നേർച്ചസമർപ്പണം, രചന: ഫിലിപ്പ് ദെ ഷാംപെയ്ൻ
ദൈവഹിതത്തിനു പകരം സ്വന്തം ഇഷ്ടം ചെയ്യുന്നതിൽനിന്നു നമ്മെ കാക്കുന്ന ഏറ്റവും വലിയ സംരക്ഷണങ്ങളിലൊന്നാണ് വിശുദ്ധ അനുസരണം. സന്യസ്തജീവിതം നയിക്കുന്നവർക്ക് ഇത് അക്ഷരാർഥത്തിലും ബാഹ്യമായും ജീവിക്കാനുള്ള അനുഗ്രഹമുണ്ട്. ബാഹ്യമായ ഈ അനുഷ്ഠാനം ആന്തരികമാകാൻ അനുവദിക്കുന്നതിലൂടെ, തങ്ങൾ ദൈവഹിതമനുസരിച്ചാണു ജീവിക്കുന്നതെന്ന ഉറപ്പിലേക്ക് അവർ എത്തുന്നു. എന്നാൽ അനുസരണം സന്യസ്തജീവിതത്തിൽ മാത്രമല്ല, എല്ലാ ജീവിതാന്തസ്സുകളിലും പാലിക്കപ്പെടണം. പല രീതികളിലാണ് അനുസരണം പ്രാവർത്തികമാകുന്നത്. സ്നേഹവും ഐക്യവും വളർത്തുന്നതിനായി ഒരുതരത്തിലുള്ള അനുസരണത്തിൽ നമ്മെത്തന്നെ കീഴ്പ്പെടുത്തിക്കൊണ്ട്, മറ്റുള്ളവരുടെ താത്പര്യങ്ങൾക്ക് നമ്മുടെ ഇഷ്ടം വിട്ടുകൊടുക്കുമ്പോൾ കുടുംബജീവിതത്തിൽ അത് പ്രാവർത്തികമാകുന്നു. നമ്മുടെ സഭയുടെ സ്വരത്തിനും പ്രബോധനത്തിനും നമ്മുടെ ഇഷ്ടം വിധേയമാക്കുമ്പോൾ അത് ആഴമായ വിധത്തിൽ പ്രാവർത്തികമാകുന്നു. കർത്താവ് തന്റെ സഭയിലൂടെ അരുളിച്ചെയ്യുന്ന കാര്യങ്ങളോട് വിശുദ്ധ അനുസരണത്തിൽ ജീവിച്ചാൽ നമുക്ക് ഒരിക്കലും തെറ്റുപറ്റുകയില്ല. ഈ അനുസരണത്തിൽ ജീവിക്കുമ്പോൾ ദൈവഹിതം പുറത്തുനിന്ന് നമ്മുടെമേൽ അടിച്ചേൽപ്പിക്കപ്പെടുകയില്ല; മറിച്ച്, ആദ്യം നമ്മുടെ ഹൃദയത്തിൽ അവിടുന്നു സംസാരിക്കുന്നതു നാം കേൾക്കും; പിന്നീട് അതിന് ബാഹ്യമായ സ്ഥിരീകരണവും ലഭിക്കും (കാണുക ഡയറി #932-933).
മറ്റൊരാളുടെ താത്പര്യത്തിനു വഴങ്ങാൻ ദൈവം നിങ്ങളെ സൗമ്യമായും സൂക്ഷ്മമായും വിളിക്കുന്നത് നിങ്ങൾ കേൾക്കുന്നുണ്ടോ? ദൈവഹിതത്തിനു വിരുദ്ധമായ കാര്യങ്ങൾക്കു നിങ്ങൾ വഴങ്ങരുത്. എന്നാൽ സ്വയം ത്യജിച്ച് മറ്റൊരാളുടെ ഇഷ്ടം “അനുസരണയോടെ” സ്വീകരിക്കാൻ ഓരോ ദിവസവും അനേകം അവസരങ്ങളുണ്ട്. ദൈവം തന്റെ സഭയിലൂടെ വെളിപ്പെടുത്തുന്ന തിരുഹിതത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് എല്ലായ്പ്പോഴും ഇങ്ങനെ ചെയ്യാൻ കഴിഞ്ഞാൽ, കരുണയുടെ കവാടങ്ങൾ തുറക്കപ്പെടുന്നതു നിങ്ങൾ കാണും; നിങ്ങളുടെ എളിയ വിധേയത്വം നിങ്ങളെ വലിയ വിശുദ്ധിയിലേക്കു നയിക്കുകയും ചെയ്യും.
കർത്താവേ, എന്റെ സ്വന്തം ഇഷ്ടം ഉപേക്ഷിച്ച് മറ്റൊരാളുടെ ഇഷ്ടം സ്വീകരിക്കുക ചിലപ്പോഴൊക്കെ വളരെ പ്രയാസമാണ്. ഈ ചെറിയ പ്രവൃത്തികളെ യഥാർഥ സ്നേഹത്തിന്റെയും അങ്ങയോടുള്ള വിശുദ്ധമായ വിധേയത്വത്തിന്റെയും പ്രവൃത്തികളായി കാണാൻ എന്നെ സഹായിക്കണമേ. വിശുദ്ധ അനുസരണത്തിൽ പ്രവർത്തിക്കുമ്പോൾ, പ്രത്യേകിച്ച് അതിന് വലിയ ത്യാഗം ആവശ്യമായി വരുമ്പോൾ, എന്റെ ഇഷ്ടത്തെ അങ്ങയുടെ തിരുഹിതത്തിന് അനുരൂപമായി രൂപപ്പെടുത്താൻ ഞാൻ അങ്ങയെ അനുവദിക്കട്ടെ. അങ്ങയുടെ സഭയിലൂടെ വെളിപ്പെടുത്തപ്പെടുന്ന അങ്ങയുടെ തിരുഹിതം ഞാൻ തിരഞ്ഞെടുക്കുകയും എന്റെ സ്വന്തം ആശയങ്ങളെക്കാൾ ആ വെളിപ്പെടുത്തലിന് എപ്പോഴും വിധേയനാകുകയും ചെയ്യുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ജൂൺ 26 – വിശുദ്ധ ഹോസെമരിയ എസ്ക്രിവാ, പുരോഹിതൻ–ഐച്ഛിക അനുസ്മരണം
(വിവിധ സഭാപ്രവിശ്യകളിൽ)
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




