മലയാളം

വിചിന്തനം 127: അനുസരണത്തിലൂടെയുള്ള ദൈവസ്നേഹം

ഗെത്‌സെമനി തോട്ടത്തിലെ ക്രിസ്തു — ഗെരാർഡ് വാൻ ഹോന്തോർസ്റ്റ് വരച്ച ചിത്രം

വീഡിയോ

നിങ്ങളുടെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടുംകൂടെ ദൈവത്തെ സ്നേഹിക്കാനാണ് നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നത്.  എന്നാൽ നിങ്ങൾ ഇത് എങ്ങനെ ചെയ്യും?  ദൈവത്തോടുള്ള സ്നേഹം നമ്മുടെ ജീവിതത്തിൽ പ്രവൃത്തിയിലൂടെ പ്രകടമാകുന്നത് എങ്ങനെയാണ്?  ആത്യന്തികമായി, വിശുദ്ധമായ അനുസരണത്തിലൂടെയാണ് നാം ദൈവത്തെ സ്നേഹിക്കുന്നത്.  മറ്റെല്ലാറ്റിനുമുപരിയായി അവിടുത്തെ ദൈവികഹിതം നാം അനുസരിക്കണം.  ദൈവത്തോടുള്ള സ്നേഹം ഏറ്റവും നന്നായി പ്രകടമാകുന്നത് വിശുദ്ധമായ അനുസരണത്തിലാണെന്നത് ഒരുപക്ഷേ വിചിത്രമായ ഒരു ആശയമായി തോന്നിയേക്കാം.  എന്നാൽ അതു സത്യമാണ്.  ലളിതമായ ഒരു വസ്തുത നിമിത്തമാണ് അത് വിശുദ്ധമായ അനുസരണത്തിൽ പ്രകടമാകുന്നത്: ദൈവഹിതം പൂർണ്ണമാണ്, നമുക്ക് തികച്ചും അനുയോജ്യമാണ്, നമുക്ക് കൃത്യമായി ആവശ്യമുള്ളതാണ്; അതിനുവേണ്ടിയാണ് നാം സൃഷ്ടിക്കപ്പെട്ടത്. അവിടുത്തെ ഹിതത്തിന് നാം പൂർണ്ണമായി കീഴടങ്ങണം.  ഒടുവിൽ, സ്നേഹത്തിന്റെ ഈ രൂപവും ആഴവും നമുക്ക് മനസ്സിലാക്കാനുള്ള ഏക മാർഗം അത് ജീവിതത്തിൽ പ്രാവർത്തികമാക്കുക എന്നതാണ് (കാണുക ഡയറി #616).

വിശുദ്ധമായ അനുസരണം അഭ്യസിക്കുന്നതിൽ നിങ്ങൾ എത്രത്തോളം മുന്നേറുന്നുണ്ട്?  ഇതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങൾക്ക് പ്രചോദനം തോന്നുന്നുണ്ടോ, അതോ വിമുഖതയാണോ തോന്നുന്നത്?  വിശുദ്ധമായ അനുസരണം സ്വീകരിക്കാനും പൂർണ്ണഹൃദയത്തോടെ ജീവിക്കാനും പ്രയാസമുള്ള ഒരു പുണ്യമായിരിക്കാം.  അത് നല്ലതാണെന്ന് അംഗീകരിക്കാനും സ്വീകരിക്കാനും പ്രയാസമുണ്ടാകാം.  എല്ലാ കാര്യങ്ങളിലും ദൈവത്തെ അനുസരിക്കാൻ പരിശ്രമിക്കുക എന്ന ആശയത്തോടുള്ള നിങ്ങളുടെ ആന്തരിക പ്രതികരണം ശ്രദ്ധിക്കുക.  ഈ അഭ്യാസത്തോടുള്ള എല്ലാ എതിർപ്പുകളും നിങ്ങളിൽനിന്ന് നീക്കാൻ കഴിഞ്ഞാൽ, പൂർണ്ണതയുള്ള ഈ രീതിയിൽ ദൈവത്തെ സ്നേഹിക്കുന്നതിൽ നിങ്ങൾ വലിയ ആനന്ദം കണ്ടെത്തും.

കർത്താവേ, എല്ലാ കാര്യങ്ങളിലും അങ്ങയെ അനുസരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.  അങ്ങയുടെ നിയമം പൂർണ്ണമാണെന്നും അതു സ്വീകരിക്കുമ്പോൾ എന്റെ ആത്മാവിനെ പൂർണ്ണമായി നവീകരിക്കുന്നുവെന്നും ഓർത്ത് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു.  അങ്ങയുടെ ഹിതം എന്റേതാക്കുന്നതിനായി, വിശുദ്ധമായ ഈ രീതിയിൽ എപ്പോഴും അങ്ങയെ സ്നേഹിക്കാൻ എന്നെ സഹായിക്കണമേ.  ഈ പ്രവൃത്തിയിലൂടെ, പിതാവിന്റെ ഹിതത്തോടുള്ള അങ്ങയുടെ പരിപൂർണ്ണമായ അനുസരണം ഞാൻ അനുകരിക്കുന്നു.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഉയിർപ്പുതിരുനാൾ പ്രാർഥനകൾ

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ