ചിത്രം ലഭിച്ചത്: Pixabay.
നിങ്ങൾ ഈശോയുമായി സംസാരിക്കാറുണ്ടോ? ഏറെ ഫലദായകമായ ഒരു പ്രാർത്ഥനാരീതിയാണിത്. ദൈവവുമായുള്ള “സംഭാഷണം” പ്രാർത്ഥനയുടെ ഏറ്റവും ഉന്നതമായ രൂപമല്ലെങ്കിലും, പലപ്പോഴും നാം പ്രാർത്ഥന ആരംഭിക്കേണ്ടത് ഈ രീതിയിലാണ്. ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള ഭാരമോ ആശയക്കുഴപ്പമോ അനുഭവിക്കുമ്പോൾ ദൈവവുമായുള്ള സംഭാഷണം വിശേഷാൽ ഫലദായകമാണ്. അത്തരം അവസരങ്ങളിൽ അതേക്കുറിച്ച് നമ്മുടെ കർത്താവിനോട് തുറന്നും സത്യസന്ധമായും സംസാരിക്കുന്നത് സഹായകരമാകും. ഹൃദയാന്തരത്തിൽ അവിടുത്തോടു സംസാരിക്കുന്നത്, നാം നേരിടുന്ന ഏതു തടസ്സത്തെക്കുറിച്ചും വ്യക്തത ലഭിക്കാൻ സഹായിക്കും. സംഭാഷണം പൂർത്തിയാകുകയും അവിടുത്തെ വ്യക്തമായ മറുപടി നാം കേൾക്കുകയും ചെയ്തുകഴിയുമ്പോൾ, അവിടുന്ന് പറയുന്നതിനു നമ്മെത്തന്നെ സമർപ്പിച്ചുകൊണ്ട് പ്രാർത്ഥനയിൽ കൂടുതൽ ആഴത്തിലേക്കു പ്രവേശിക്കാൻ നാം ക്ഷണിക്കപ്പെടുന്നു. ഈ പ്രാരംഭ സംഭാഷണത്തിലൂടെയും അതിനെത്തുടർന്നുള്ള മനസ്സിന്റെയും ഇച്ഛാശക്തിയുടെയും പൂർണ്ണമായ സമർപ്പണത്തിലൂടെയും ദൈവത്തോടുള്ള യഥാർത്ഥ ആരാധന സാധ്യമാകുന്നു. അതിനാൽ എന്തെങ്കിലും നിങ്ങളുടെ മനസ്സിനെ അലട്ടുന്നുണ്ടെങ്കിൽ, അതേക്കുറിച്ച് നമ്മുടെ കർത്താവിനോട് തുറന്നും സത്യസന്ധമായും സംസാരിക്കാൻ മടിക്കരുത്. അത് എളുപ്പവും ഫലദായകവുമായ ഒരു സംഭാഷണമാണെന്ന് നിങ്ങൾ കണ്ടെത്തും (കാണുക ഡയറി # 670).
നിങ്ങളെ ഏറ്റവും അധികം അലട്ടുന്ന കാര്യം എന്താണെന്ന് ചിന്തിക്കുക. നിങ്ങളെ ഭാരപ്പെടുത്തുന്നതായി തോന്നുന്നത് എന്താണ്? മുട്ടുകുത്തി ഈശോയുടെ മുമ്പിൽ നിങ്ങളുടെ ഹൃദയം തുറക്കാൻ ശ്രമിക്കുക. അവിടുത്തോടു സംസാരിക്കുക; അതിനുശേഷം നിശ്ശബ്ദരായി അവിടുത്തെ മറുപടിക്കായി കാത്തിരിക്കുക. നിങ്ങൾ ഹൃദയം തുറന്നിരിക്കുമ്പോൾ, ഉചിതമായ രീതിയിലും ഉചിതമായ സമയത്തും അവിടുന്ന് നിങ്ങൾക്ക് മറുപടി നൽകും. അവിടുന്ന് സംസാരിക്കുന്നതു കേൾക്കുമ്പോൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക. യഥാർത്ഥ ആരാധനയുടെയും ദൈവാരാധനാജീവിതത്തിന്റെയും പാതയിൽ നടക്കാൻ ഇതു നിങ്ങളെ പ്രാപ്തരാക്കും.
പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുകയും പൂർണ്ണഹൃദയത്തോടെ ആരാധിക്കുകയും ചെയ്യുന്നു. എന്റെ ആശങ്കകൾ വിശ്വാസപൂർവം അങ്ങയുടെ അടുക്കൽ കൊണ്ടുവരാനും, അവ അങ്ങയുടെ മുമ്പിൽ സമർപ്പിച്ച് അങ്ങയുടെ മറുപടിക്കു കാതോർക്കാനും എന്നെ സഹായിക്കണമേ. പ്രിയ ഈശോയേ, അങ്ങ് എന്നോടു സംസാരിക്കുമ്പോൾ, അങ്ങയുടെ സ്വരം ശ്രദ്ധിക്കാനും യഥാർത്ഥ ഔദാര്യത്തോടെ പ്രത്യുത്തരിക്കാനും എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മേയ് 15 – വിശുദ്ധ ഇസിദോർ
പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി ചൊല്ലുന്നത്
മേയ് 15, വെള്ളിയാഴ്ച – മേയ് 23, ശനിയാഴ്ച
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




