ബർത്തലോമെ എസ്തേബാൻ മുറിയ്യോ വരച്ച വില്ലനുവയിലെ വിശുദ്ധ തോമസിന്റെ ഉപവി
നിങ്ങളുടെ ആത്മാവിലേക്ക് തന്റെ ദൈവകരുണ ചൊരിയാൻ ഈശോ അതിയായി ആഗ്രഹിക്കുന്നു. നിങ്ങളുടെ പാപത്തെ രൂപാന്തരപ്പെടുത്തി നിങ്ങളെ തന്റെ പരിപൂർണമായ വാസസ്ഥലമാക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു. നമുക്കു ഗ്രഹിക്കാവുന്നതിലും അപ്പുറമുള്ള ഒരു ദാനമാണിത്; എങ്കിലും അതു സ്വീകരിക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ കർത്താവിൽനിന്നുള്ള എണ്ണമറ്റ കൃപകൾ സ്വീകരിക്കുന്നത് നമ്മുടെ നന്മയ്ക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിക്കൂടിയാണ്. തന്റെ അമൂല്യമായ മക്കളായ നിങ്ങളോടുള്ള സ്നേഹത്താൽ, നിങ്ങൾ എല്ലാ വിധത്തിലും വിശുദ്ധരാകണമെന്ന് ഈശോ ആഗ്രഹിക്കുന്നു. എന്നാൽ മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടിയും നിങ്ങൾ വിശുദ്ധരാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നിങ്ങൾ എത്രയധികം വിശുദ്ധരാകുന്നുവോ, അത്രയധികം ദൈവകരുണ നിങ്ങളുടെ ജീവിതത്തിൽ സമൃദ്ധമാകുന്നു. നിങ്ങളുടെ ജീവിതത്തിൽ ദൈവകരുണ എത്രയധികം സമൃദ്ധമാകുന്നുവോ, അത്രയധികം മറ്റുള്ളവർ നിങ്ങളിലൂടെ ദൈവകരുണയാൽ അനുഗ്രഹിക്കപ്പെടും (കാണുക ഡയറി #723).
നിങ്ങൾ വിശുദ്ധി തേടുന്നുണ്ടോ? അങ്ങനെയെങ്കിൽ, ഈ ലക്ഷ്യത്തെ സ്വാർഥമായ രീതിയിൽ കാണാൻ എളുപ്പമാണ്. സ്വന്തം നന്മയ്ക്കുവേണ്ടി വിശുദ്ധിയും കരുണയും തേടാൻ എളുപ്പമാണ്. എന്നാൽ നാം അനുഭവിക്കുന്ന ദാനം യഥാർഥത്തിൽ നമ്മുടെ ആത്മാവിലുള്ള ദൈവകരുണയാണെങ്കിൽ, നിറഞ്ഞൊഴുകുന്ന ഈ കരുണ നമ്മിലൂടെ മറ്റുള്ളവർക്കു പകർന്നുകൊടുക്കാൻ ദൈവത്തെ അനുവദിക്കാതിരിക്കാൻ നമുക്കാവില്ല. സ്വാർഥലക്ഷ്യങ്ങൾക്കുവേണ്ടി കരുണ സ്വാർഥമായി സൂക്ഷിച്ചുവയ്ക്കാനാവില്ല. മറ്റുള്ളവർക്കായി നാം ഒരു ഉപകരണമാകേണ്ടതിനാണ് അതു സ്വീകരിക്കേണ്ടത്. ഇന്ന് നിങ്ങൾ ഈ ഉപകരണമായിരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയും ഈ വിശുദ്ധമായ ലക്ഷ്യത്തിനുവേണ്ടി നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും ചെയ്യുക.
പ്രിയ കർത്താവേ, എന്റെ ജീവിതത്തിലുള്ള അങ്ങയുടെ സമൃദ്ധമായ കരുണയ്ക്കു ഞാൻ നന്ദി പറയുന്നു. അങ്ങയുടെ അമൂല്യമായ കുഞ്ഞായി എന്നെ സ്നേഹിക്കുന്നതിന് ഞാൻ നന്ദി പറയുന്നു. അങ്ങയുടെ സ്നേഹത്താൽ രൂപാന്തരപ്പെടാനും, അങ്ങനെ നിറഞ്ഞൊഴുകുന്ന അങ്ങയുടെ കൃപ മറ്റുള്ളവർക്കു പകർന്നുകൊടുക്കുന്ന ഒരു ഉപകരണമാകാനും എന്നെ സഹായിക്കണമേ. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
മേയ് 24 – പന്തക്കുസ്താ ഞായറാഴ്ചയുടെ മഹോത്സവം (വർഷം A)
പന്തക്കുസ്തായ്ക്കുള്ള പ്രാർഥനകൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




