വിശുദ്ധ യൗസേപ്പിന്റെ മരണശയ്യയ്ക്കരികിൽ ഈശോയും മറിയവും, ചിത്രം: Lawrence OP, CC BY-NC-ND 2.0.
നിങ്ങളുടെ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത് ഒരുപക്ഷേ ഭയപ്പെടുത്തുന്നതായിരിക്കാം. നിങ്ങൾ പതിവായി ചിന്തിക്കുന്ന ഒരു കാര്യമായിരിക്കില്ല അത്. എന്നാൽ സ്വന്തം മരണത്തെ പൂർണ്ണമായ ആത്മവിശ്വാസത്തോടെ നേരിട്ടു നോക്കിക്കാണാൻ കഴിയുന്നത് ഒരു കൃപയാണ്. നിങ്ങളുടെ ജീവിതം ക്രമത്തിലായിരിക്കുകയും പൂർണ്ണമായി ദൈവത്തിന് സമർപ്പിക്കപ്പെട്ടിരിക്കുകയും ചെയ്താൽ മാത്രമേ പൂർണ്ണമായ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചെയ്യാൻ കഴിയൂ. നിങ്ങളുടെ ആത്മാവിലേക്ക് സത്യസന്ധമായി നോക്കി, വിശുദ്ധിയാണ് നിങ്ങളുടെ പരമലക്ഷ്യമെന്ന് കാണാൻ കഴിയുന്നെങ്കിൽ, സമാധാനത്തോടും ശാന്തതയോടുംകൂടി മരണത്തെയും നേരിട്ടു നോക്കിക്കാണാൻ നിങ്ങൾക്ക് കഴിയും. അങ്ങനെയെങ്കിൽ ഭയപ്പെടാൻ എന്താണുള്ളത്? നിങ്ങളുടെ പാപത്തിനും ഖേദങ്ങൾക്കും പരിഹാരം കണ്ടിട്ടുണ്ടെങ്കിൽ ഭയപ്പെടാൻ എന്താണുള്ളത്? ഈ സാഹചര്യത്തിൽ ഭയപ്പെടാൻ ഒന്നുമില്ല. വിശുദ്ധിയുള്ള ആത്മാവിന് മരണം ഒരു പ്രതിഫലവും ആനന്ദത്തോടും പ്രതീക്ഷയോടുംകൂടി കാത്തിരിക്കാവുന്ന ഒരു യാത്രയുമാണ് (കാണുക ഡയറി #1343).
ഭൂമിയിലെ നിങ്ങളുടെ അവസാന ദിവസമാണ് ഇന്നെന്ന് സങ്കല്പിക്കുന്ന ഈ ലളിതമായ അഭ്യാസം ഇന്ന് ചെയ്തുനോക്കുക. ഒരുപക്ഷേ, ഒരുക്കത്തിനായി ആദ്യം പൂർത്തിയാക്കേണ്ട കുടുംബകാര്യങ്ങളോ മറ്റു ജോലികളോ ആയിരിക്കാം ഉടനെ നിങ്ങളുടെ മനസ്സിൽ വരുന്നത്. അല്ലെങ്കിൽ, സ്വന്തം പാപത്തെക്കുറിച്ചുള്ള അവബോധം നിങ്ങളിൽ ഭയം നിറച്ചേക്കാം. ആദ്യം, പൂർത്തിയാകാതെ ശേഷിക്കുന്ന പ്രായോഗിക കാര്യങ്ങൾ മാറ്റിവയ്ക്കാൻ ശ്രമിക്കുക; കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠപോലും മാറ്റിവയ്ക്കാൻ ശ്രമിക്കുക. ഇവ നല്ലതും വിശുദ്ധവുമായ കരുതലുകളാണെങ്കിലും, നിങ്ങളുടെ ആത്മാവിന്റെ അവസ്ഥയെ മാത്രം മുൻനിർത്തി മരണത്തെ നോക്കിക്കാണുന്നത് സഹായകരമാണ്. നിങ്ങൾ ഇന്ന് മരിക്കുകയാണെങ്കിൽ, നമ്മുടെ കർത്താവിന്റെ കരുണാമയമായ ഹൃദയത്തിലേക്ക് നോക്കി, അവിടുത്തെയാണ് ഏറ്റവും അധികം സ്നേഹിച്ചുകൊണ്ട് നിങ്ങൾ മരിക്കുന്നതെന്ന് സത്യസന്ധമായി പറയാൻ കഴിയുമോ? അവിടുത്തെ തിരുഹിതമാണ് നിങ്ങളുടെ ജീവിതത്തിലെ പ്രഥമ ലക്ഷ്യമെന്ന് അവിടുത്തോട് പറയാൻ കഴിയുമോ? ഇല്ലെങ്കിൽ, നിങ്ങൾ കാണുന്ന തടസ്സങ്ങളെക്കുറിച്ച് ചിന്തിക്കുകയും നിങ്ങളുടെ ജീവിതത്തെ സത്യസന്ധമായി വിലയിരുത്താൻ ഈ ധ്യാനം പ്രയോജനപ്പെടുത്തുകയും ചെയ്യുക.
കർത്താവേ, സ്വർഗമായിരിക്കണം എന്റെ ജീവിതത്തിന്റെ ലക്ഷ്യവും ശ്രദ്ധാകേന്ദ്രവുമെന്ന് ഞാൻ അറിയുന്നു. അങ്ങയിലേക്കും എന്നെ കാത്തിരിക്കുന്ന സകലത്തിലേക്കും ദൃഷ്ടി പതിപ്പിക്കാൻ എന്നെ സഹായിക്കണമേ. എന്റെ ആത്മാവിന്റെ അവസ്ഥയെ സത്യസന്ധമായി നോക്കിക്കാണാനും എന്റെ വിശുദ്ധിയുടെ വഴിയിലുള്ള ഏതൊരു തടസ്സവും തിരിച്ചറിയാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയെ എന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കാൻ എന്നെ സഹായിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള നൊവേന – ചെറുപുഷ്പം
നാലാം ദിവസം- സെപ്റ്റംബർ 25
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




