ലൂക്ക കംബിയാസോ, CC0, വഴി Wikimedia Commons
നമുക്ക് അർപ്പിക്കാവുന്ന ഏറ്റവും മഹത്തായ പ്രാർഥന “സമർപ്പണപ്രാർഥന”യാണ്. കുരിശിൽ ക്രിസ്തു അർപ്പിച്ച ഏക ബലിയോടു ചേർന്ന് പിതാവിന് അർപ്പിക്കുന്ന ഒരു ബലിയാണ് സമർപ്പണപ്രാർഥന. നാം നമ്മെത്തന്നെ അർപ്പിക്കുന്നത് സ്വന്തം നിലയ്ക്കല്ല. ക്രിസ്തുയേശുവിനോടു ചേർന്നാണ് നാം നമ്മെത്തന്നെ അർപ്പിക്കുന്നത്. പ്രത്യേകിച്ചും, നമ്മുടെ പ്രാർഥനകളും ഉപവാസവും ഇന്ദ്രിയനിഗ്രഹവും അനുദിന ജോലികളും നാം ദൈവത്തിന് അർപ്പിക്കണം. എല്ലാ ദിവസവും പ്രാർഥനകൾ ചൊല്ലുക. ഉപവാസത്തിലൂടെയും മറ്റു സ്വയംപരിത്യാഗങ്ങളിലൂടെയും നിങ്ങളുടെ ജഡികാഭിലാഷങ്ങളെ പതിവായി നിഗ്രഹിക്കുക. നിങ്ങളുടെ അനുദിന ജോലികളെല്ലാം ദൈവത്തിനുള്ള സമ്മാനമായും ഓരോ ദിവസവും അവിടുത്തെ തിരുഹിതത്തിനു വഴങ്ങുന്നതിന്റെ ഫലമായും ചെയ്യുക. ഇവയെല്ലാം പുത്രനോടൊപ്പം പിതാവിന് അർപ്പിക്കുക. ദൈവം നിങ്ങളുടെ സമർപ്പണത്തെ നിർമലവും വിശുദ്ധവുമായ ബലിയായി സ്വീകരിക്കും (കാണുക ഡയറി #531).
പ്രാർഥിക്കുമ്പോൾ, നിങ്ങളുടെ പ്രാർഥനയെ ഒരു സമർപ്പണമാക്കാറുണ്ടോ? പലപ്പോഴും നാം ഈ ആവശ്യത്തിനോ ആ ആവശ്യത്തിനോ വേണ്ടി പ്രാർഥിക്കുകയും അവിടെ നിർത്തുകയും ചെയ്യുന്നു. നമ്മുടെ ആവശ്യങ്ങൾ ദൈവത്തിന്റെ മുമ്പിൽ സമർപ്പിക്കുന്നത് നല്ലതാണ്. നാം അവ അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ അവിടുന്ന് നമ്മുടെ ആവശ്യങ്ങൾ അറിയുന്നു. എങ്കിലും, നമ്മുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റിത്തരണമെന്ന് നാം അവിടുത്തോടു ചോദിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. എന്നാൽ നിങ്ങളുടെ പ്രാർഥന അവിടെ അവസാനിപ്പിക്കരുത്. നിങ്ങൾ അതിനപ്പുറത്തേക്കു കടക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു. നിങ്ങളിൽനിന്ന് അവിടുന്ന് ബലി ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രാർഥന ദൈവത്തിനുള്ള അനുദിന ബലിയായി മാറുന്നുണ്ടോ എന്നു ചിന്തിക്കുക. ബലിയർപ്പണമെന്ന ഈ ചിന്താരീതി നിങ്ങളുടെ അനുദിന ചിന്തയുടെ ഭാഗമല്ലെങ്കിൽ, അതിനെ അങ്ങനെയാക്കാൻ തുടങ്ങുക. അനുദിന ജീവിതത്തിലും പ്രാർഥനയിലും ത്യാഗമനോഭാവത്തോടെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. കർത്താവ് നിങ്ങളുടെ ബലി സ്വീകരിക്കുകയും നിങ്ങളുടെ വിശുദ്ധീകരണത്തിനും സഭ മുഴുവന്റെയും വിശുദ്ധീകരണത്തിനുമായി അതിനെ ശക്തമായ രീതികളിൽ ഉപയോഗിക്കുകയും ചെയ്യും.
കർത്താവേ, അങ്ങ് അങ്ങയുടെ ജീവിതമാകുന്ന പരിപൂർണ ബലി പിതാവിന് അർപ്പിക്കുക മാത്രമല്ല, യഥാർഥ പ്രാർഥനയുടെ പരിപൂർണ മാതൃക എനിക്കു നൽകുകയും ചെയ്തു. എന്റെ ജീവിതമാകുന്ന ബലി അനുദിനം അങ്ങേക്ക് അർപ്പിക്കാൻ എന്നെ സഹായിക്കണമേ. ഈ ബലിയിലൂടെ അങ്ങ് എന്നെ വിശുദ്ധനാക്കുകയും അങ്ങയുടെ സഭയെ കൂടുതൽ വിശുദ്ധിയിലേക്കു നയിക്കുകയും ചെയ്യണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഏപ്രിൽ 23 – വിശുദ്ധ ഗീവർഗീസ്, രക്തസാക്ഷി
വിശുദ്ധ അഡൽബെർട്ട്, മെത്രാനും രക്തസാക്ഷിയും
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ
ഇ-പുസ്തകമായും പേപ്പർബാക്ക് പതിപ്പായും ലഭ്യമാണ്:
Amazon – Barnes and Noble – Google Play – iTunes
ദൈവകരുണയെക്കുറിച്ചുള്ള ദൈനംദിന ധ്യാനചിന്തകൾ:
വിശുദ്ധ ഫൗസ്റ്റീനയോടൊപ്പം 365 ദിനങ്ങൾ





