മലയാളം

വിചിന്തനം 164: പാപികളുടെ ആത്മാക്കൾക്കായുള്ള തീക്ഷ്ണമായ ആഗ്രഹം

നല്ല ഇടയൻ ജീൻ ബാപ്റ്റിസ്റ്റ് ദ് ഷാംപെയ്ൻ രചിച്ചതായി കരുതപ്പെടുന്നു

വീഡിയോ

പ്രകടമായ പാപമുള്ള ഒരാളെ കാണുമ്പോൾ നിങ്ങളുടെ പ്രതികരണം എന്താണ്?  പലരും അവജ്ഞയോടെയും കഠിനമായ വിധിയോടെയുമാണ് പ്രതികരിക്കുന്നത്.  ആരെങ്കിലും നിയമം ലംഘിക്കുമ്പോൾ, നാം അവരെ കഠിനമായി കുറ്റം വിധിക്കുന്നു.  ആരെങ്കിലും അധാർമ്മികമായ ജീവിതം നയിക്കുമ്പോൾ, നാം അവരെ ഇകഴ്ത്തുന്നു.  മിക്കപ്പോഴും, പാപിയോടുള്ള നമ്മുടെ മനോഭാവം കരുണയില്ലാത്തതാണ്.  ഇതൊരു പ്രശ്നമാണ്.  പാപത്തെ അതിന്റെ യഥാർഥ സ്വഭാവത്തിൽ നാം കാണുകയും അതിനെ എതിർക്കാൻ പരിശ്രമിക്കുകയും വേണം എന്നതു ശരിയാണ്, പ്രത്യേകിച്ച് അത് മറ്റുള്ളവരെ ബാധിക്കുമ്പോൾ.  എന്നാൽ പാപികളോടുള്ള അഗാധമായ സ്നേഹം നാം എപ്പോഴും ഹൃദയത്തിൽ സൂക്ഷിക്കണം.  അവരുടെ മാനസാന്തരത്തിനായി നമുക്ക് തീക്ഷ്ണമായ ആഗ്രഹമുണ്ടായിരിക്കണം; വ്യക്തികൾ എന്ന നിലയിൽ അവർക്കുള്ള അന്തർലീനമായ മഹത്ത്വം നാം എപ്പോഴും കാണുകയും വേണം (കാണുക ഡയറി #842).

പാപിയോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?  സത്യസന്ധമായി, ആദ്യം നിങ്ങളുടെ ഉള്ളിലെ പ്രതികരണം എങ്ങനെയാണെന്നു നോക്കുക.  നാമെല്ലാവരും പാപികളാണ്.  ചില പാപങ്ങൾ മറ്റുള്ളവയെക്കാൾ പ്രകടമാണ്; ചിലർ പരസ്യമായും ദുശ്ശാഠ്യത്തോടെയും പാപജീവിതം നയിക്കുന്നു.  എന്നാൽ അവരെ കുറ്റം വിധിക്കാൻ നാം മുതിരണമോ?  ഒരു പ്രവൃത്തിയെ വസ്തുനിഷ്ഠമായി വിലയിരുത്തി, അത് എന്താണെന്ന് നാം തിരിച്ചറിയണം; എന്നാൽ വ്യക്തിയെ ഒരിക്കലും വിധിക്കരുത്.  അത് ദൈവത്തിനു മാത്രം വിട്ടുകൊടുക്കേണ്ടതാണ്.  കൂടുതൽ പ്രകടമായ പാപങ്ങളുള്ളവരോടുള്ള നിങ്ങളുടെ മനോഭാവത്തെക്കുറിച്ച് ചിന്തിക്കുക.  കഠിനരും കുറ്റപ്പെടുത്തുന്നവരുമായി മാറുന്നതിനുപകരം, അവരുടെ മാനസാന്തരത്തിനായി നിങ്ങൾ തീക്ഷ്ണമായി ആഗ്രഹിക്കാനും, അവരുടെ പ്രവൃത്തികൾ എന്തുതന്നെയായാലും അവരെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കാനും വേണ്ടി പ്രാർഥിക്കുക.

കർത്താവേ, പാപികളോടു കരുണയുള്ള ഒരു ഹൃദയം എനിക്കു നൽകണമേ.  ജ്വലിക്കുന്ന സ്നേഹത്തോടെ അവരെ സ്നേഹിക്കാനും, അവരെ വിധിക്കാനുള്ള പ്രലോഭനങ്ങൾക്കു വഴങ്ങാതിരിക്കാനും എന്നെ സഹായിക്കണമേ.  അങ്ങയുടെ കരുണയുടെ ഹൃദയത്തോടുചേർന്ന്, എല്ലാവരുടെയും വിശുദ്ധി ആഗ്രഹിച്ചുകൊണ്ട് അവർക്കായി ഞാൻ തീക്ഷ്ണമായി കൊതിക്കട്ടെ.  എന്റെ സ്വന്തം പാപാവസ്ഥയെക്കുറിച്ചും ഞാൻ ബോധവാനായിരിക്കട്ടെ; അങ്ങയുടെ കരുണാർദ്രഹൃദയത്തെ ഞാൻ അനുദിനം തേടട്ടെ.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ജൂൺ 13 –

പാദുവായിലെ വിശുദ്ധ അന്തോണീസ്, പുരോഹിതനും വേദപാരംഗതനും—ഓർമ്മ

മറിയത്തിന്റെ വിമലഹൃദയം—ഓർമ്മ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ