മലയാളം

ധ്യാനചിന്ത 145: സ്നേഹത്തിന്റെ വിസ്മയാദരങ്ങളിൽ ലയിച്ച്

വിശുദ്ധ പൗലോസിന്റെ ആത്മീയാനന്ദാവസ്ഥ — രചന: നിക്കോളാസ് പുസ്സിൻ

വീഡിയോ

സ്നേഹത്തിൽ ആഴ്ന്നുപോകുന്നത് ഒരാളെ “മന്ത്രമുഗ്ധനാക്കാം.” ഇത്തരത്തിലുള്ള മാനുഷിക സ്നേഹം ഒരു പരിധിവരെ നിങ്ങളെ വാക്കുകളില്ലാത്തവരാക്കിയേക്കാം; നിങ്ങൾക്ക് അനുഭവപ്പെടുന്നത് കൃത്യമായി പ്രകടിപ്പിക്കേണ്ടത് ആവശ്യമാണെന്നോ, അതിനു കഴിയുമെന്നുപോലുമോ തോന്നാതിരിക്കാം. എന്നാൽ ദൈവസ്നേഹം മാനുഷിക സ്നേഹത്തിന്റെ ഏതൊരു അനുഭവത്തിനും അതീതമാണ്. അതിനാൽ, അത് ആഴത്തിൽ അനുഭവിക്കുമ്പോൾ, നിങ്ങൾ സ്നേഹിക്കുന്ന ദൈവത്തെ വിസ്മയത്തോടും ആദരവോടുംകൂടെ നോക്കി നിശ്ചലരായി ഇരിക്കുന്നതായി നിങ്ങൾ കണ്ടെത്തും. നിങ്ങൾ സ്നേഹിക്കാൻ ആകർഷിക്കപ്പെട്ട ദൈവത്തിന്റെ മഹത്ത്വത്തെയും പ്രഭയെയും കുറിച്ചുള്ള നിങ്ങളുടെ ആദരവും വിസ്മയവും ഉൾക്കൊള്ളാനോ പ്രകടിപ്പിക്കാനോ ഒരു വാക്കിനും കഴിയില്ല. മറ്റേതെങ്കിലും വിധത്തിൽ നിങ്ങൾക്കു വാക്കുകളിലൂടെ പ്രകടിപ്പിക്കാനാകുന്നതിനെക്കാൾ ഏറെ നിങ്ങളുടെ മൗനവും വിസ്മയവും പറയും (കാണുക ഡയറി #729).

നിങ്ങൾ സ്നേഹത്തിൽ ആഴ്ന്നുപോയിട്ടുണ്ടോ? കൂടുതൽ വ്യക്തമായി ചോദിച്ചാൽ, നിങ്ങളുടെ ദൈവത്തോടുള്ള സ്നേഹത്തിൽ ആഴ്ന്നുപോയിട്ടുണ്ടോ? ദൈവവുമായുള്ള ബന്ധത്തിൽ “സ്നേഹത്തിൽ ആഴ്ന്നുപോകുക” എന്നത് കേവലം മാനുഷികമായ ഒരു തീവ്രവികാരമോ വൈകാരികാനുഭവമോ അല്ല; അത് നിങ്ങളുടെ ആത്മാവിനെ മുഴുവനായി ആവേശിക്കുകയും അവിടുത്തെ സാന്നിധ്യത്തിൽ നിങ്ങളെ സംതൃപ്തരാക്കുകയും ചെയ്യുന്ന ആത്മീയമായ ഒരു അഭിലാഷമാണ്. ജീവിതത്തിൽ പൂർണ്ണത കണ്ടെത്താൻ ദൈവവുമായുള്ള ഈ ആത്മീയ ഐക്യത്തിന്റെ അനുഭവം മാത്രം നിങ്ങൾക്കു മതി. ജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന എല്ലാറ്റിന്റെയും ഉറവിടം അതായിരിക്കും; കാരണം, നിങ്ങളുടെ പ്രവൃത്തികളെല്ലാം നിങ്ങളുടെ പ്രിയനായ ദൈവത്തോടുള്ള സ്നേഹത്തിലേക്കു മാത്രമായിരിക്കും നയിക്കപ്പെടുക. ദൈവത്തോടുള്ള നിങ്ങളുടെ സ്നേഹത്തിന്റെ ആഴത്തെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ ജീവിതത്തിൽ ഈ സ്നേഹം സജീവമായി കാണുന്നില്ലെങ്കിൽ, അത് നിങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കർത്താവിനോടു പറയുകയും നിങ്ങളുടെ സർവശക്തിയോടുംകൂടെ അവിടുത്തെ അന്വേഷിക്കുകയും ചെയ്യുക.

കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു; അങ്ങയാൽ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. എന്റെ സ്നേഹം പൂർണ്ണതയിൽനിന്ന് ഏറെ അകലെയാണെന്ന് എനിക്കറിയാം. കർത്താവേ, കൂടുതൽ ആത്മബന്ധത്തോടെ അങ്ങയെ അന്വേഷിക്കാനും ഏറ്റവും ഗാഢമായ അടുപ്പത്തിൽ അങ്ങയെ കണ്ടുമുട്ടാനും എന്നെ സഹായിക്കണമേ. എന്റെ ആത്മാവ് അങ്ങേക്കായുള്ള അഭിലാഷത്താൽ നിറയട്ടെ; അങ്ങയെ കണ്ടുമുട്ടുമ്പോൾ അങ്ങയുടെ മഹത്ത്വവും പ്രഭയും ഞാൻ ഉറ്റുനോക്കട്ടെ. എന്റെ ദൈവമേ, അങ്ങയോടുള്ള അഗാധമായ വിസ്മയാദരങ്ങളിൽ ഞാൻ യഥാർത്ഥമായി “ലയിച്ചുപോകട്ടെ.” ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

മേയ് 25 – സഭാമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഓർമ്മ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ