ഈശോയുടെ മാധുര്യം നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടോ? ഈശോ പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊപ്പം നിങ്ങളുടെ ആത്മാവിന്റെ രഹസ്യമായ ആഴങ്ങളിലേക്ക് വരുന്നു. അവിടെ, ഈ നിഗൂഢസ്ഥാനത്ത്, അവർ നിങ്ങളുമായി സംവദിക്കാൻ ആഗ്രഹിക്കുന്നു. അവരുടെ സംവാദം വാക്കുകൾക്കും ആശയങ്ങൾക്കും അതീതമാണ്. ആത്മാവിനെ സമാധാനത്തിലും അതിമധുരമായ ആനന്ദത്തിലും നിലനിർത്തുന്ന അഗാധമായ സ്നേഹത്തിന്റെ പകർന്നുനൽകലാണത്. നിങ്ങളുമായുള്ള അവരുടെ സമാഗമം ഒരു വികാരമല്ല; അത് ആത്മീയമായ ഐക്യമാണ് (കാണുക ഡയറി #622).
ഈശോയോടും പിതാവിനോടും പരിശുദ്ധാത്മാവിനോടുമുള്ള നിങ്ങളുടെ ബന്ധം എത്ര ആഴമുള്ളതാണ്? അത് കൂടുതലും ബൗദ്ധികമായ ഒന്നാണോ? അവരിൽ നിങ്ങൾ വിശ്വസിക്കുന്നു എന്ന വസ്തുതയെ മാത്രം ആശ്രയിച്ചാണോ ആ ബന്ധം പ്രധാനമായും നിലനിൽക്കുന്നത്? അതോ അതിലും ഏറെ ആഴമുള്ള ഒന്നാണോ അത്? യഥാർഥവും അനുഭവവേദ്യവുമായ രീതിയിൽ ദൈവത്തെ അറിയുക എന്നതായിരിക്കണം ലക്ഷ്യം. എന്നാൽ ദൈവത്തെക്കുറിച്ചുള്ള ആ അറിവ് വ്യക്തിപരവുമായിരിക്കണം. ജീവിതത്തിൽ അനുഭവിച്ചറിയുന്നതും എല്ലാ കാര്യങ്ങളിലും നിങ്ങളെ താങ്ങിനിർത്തുന്നതുമായ ഒരു ബന്ധമായി അത് മാറണം. പരിശുദ്ധ ത്രിത്വം നിങ്ങളിൽ വസിക്കുകയും ആ ബന്ധത്തെ പൂർണഹൃദയത്തോടെ സ്വീകരിക്കാൻ നിങ്ങൾ തയ്യാറാവുകയും ചെയ്യുന്നെങ്കിൽ, നിങ്ങൾ സഹിക്കുന്ന ഏതു കഷ്ടപ്പാടിനെയും ദുരിതത്തെയും അതിജീവിക്കുന്ന ഒരു ആന്തരിക മാധുര്യം നിങ്ങൾ കണ്ടെത്തും. ആ സ്നേഹത്തിന്റെ മാധുര്യം അനുദിനം നിങ്ങളെ സ്വർഗത്തിന്റെ മഹിമകളിലേക്കു നയിക്കും.
കർത്താവേ, അങ്ങയെ അറിയാനും സ്നേഹിക്കാനും അങ്ങയുമായി ഒന്നാകാനും ഞാൻ അതിയായി ആഗ്രഹിക്കുന്നു. അങ്ങയുടെ സാന്നിധ്യത്തിന്റെ മാധുര്യത്താൽ എന്നെ നവോന്മേഷഭരിതനാക്കിക്കൊണ്ട് അങ്ങ് എന്റെ ആത്മാവിൽ വസിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. മധുരമുള്ള ഈശോയെ, എന്റെ ജീവിതം സ്വീകരിച്ച് സ്നേഹത്തിൽ പരിപൂർണമായ അങ്ങയുടെ ഹൃദയത്തോട് എന്നെ ഒന്നാക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ





