മലയാളം

വിചിന്തനം 134: നമ്മുടെ കൂട്ടായ അധ്വാനത്തിന്റെ മാധുര്യം

ചിത്രം ലഭിച്ചത്: Pixabay.

വീഡിയോ

ഒരു തേനീച്ച ദിവസവും ഉത്സാഹത്തോടെ അധ്വാനിക്കുന്നു. ഒരു കൂട്ടിലെ തേനീച്ചകളെല്ലാം ഒരേ സ്വാഭാവിക ലക്ഷ്യത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. തേൻ ഉൽപാദിപ്പിക്കാനാണ് അവ അധ്വാനിക്കുന്നത്. ഇത് നിസ്സാരമായ ജോലിയല്ല; അൽപം തേൻ ഉൽപാദിപ്പിക്കാൻ ആയിരക്കണക്കിന് തേനീച്ചകളുടെ നിരന്തരമായ അധ്വാനം ആവശ്യമാണ്. എന്നാൽ ഒടുവിൽ അവയുടെ പരിശ്രമങ്ങൾ ഫലമണിയുകയും തേൻ ഉൽപാദിപ്പിച്ച് കൂട്ടിൽ സംഭരിക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ ജീവിതവും ഇതുപോലെയാണ്. വ്യക്തിപരമായി കർത്താവിനെ സേവിക്കാൻ നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നു; എന്നാൽ മറ്റുള്ളവരുമായുള്ള കൂട്ടായ്മയിലും നാം അതു ചെയ്യുന്നു. സന്യാസസമൂഹങ്ങളും രൂപതകളും ഇടവകകളും കുടുംബങ്ങളും സുഹൃത്തുക്കളും ഒരു വിശ്വാസസമൂഹമായി കർത്താവിനെ സേവിക്കാൻ വിവിധ രീതികളിൽ വിളിക്കപ്പെട്ടിരിക്കുന്നു. ഓരോരുത്തരും തങ്ങളുടെ പങ്കു നിർവഹിക്കുമ്പോൾ, ഏറെ ആവശ്യങ്ങളുള്ള ഒരു ലോകത്തിലേക്ക് തന്റെ സ്നേഹത്തിന്റെ മാധുര്യം എത്തിക്കാനായി കർത്താവ് സമൃദ്ധമായ സദ്ഫലങ്ങൾ പുറപ്പെടുവിക്കുന്നു (കാണുക ഡയറി #664).

നിങ്ങൾ നിങ്ങളെത്തന്നെ ഒരു “ഒറ്റപ്പെട്ട ക്രൈസ്തവൻ” എന്നാണോ കാണുന്നത്? അതോ സഭയ്ക്ക് ഒന്നാകെ തന്റെ ദൗത്യം പൂർത്തിയാക്കാൻ കഴിയേണ്ടതിന്, നിങ്ങളുടെ എളിയ പങ്കു നിർവഹിക്കാൻ പരിശ്രമിക്കുന്ന ദൈവകുടുംബത്തിലെ ഒരംഗമായാണോ നിങ്ങളെത്തന്നെ കാണുന്നത്? സ്നേഹത്തിനായി വിശക്കുന്ന ഒരു ലോകത്തിലേക്ക് നമ്മുടെ കർത്താവിന്റെ മധുരമായ സ്നേഹം എത്തിക്കാനാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ ചെറിയ പങ്ക് നിങ്ങൾ നിർവഹിക്കുന്നുണ്ടോ എന്നു വിചിന്തനം ചെയ്യുക. നിങ്ങളുടെ പങ്കു നിർവഹിക്കുക എന്നതു മാത്രമാണ് നിങ്ങളുടെ ഉത്തരവാദിത്വം. ഓരോ ദിവസവും ദിവസത്തിലെ ഓരോ നിമിഷവും ദൈവഹിതം സ്വീകരിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല അത്. സ്നേഹത്തിന്റെ ചെറിയ പ്രവൃത്തികൾ, വിശ്വസിക്കാനുള്ള അനുദിന തീരുമാനം, നിങ്ങളുടെ ഇച്ഛയുടെ എളിയ സമർപ്പണം എന്നിവയാണവ. ജീവിതത്തിലെ നിങ്ങളുടെ ദൗത്യം നിറവേറ്റാൻ നിങ്ങൾക്കു കഴിയും. നിങ്ങൾ അങ്ങനെ ചെയ്യുമ്പോൾ, കർത്താവ് അതിനെ തന്റെ എല്ലാ പുത്രന്മാരുടെയും പുത്രിമാരുടെയും പ്രവൃത്തികളോടു ചേർക്കും. തന്റെ സഭ മുഴുവനിലൂടെയും അവിടുന്ന് ലോകത്തെ രൂപാന്തരപ്പെടുത്തി, തന്റെ മഹത്വപൂർണമായ രാജ്യം സംജാതമാക്കും.

കർത്താവേ, ഒരു തേനീച്ച വളരെ കുറച്ചു തേൻ മാത്രം ഉൽപാദിപ്പിക്കുന്നതുപോലെ, എന്റെ പ്രവൃത്തികളും അങ്ങേക്കുള്ള സേവനവും അങ്ങ് എന്നെ ഏൽപ്പിച്ച കാര്യങ്ങൾ മാത്രമേ നിറവേറ്റുന്നുള്ളൂ. എന്റെ സ്നേഹവും സേവനവും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങ് അവയെ മറ്റുള്ളവരുടെ സ്നേഹത്തോടും സേവനത്തോടും ചേർത്ത്, അവയെല്ലാം ഒരുമിച്ച്, ഇത്രയേറെ ആവശ്യങ്ങളുള്ള ഒരു ലോകത്തിനായി സമൃദ്ധമായ കരുണ പുറപ്പെടുവിക്കുമാറാകട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മേയ് 14 – വിശുദ്ധ മത്തിയാസ് അപ്പസ്തോലൻ അല്ലെങ്കിൽ നമ്മുടെ കർത്താവിന്റെ സ്വർഗാരോഹണം (വർഷം A)

ഉയിർപ്പുകാല പ്രാർഥനകൾ

ഉയിർപ്പുകാലത്തേക്കുള്ള തിരുവചന ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ