ചിത്രം: needpix.com വഴി
കഴിഞ്ഞ ഒരു മാസത്തെ നിങ്ങളുടെ പ്രാർഥനാജീവിതത്തിന്റെ ഉള്ളടക്കം പരിശോധിച്ചാൽ, നിങ്ങൾ എന്തായിരിക്കും കാണുക? സമർപ്പണത്തിന്റെയും മധ്യസ്ഥപ്രാർഥനയുടെയും സ്തുതിയുടെയും ആരാധനയുടെയും അനേകം നിമിഷങ്ങൾ അതിൽ ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. അതുപോലെ, നിങ്ങളുടെ പ്രാർഥന ദൈവത്തിന് ആഴമായ നന്ദി അർപ്പിക്കുന്നതായിരുന്ന അനേകം നിമിഷങ്ങളും ഉണ്ടായിട്ടുണ്ടാകുമെന്ന് പ്രത്യാശിക്കാം. നന്ദിയുള്ളവരായിരിക്കുന്നതും, യഥാർഥമായ നന്ദി പുലർത്തുന്നതും, ആ നന്ദി പ്രാർഥനയിൽ പ്രകടിപ്പിക്കുന്നതും ശക്തിയുള്ള കാര്യമാണ്. നന്ദി പറയാൻ നമുക്ക് എത്രയോ കാര്യങ്ങളുണ്ട്. എന്നിട്ടും, ദൈവം നമുക്കു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങളെക്കാൾ നമ്മുടെ പ്രശ്നങ്ങളിലാണ് പലപ്പോഴും നാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും ഇരുണ്ട നാഴികയിൽപ്പോലും, നന്ദി പറയാനുള്ള അനേകം കാര്യങ്ങൾ വിശുദ്ധിയുള്ള ഒരു ആത്മാവിന് കണ്ടെത്താനാകും. ഏറെ ആത്മാർഥതയോടെ ദൈവത്തിന് നന്ദിയുടെ പ്രാർഥനകൾ അർപ്പിക്കുന്നത്, യഥാർഥ ആത്മീയാനന്ദത്തിന്റെ ഉന്നതികളിലേക്ക് നമ്മുടെ മനസ്സിനെ ഉയർത്താൻ കഴിവുള്ളതാണ് (കാണുക ഡയറി #675).
എന്തിനൊക്കെയാണ് നിങ്ങൾ നന്ദിയുള്ളവരായിരിക്കുന്നത്? കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഏതെല്ലാം വിധങ്ങളിലാണ് ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നത്? ദൈവത്തിൽനിന്നു ലഭിച്ച അനുഗ്രഹങ്ങൾ ഉടനടി നിങ്ങളുടെ മനസ്സിൽ വരുന്നില്ലെങ്കിൽ, “നിങ്ങളുടെ അനുഗ്രഹങ്ങൾ എണ്ണിനോക്കാൻ” കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാകാം അത്. ദൈവം നമുക്കു നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങളിൽ നമ്മുടെ ദൃഷ്ടി പതിപ്പിക്കുന്നതും, അവയെ തിരിച്ചറിഞ്ഞ് ഓരോന്നായി ഓർത്തെടുക്കുന്നതും, അവയിൽ ആനന്ദിക്കുന്നതും നല്ലതാണ്. അവയെ നാം കൂടുതൽ തിരിച്ചറിയുമ്പോൾ നമ്മുടെ നന്ദി വർധിക്കുന്നു; നമ്മുടെ നന്ദി വർധിക്കുന്തോറും നാം കൂടുതൽ അനുഗ്രഹിക്കപ്പെടുന്നു.
കർത്താവേ, എന്റെ ജീവിതത്തിലെ എണ്ണമറ്റ അനുഗ്രഹങ്ങൾക്കായി അഗാധമായ കൃതജ്ഞതയോടെ ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ആ അനുഗ്രഹങ്ങളെക്കുറിച്ച് ഓരോ ദിവസവും കൂടുതൽ ബോധവാനാകാനും അവയ്ക്കായി നന്ദിയുള്ളവനായിരിക്കാനും എന്നെ സഹായിക്കണമേ. ജീവിതംതന്നെ ഒരു ദാനമാണെന്നും രാവും പകലും അങ്ങ് എന്റെ ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. പ്രത്യേകിച്ച് ജീവിതം ദുഷ്കരമാകുമ്പോഴോ ഏതെങ്കിലും ഭാരം എന്നെ തളർത്തുമ്പോഴോ ഈ അനുഗ്രഹങ്ങൾ കാണാൻ എന്നെ സഹായിക്കണമേ. നന്ദിനിറഞ്ഞ ഒരു ഹൃദയം എനിക്കുണ്ടാകട്ടെ; അങ്ങയുടെ നന്മയിൽ ഞാൻ എപ്പോഴും ആനന്ദിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
പരിശുദ്ധാത്മാവിനോടുള്ള നൊവേന
പന്തക്കുസ്തായ്ക്കുള്ള ഒരുക്കമായി ചൊല്ലുന്നത്
മേയ് 15, വെള്ളിയാഴ്ച – മേയ് 23, ശനിയാഴ്ച
ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




