1:24). ഈ അതുല്യമായ വിളി ആഴമേറിയ രീതിയിൽ ചുരുക്കം ചിലർക്കു മാത്രമേ നൽകപ്പെടുന്നുള്ളൂവെങ്കിലും, ക്രിസ്തുവിന്റെ മഹത്വീകരണത്തിലും പങ്കുചേരേണ്ടതിന് അവിടുത്തെ സഹനങ്ങളിൽ പങ്കുചേരാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു (കാണുക ഡയറി #604).

നിങ്ങളുടെ അനുദിന സഹനങ്ങളെ നിങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? നിങ്ങൾ അവയെ “സമർപ്പിക്കാറുണ്ടോ?” നമ്മുടെ സഹനങ്ങളെ തന്റെ സഹനങ്ങളോട് ചേർത്തുവയ്ക്കാനുള്ള ഈശോയുടെ ഈ ക്ഷണം യഥാർഥമായ ഒരു വിളിയാണ്; മറ്റെന്തിനെക്കാളും കൃപയ്ക്കുള്ള സാധ്യത അതിലുണ്ട്. നമ്മെ അവിടുത്തോട് ഏറ്റവും അനുരൂപരാക്കുന്നത് ഇതാണ്. നമുക്ക് അർപ്പിക്കാവുന്ന ഏറ്റവും വലിയ ത്യാഗവും നമുക്ക് പ്രാർഥിക്കാവുന്ന ഏറ്റവും ശക്തമായ പ്രാർഥനയും ഇതുതന്നെ. നിങ്ങളുടെ ജീവിതത്തിൽ നേരിടുന്ന സഹനങ്ങളെക്കുറിച്ച് ചിന്തിക്കുക. അവ എന്തുതന്നെയായാലും അവയിൽനിന്ന് ഓടിയകലരുത്. അവയെ ഏറ്റെടുത്ത് ആനന്ദത്തോടെ നമ്മുടെ കർത്താവിന് സമർപ്പിക്കാൻ ശ്രമിക്കുക.

സ്വർഗസ്ഥനായ പിതാവേ, ഈ ദിവസത്തിലെ എന്റെ എല്ലാ സന്തോഷങ്ങളും പ്രവൃത്തികളും സഹനങ്ങളും ഞാൻ അങ്ങേക്കു നൽകുന്നു. പ്രത്യേകിച്ച്, ഞാൻ സഹിക്കുന്ന വേദനകൾ അങ്ങേക്ക് അർപ്പിക്കുന്നു. എന്റെ ജീവിതത്തിൽ ചെറുതും വലുതുമായ ഏതെല്ലാം വിധങ്ങളിൽ ഞാൻ സഹനവും ക്ലേശവും വേദനയും അനുഭവിക്കുന്നുവോ, അവയെല്ലാം ഞാൻ അങ്ങേക്ക് അർപ്പിക്കുന്നു. അങ്ങയുടെ പുത്രനായ ഈശോയുടെ ഏകവും പരിപൂർണവുമായ ബലിയോടു ചേർന്ന് അർപ്പിക്കപ്പെടുന്ന സ്നേഹബലിയായി ഇവ മാറട്ടെ. ഈ സമർപ്പണത്തെ രൂപാന്തരപ്പെടുത്തി ഈ ലോകത്തിൽ കൃപയുടെ ഉറവിടമാക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുതിരുനാൾ പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ