വില്ലനോവയിലെ വിശുദ്ധ തോമസിന്റെ ഉപവിസ്നേഹം, ബാർത്തലോമെ എസ്തെബാൻ മുറില്ലോയുടെ രചന
വീഡിയോ
നിങ്ങൾ കഠിനാധ്വാനം ചെയ്യുന്നുണ്ടോ? നല്ലവരാകാൻ പരിശ്രമിക്കുന്നുണ്ടോ? നന്മയിലേക്കുള്ള ഒരു മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുണ്ടോ? തീർച്ചയായും നല്ലൊരു കാര്യമാണ് നല്ലവരാകാൻ ശ്രമിക്കുന്നത്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങളുടെയും ഉറവിടമായി ദൈവിക സ്നേഹം മാറിയിട്ടില്ലെങ്കിൽ, നമ്മുടെ “നന്മ” ദൈവത്തിന്റെ ദൃഷ്ടിയിൽ യഥാർഥത്തിൽ നല്ലതാണെന്ന് നാം ഒരിക്കലും കരുതരുത്. നമ്മുടെ ജീവിതത്തിലെ നന്മയുടെ ഏക ഉറവിടമായ അവിടുത്തിലേക്ക് കണ്ണുകൾ തിരിക്കാൻ എളിമ നമ്മെ പ്രാപ്തരാക്കുന്നു. ആ ഉറവിടം ദൈവത്തിന്റെ സമൃദ്ധമായ കരുണയാണ്. നല്ലതോ മറ്റുള്ളവർക്ക് ഉപകാരപ്രദമോ ആയ ഒരൊറ്റ പ്രവൃത്തിപോലും ചെയ്യാൻ നമുക്ക് സ്വയം തീരുമാനിക്കാനാവില്ല. സ്വന്തം പരിശ്രമത്താൽ ദൈവത്തെ പ്രസാദിപ്പിക്കാൻ നമുക്കാവില്ല; നമ്മുടെ പ്രവൃത്തികളാൽ സ്വർഗമോ ഏതെങ്കിലും നിത്യപ്രതിഫലമോ നേടാൻ തീർച്ചയായും നമുക്കാവില്ല. എല്ലാം ദാനമാണ്; എല്ലാം കൃപയാണ്. എളിമയുള്ള ആത്മാവ് മാത്രമേ ഇത് കാണുകയും വിശ്വസിക്കുകയും ചെയ്യുന്നുള്ളൂ. എന്നാൽ ആത്മാവ് ഇത് കാണുകയും വിശ്വസിക്കുകയും ചെയ്യുമ്പോൾ ദൈവരാജ്യത്തിനുവേണ്ടി മഹത്തായ കാര്യങ്ങൾ സംഭവിക്കും (കാണുക ഡയറി #1092).
നിങ്ങൾ ചെയ്യുന്ന സൽപ്രവൃത്തികളെക്കുറിച്ച് ധ്യാനിക്കുക. അങ്ങനെ ചെയ്യുമ്പോൾ, അവയെ അവയുടെ യഥാർഥ മൂല്യത്തിൽ കാണുക; കുറച്ചുകാണുകയോ പെരുപ്പിച്ചുകാണുകയോ ചെയ്യരുത്. നിങ്ങളുടെ ജീവിതത്തിൽ നന്മയുണ്ടെങ്കിൽ, ഈ നന്മ ദൈവത്തിന്റെ നന്മയെ 100% ആശ്രയിച്ചിരിക്കുന്നുവെന്ന് മനസ്സിലാക്കാൻ എളിമയോടെയുള്ള സത്യസന്ധത നിങ്ങളെ സഹായിക്കും. കരുണയില്ലാതെ നിങ്ങൾക്ക് ഒരു സൽപ്രവൃത്തിയും ചെയ്യാനാവില്ല. കരുണയോടുകൂടെ നിങ്ങൾക്ക് എല്ലാ സൽപ്രവൃത്തികളും ചെയ്യാനാകും. നിങ്ങളുടെ ആത്മാവിൽ പ്രവർത്തിക്കുന്ന ദൈവം ഈ ലോകത്തിൽ സമൃദ്ധമായ അനുഗ്രഹങ്ങൾ പുറപ്പെടുവിക്കുന്നു. ഈ ലോകത്തിൽ ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങളുടെ ഉപകരണമാകാനുള്ള നിങ്ങളുടെ ആഗ്രഹത്തെക്കുറിച്ച് ധ്യാനിക്കുക. നിങ്ങളെ ഉപയോഗിക്കാൻ ദൈവം തിരഞ്ഞെടുത്തതിൽ എളിമയോടെ ആനന്ദിക്കുക. അവിടുത്തോട് “അതെ” എന്നു പറയുക; എല്ലാവർക്കും മനോഹരമായ ഫലങ്ങൾ ലഭിക്കുന്നത് നിങ്ങൾ കാണും.
കർത്താവേ, എനിക്ക് എളിമയുള്ള ഒരു ഹൃദയം നൽകണമേ. എല്ലാ നന്മകളും അങ്ങയിൽനിന്നാണ് ആരംഭിക്കുന്നതെന്നും അങ്ങയാലും അങ്ങയുടെ കരുണയാലും മാത്രമേ അവ പൂർത്തിയാകുന്നുള്ളൂ എന്നും തിരിച്ചറിയാൻ എന്നെ സഹായിക്കണമേ. അങ്ങയുടെ മഹത്ത്വത്തിനായി എന്നെ ഉപയോഗിക്കേണ്ടതിന് ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിന്റെ ഉപകരണമായി ഉപയോഗിക്കപ്പെടാനുള്ള ഭാഗ്യത്തിന് ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ജൂലൈ 29: വിശുദ്ധരായ മർത്താ, മറിയം, ലാസർ—അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




