മലയാളം

വിചിന്തനം 121: നിങ്ങളുടെ ഹൃദയാന്തരത്തിലെ രഹസ്യത്തോട്ടം

ചിത്രം: pixnio.com

വീഡിയോ

നിങ്ങളുടെ വീടിന്റെ ഉള്ളിൽ, ആരുടെയും കണ്ണിൽപ്പെടാത്ത ഒരു നടുമുറ്റവും അതിൽ ഒരു തോട്ടവും ഉണ്ടെന്ന് സങ്കൽപ്പിക്കുക. ഈ രഹസ്യത്തോട്ടത്തെക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു. നിങ്ങൾ നടുകയും മണ്ണിളക്കുകയും അധ്വാനിക്കുകയും കളപറിക്കുകയും വിളവെടുക്കുകയും ചെയ്തിരുന്ന ഇടമായിരുന്നു അത്. ഈ തോട്ടത്തിലെ വിളവ് പിന്നീട് പലർക്കും പോഷണവും സന്തോഷവും നൽകാനായി രഹസ്യമായി വിതരണം ചെയ്തിരുന്നു. ഇത് നിങ്ങളുടെ ആത്മാവിന്റെ ആഴങ്ങളുടെ ഒരു ചിത്രമാണ്. വീട് നിങ്ങളുടെ മുഴുവൻ വ്യക്തിത്വത്തെയും പ്രതീകപ്പെടുത്തുന്നു. ഉള്ളിൽ മറഞ്ഞിരിക്കുന്ന തോട്ടം നിങ്ങളുടെ ആത്മാവിന്റെ ആന്തരികവും രഹസ്യവുമായ ആഴങ്ങളെ പ്രതീകപ്പെടുത്തുന്നു. നമ്മുടെ കർത്താവാണ് തോട്ടക്കാരൻ. രഹസ്യമായി അകത്തുകടന്ന് മണ്ണിളക്കുകയും നടുകയും കളപറിക്കുകയും വളർത്തുകയും നിങ്ങളുടെ ജീവിതത്തിൽനിന്ന് ഉളവാകുന്ന അനേകം നല്ല ഫലങ്ങൾ വിളവെടുക്കുകയും ചെയ്യുന്നത് അവിടുന്നാണ്. ആരും അറിയാതെ നിങ്ങളുടെ ജീവിതത്തിൽ ഏറെ അധ്വാനിച്ചുകൊണ്ട് രഹസ്യമായി പ്രവേശിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. നിങ്ങൾ അവിടുത്തെ അകത്തേക്കു പ്രവേശിക്കാൻ അനുവദിച്ചാൽ, അനേകരുടെ ജീവിതങ്ങളെ സ്വാധീനിച്ചുകൊണ്ട് നിറഞ്ഞൊഴുകുന്ന സദ്ഗുണങ്ങളുടെ സമൃദ്ധിയിലൂടെ അതിന്റെ ഫലം അനുഭവപ്പെടും (ഡയറി #581 കാണുക).

നിങ്ങളുടെ സ്വന്തം ആത്മാവിന്റെ ഉള്ളിലെ രഹസ്യത്തോട്ടത്തിലേക്ക് പ്രവേശിക്കാൻ നിങ്ങൾ നമ്മുടെ കർത്താവിനെ അനുവദിക്കുന്നുണ്ടോ? സമൃദ്ധമായ വിളവ് ഉളവാക്കിക്കൊണ്ട് നിങ്ങളുടെ ഉള്ളിൽ അധ്വാനിക്കാൻ നിങ്ങൾ അവിടുത്തെ അനുവദിക്കുന്നുണ്ടോ? നിങ്ങളിൽ ചെയ്യാൻ അവിടുന്ന് ആഗ്രഹിക്കുന്ന ഈ പ്രവൃത്തി നിങ്ങൾക്കു മാത്രം കാണാൻ കഴിയുന്ന ഒന്നാണ്. നിങ്ങളുടെ ജീവിതത്തിൽ പ്രവർത്തിക്കുന്ന കൃപയുടെ ഒരു വിശുദ്ധ രഹസ്യമാണത്. നിങ്ങളോടുള്ള പരിപൂർണ്ണ സ്നേഹത്തിൽനിന്നാണ് കർത്താവ് ഇത് നിങ്ങൾക്കു നൽകുന്നത്. അവിടുത്തെ അകത്തേക്കു പ്രവേശിക്കാൻ അനുവദിക്കുമെന്ന് ഇന്ന് അവിടുത്തോടു പറയുക. തുടർന്ന്, ഈ നടുമുറ്റത്തെ സമൃദ്ധമായി വിളയുന്ന ഒരു തോട്ടമാക്കി മാറ്റിക്കൊണ്ട് അവിടുന്ന് അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നത് നോക്കിക്കാണുക.

കർത്താവേ, ഈ നടുമുറ്റം ഞാൻ കാണുന്നു; എല്ലാത്തരം കളകളും അതിൽ പടർന്നുപിടിച്ചിരിക്കുന്നുവെന്ന് ഞാൻ അറിയുന്നു. ഏറെ ജോലി ചെയ്യാനുണ്ട്. എങ്കിലും, ഇന്ന് ഞാൻ അങ്ങയോട് “അതെ” എന്നു പറയുന്നു. അങ്ങ് എനിക്കായി വാഗ്ദാനം ചെയ്യുന്ന പരിപൂർണ്ണ സ്നേഹത്തിന്റെ അധ്വാനം ഞാൻ സ്വീകരിക്കുന്നു. അങ്ങ് ചെയ്യാൻ ആഗ്രഹിക്കുന്ന അത്ഭുതകരമായ പ്രവൃത്തിക്കായി ഞാൻ അങ്ങയോടു നന്ദി പറയുന്നു. അങ്ങ് മണ്ണൊരുക്കുകയും അങ്ങയുടെ സദ്ഗുണങ്ങൾ നടുകയും വിളവ് ഉളവാക്കുകയും ചെയ്യുമ്പോൾ, അങ്ങയോട് ക്ഷമയുള്ളവനായിരിക്കാനും അങ്ങയെ ആരാധിക്കാനും എന്നെ സഹായിക്കണമേ. എന്റെ പ്രിയ കർത്താവേ, ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.

മേയ് 1 – തൊഴിലാളിയായ വിശുദ്ധ യൗസേപ്പ്—ഐച്ഛിക അനുസ്മരണം

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ