ഒരു റോസാപ്പൂന്തോട്ടം, ഗുസ്താവ് ബിയൻവെതുവിന്റെ രചന
നിങ്ങളുടെ അടുത്തേക്കു വന്ന് നിങ്ങളുടെ ഹൃദയത്തിൽ വസിക്കാൻ കർത്താവ് ആഗ്രഹിക്കുന്നു. എന്നാൽ അവിടുന്ന് നിങ്ങളുടെ അടുത്തേക്കു വരുമ്പോൾ എന്താണ് കാണുന്നത്? നിങ്ങളുടെ ഹൃദയത്തിന്റെ അവസ്ഥ എന്താണ്? ചില ഹൃദയങ്ങൾ സുഗന്ധം പരത്തുന്ന റോസാപ്പൂന്തോട്ടം പോലെയാണ്. അവിടെ പ്രകാശവും സൗന്ദര്യവും പ്രൗഢിയും ശോഭയുമുണ്ട്. അത് ശാന്തമായി വിശ്രമിക്കാനുള്ള ഒരിടമാണ്; നമ്മുടെ കർത്താവിന്റെ സാന്നിധ്യത്താൽ വിശുദ്ധമാക്കപ്പെട്ട ഒരിടം. മറ്റു ചില ഹൃദയങ്ങൾ തണുപ്പും ഏകാന്തതയും വിഷാദവും നിറഞ്ഞ ഇരുണ്ട തടവറ പോലെയാണ്. പാപത്തിന്റെ ആവർത്തനചക്രത്തിൽ കുടുങ്ങിക്കിടക്കുന്നവരും കർത്താവിനെ ഉള്ളിലേക്കു പ്രവേശിക്കാൻ അനുവദിക്കുന്നതിൽ വീണ്ടും വീണ്ടും പരാജയപ്പെട്ടവരുമാണ് ഈ ആത്മാക്കൾ. എന്നാൽ നിങ്ങളുടെ ഹൃദയം ഏത് അവസ്ഥയിലായിരുന്നാലും അതിലേക്കു പ്രവേശിക്കാൻ അവിടുന്ന് തീരുമാനിക്കുന്നു. അത് സുഗന്ധം പരത്തുന്ന റോസാപ്പാടമായാലും തടവറയുടെ ഇരുട്ടും ഏകാന്തതയുമായാലും, കർത്താവ് അതിലേക്കു പ്രവേശിക്കാൻ ആഗ്രഹിക്കുന്നു (കാണുക ഡയറി #1280).
നിങ്ങളുടെ ഹൃദയത്തിന്റെ ഉള്ളറയെക്കുറിച്ച് ചിന്തിക്കുക. ഈ വാസസ്ഥലം എങ്ങനെയുള്ളതാണ്? സത്യസന്ധതയോടെ ഈ രഹസ്യസ്ഥലം നമ്മുടെ കർത്താവിനു തുറന്നുകാട്ടുക. നിങ്ങളുടെ ഹൃദയം തണുപ്പും ഇരുട്ടും ഏകാന്തതയും നിറഞ്ഞ, മ്ലാനമായ ഒരു കാരാഗൃഹം പോലെയാണെങ്കിൽ, മറ്റാരെക്കാളും അധികമായി ദൈവകരുണ സ്വീകരിക്കാൻ നിങ്ങൾ ക്ഷണിക്കപ്പെട്ടിരിക്കുന്നുവെന്ന് അറിയുക. നിങ്ങൾ കുടുങ്ങിപ്പോയതായും ഒറ്റപ്പെട്ടതായും അനുഭവപ്പെടുന്ന ആ തടവറയുടെ വാതിൽ തുറക്കാൻ അവിടുന്ന് നിങ്ങളുടെ അടുത്തേക്കു വരാൻ ആഗ്രഹിക്കുന്നു. ഈ അന്ധകാരത്തിൽ അവിടുന്ന് നിങ്ങളിൽനിന്ന് അകന്നുനിൽക്കുന്നില്ല; അവിടുന്ന് ഉള്ളിലേക്കു പ്രവേശിക്കും. എന്നാൽ അവിടുന്ന് പ്രവേശിക്കുന്നത് നിങ്ങളെ മോചിപ്പിക്കാനാണ്. നിങ്ങളുടെ ആത്മാവിനെ മധുരമായ ആനന്ദത്തിന്റെ ഇടമായി രൂപാന്തരപ്പെടുത്താൻ അവിടുന്ന് ആഗ്രഹിക്കുന്നു. ഇതിന് പരിശ്രമവും സമർപ്പണവും സത്യസന്ധതയും വിനയവും വിശ്വാസവും ആവശ്യമാണ്. എന്നാൽ ദൈവത്തിന് എല്ലാം സാധ്യമാണ്; ഏറ്റവും ദയനീയാവസ്ഥയിലുള്ള ആത്മാവിനെപ്പോലും സൗന്ദര്യവും സ്നേഹവും നിറഞ്ഞ ഒരു ഉദ്യാനമാക്കി മാറ്റാൻ അവിടുത്തേക്കു കഴിയും. നിങ്ങളുടെ ആത്മാവിന്റെ ഉള്ളറയെ പുതുതായി സൃഷ്ടിക്കാൻ ആവശ്യമായ മണ്ണും സൂര്യനും വിത്തും വെള്ളവും മറ്റെല്ലാം അവിടുത്തെ കരുണ നൽകുന്നു. ഈ യാഥാർഥ്യത്തെക്കുറിച്ച് ചിന്തിക്കുകയും ഇന്നു തന്നെ നിങ്ങളുടെ രൂപാന്തരത്തിനു തുടക്കം കുറിക്കുകയും ചെയ്യുക.
എന്റെ പ്രിയപ്പെട്ട കർത്താവേ, എന്റെ ആത്മാവിന്റെ ഉള്ളറ ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. എന്റെ ഹൃദയത്തെ അങ്ങയുടെ വിശുദ്ധ വാസസ്ഥലമാക്കി രൂപാന്തരപ്പെടുത്തിക്കൊണ്ട് എന്നിൽ വന്ന് വിശ്രമിക്കണമേ. പ്രിയ കർത്താവേ, ഞാൻ ആയിരിക്കുന്നതെല്ലാം, എനിക്കുള്ളതെല്ലാം അങ്ങേക്കു സമർപ്പിക്കുന്നു. എന്നെ വീണ്ടും സൃഷ്ടിച്ച് നവീകരിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
സെപ്റ്റംബർ 8 – പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ
വ്യാകുലമാതാവിനോടുള്ള നൊവേന
പരമ്പരാഗതമായി സെപ്റ്റംബർ 7–15 തീയതികളിൽ പ്രാർഥിക്കുന്നു
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




