മലയാളം

ധ്യാനം 176: ലോകത്തിന്റെ പാപത്തിനെതിരായ പോരാട്ടം

പ്രാർഥനാനിരതയായ യുവസന്ന്യാസിനി, വരച്ചത്: സെർഗെയ് ഗ്രിബ്കോവ്

വീഡിയോ

ദൈവം ലോകത്തെ നോക്കുമ്പോൾ എന്താണ് കാണുന്നത്? തീർച്ചയായും അവിടുന്ന് തന്റെ സൃഷ്ടിയുടെ സൗന്ദര്യവും തന്റെ പദ്ധതിയുടെ പരിപൂർണമായ ക്രമവും തന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും സാന്നിധ്യവും കാണുന്നു. എന്നാൽ അസംഖ്യം പാപങ്ങളുടെ ഭീകരതയും അവിടുന്ന് കാണുന്നു. ഏറ്റവും നിസ്സാരമായ പാപമോ അപൂർണതയോപോലും അവിടുത്തെ ദൃഷ്ടിയിൽനിന്ന് മറഞ്ഞിരിക്കുകയില്ല. ലോകത്തിന്റെ പാപങ്ങളെല്ലാം ഒറ്റനോട്ടത്തിൽ ഉൾക്കൊള്ളാൻ ശ്രമിക്കുന്നത് ഒന്നു സങ്കല്പിച്ചുനോക്കൂ. എന്നാൽ തന്റെ പരിപൂർണമായ കരുണയിൽ, താൻ പ്രത്യേകം തിരഞ്ഞെടുത്ത എളിമയും വിശുദ്ധിയുമുള്ള ആത്മാക്കളിൽനിന്ന് ആശ്വാസം സ്വീകരിക്കാൻ അവിടുന്ന് സന്നദ്ധനാകുന്നു. അതെ, എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടവരാണ്. എന്നാൽ ചില ആത്മാക്കൾ മറ്റുള്ളവരെക്കാൾ കൂടുതലായി വിശുദ്ധിയുടെ ഉന്നതികളിലേക്കുള്ള വിളിയോട് പ്രത്യുത്തരിക്കുന്നു. അതുവഴി അവർ നമ്മുടെ ലോകത്തിലെ തിന്മകളെ ശക്തമായി ചെറുക്കുന്നു. ലോകത്തിൽനിന്ന് മറഞ്ഞ്, ആന്തരിക മാനസാന്തരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ആവൃത സന്ന്യാസജീവിതം നയിക്കുന്നവരുടെ സവിശേഷമായ വിളികളിലൊന്നാണിത്. ഇത്തരം വിശുദ്ധാത്മാക്കൾ കൊണ്ടുള്ള പ്രയോജനം നാം കാണുന്നില്ലായിരിക്കാം; എന്നാൽ ദൈവം അതു കാണുന്നു. പ്രത്യേകിച്ച് ഇവരും വിശുദ്ധരായ എല്ലാ ആത്മാക്കളും നിമിത്തം അവിടുത്തെ ക്രോധം കരുണയായി മാറുന്നു (കാണുക ഡയറി #926).

തിരഞ്ഞെടുക്കപ്പെട്ട ഈ ആത്മാക്കളിൽ ഒരാളാണ് നിങ്ങൾ എന്ന വസ്തുതയെക്കുറിച്ച് ധ്യാനിക്കുക. ആവൃതമഠത്തിലെ മറഞ്ഞ ജീവിതത്തിലേക്ക് നിങ്ങൾ വിളിക്കപ്പെട്ടിട്ടില്ലായിരിക്കാം; എങ്കിലും വലിയ വിശുദ്ധി കൈവരിക്കാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ വിശുദ്ധി കാണുമ്പോൾ ദൈവത്തിന്റെ നീതി സംതൃപ്തമാകുകയും അവിടുത്തെ കരുണ ഒഴുകിപ്പുറപ്പെടുകയും ചെയ്യുന്നു. നിങ്ങൾ പറയുന്ന കാര്യങ്ങളും നിങ്ങളുടെ ചിന്തകളും നിങ്ങൾ അർപ്പിക്കുന്ന പ്രാർഥനകളും മറ്റാരും ഒരിക്കലും അറിഞ്ഞെന്നുവരില്ല. എങ്കിലും എല്ലാം കാണുന്ന ദൈവം നിങ്ങളുടെ ഹൃദയവും ജീവിതത്തിൽ നിങ്ങൾ കൈവരിക്കുന്ന വിശുദ്ധിയും കാണുന്നു. സ്വന്തം ശക്തിയാൽ നിങ്ങൾക്ക് നിർവഹിക്കാൻ കഴിയുന്ന എല്ലാ വാക്കുകളെയും പ്രവൃത്തികളെയുംകാൾ കൂടുതൽ ഫലം ഈ വിശുദ്ധി ഉളവാക്കും. നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ഒരാത്മാവാണ്. ആ ദൗത്യം നിറവേറ്റുക; അപ്പോൾ നിങ്ങൾ ദൈവകരുണയുടെ ശക്തമായ ഒരു ഉപകരണമായിത്തീരും.

കർത്താവേ, വിശുദ്ധിയിലേക്ക് എന്നെ തിരഞ്ഞെടുത്തതിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഈ വിളി ഞാൻ സ്വീകരിക്കുകയും പൂർണഹൃദയത്തോടെ അങ്ങയെ സേവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. പ്രിയ കർത്താവേ, എന്റെ ജീവിതം അങ്ങയുടേതാണ്; അങ്ങയുടെ തിരുവിഷ്ടംപോലെ എന്നിൽ പ്രവർത്തിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ