ആന്ദ്രെയ് മിറോനോവ്, CC BY-SA 4.0, Wikimedia Commons വഴി
ഏതെങ്കിലും കുറ്റകൃത്യത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട ഒരു കുറ്റവാളിയായിരുന്നു നിങ്ങളെങ്കിൽ, മറ്റുള്ളവരുടേതിൽനിന്നു തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെയായിരിക്കും മിക്കവാറും നിങ്ങൾ ജീവിതത്തെ കാണുക. നിങ്ങളുടെ ശിക്ഷ നീങ്ങാനും സ്വാതന്ത്ര്യം തിരികെ ലഭിക്കാനും നിങ്ങൾ ഓരോ ദിവസവും ആഗ്രഹിക്കും. എന്നാൽ, ഇത്തരമൊരു കാരുണ്യപ്രവൃത്തി ലൗകികസമൂഹത്തിൽ അപൂർവമായേ ഉണ്ടാകാറുള്ളൂ. പകരം, കാഠിന്യവും വിധിക്കലുമാണ് പതിവ്. എന്നാൽ ദൈവം തികച്ചും വ്യത്യസ്തനാണ്. അവിടുത്തെ നിയമം ലംഘിച്ച് നിങ്ങൾ ഇതുവരെ ചെയ്തിട്ടുള്ളതെല്ലാം ദൈവം പൂർണമായി അറിയുന്നു. ഏറ്റവും ചെറിയ പാപംപോലും അവിടുന്ന് കാണുന്നു. ഒടുവിൽ, തന്റെ കരുണയുടെ നീതിയിൽ സ്നാനം ചെയ്യാത്ത എല്ലാവരുടെയുംമേൽ അവിടുന്ന് തന്റെ കർശനമായ നീതി നടപ്പിലാക്കും. അതിനാൽ ഇപ്പോൾത്തന്നെ കരുണയിൽ സ്നാനം ചെയ്യുക; മറ്റുള്ളവരെയും അങ്ങനെ ചെയ്യാൻ സഹായിക്കുക. ദൈവം ഈ കരുണ പലവിധത്തിൽ നൽകുന്നു. തന്റെ വിധിയെ ശമിപ്പിക്കുന്ന കരുണ ദൈവം നൽകുന്ന ഒരു പ്രത്യേക മാർഗം നിങ്ങളുടെ ഹൃദയത്തിലൂടെയാണ്. ദിവസവും നിങ്ങളുടെ ഹൃദയം നമ്മുടെ കർത്താവിനു സമർപ്പിക്കുന്നതിലൂടെയും ദിവസവും അത് മറ്റുള്ളവർക്കുവേണ്ടി സമർപ്പിക്കുന്നതിലൂടെയും ദൈവത്തിന്റെ വിധിക്ക് മാറ്റം വരുന്നു. അവിടുന്ന് നിങ്ങളുടെ വിശുദ്ധമായ ഹൃദയം കാണുകയും അതിൽ പ്രവേശിക്കുകയും തുടർന്ന് മറ്റുള്ളവരുടെ വിശുദ്ധീകരണത്തിനായി അതു സമർപ്പിക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു. ഇങ്ങനെ, അവിടുത്തെ കരുണയുടെ പൂർണമായ നീതിയാൽ അനേകം ആത്മാക്കളെ ദൈവത്തിനായി നേടാൻ നിങ്ങൾക്കു കഴിയും (കാണുക ഡയറി #1193).
മറ്റുള്ളവരെ നോക്കുമ്പോൾ നിങ്ങൾ എന്താണ് കാണുന്നത്? പാപങ്ങൾക്കു ശിക്ഷ അർഹിക്കുന്ന ഒരു പാപിയെയാണോ നിങ്ങൾ കാണുന്നത്? അങ്ങനെയെങ്കിൽ സൂക്ഷിക്കുക; കാരണം, ദൈവവും നിങ്ങളെ ഇതേ വിധത്തിലായിരിക്കും കാണുക. മറ്റുള്ളവരുടെ പാപങ്ങളെ അവർക്കുവേണ്ടി പ്രാർഥിക്കാനും ദൈവത്തിന്റെ കരുണയുടെ ഉപകരണമാകാനുമുള്ള അവസരങ്ങളായി കാണാൻ പരിശ്രമിക്കുക. ഈ പ്രായശ്ചിത്തപ്രവൃത്തിയിൽ പങ്കുചേരാൻ ദൈവം നിങ്ങളെ ക്ഷണിക്കുന്നു. സ്നേഹത്തിന്റെ ഈ പ്രവൃത്തിക്കായി നിങ്ങൾ സ്വയം സമർപ്പിക്കുമ്പോൾ അവിടുന്ന് ഒന്നും നിങ്ങൾക്കു നൽകാതിരിക്കുന്നില്ല.
കർത്താവേ, മറ്റുള്ളവരെ, പ്രത്യേകിച്ച് പാപിയെ, ഞാൻ കാണുന്ന രീതി മാറ്റണമേ. എന്റെ സ്വന്തം വിധി പറയാതിരിക്കാനും, പകരം അങ്ങയുടെ ദൈവിക കരുണയുടെ ഒരു പ്രവൃത്തിയായി സ്നേഹനിർഭരമായ എന്റെ ഹൃദയം സമർപ്പിക്കാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, അങ്ങയോടുള്ള എന്റെ സ്നേഹത്തെപ്രതി ഓരോ ആത്മാവിനെയും ശുദ്ധീകരിക്കുകയും എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്യണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
വിശുദ്ധ മോനിക്കയോടുള്ള നൊവേന
(വഴിതെറ്റിപ്പോയ മക്കൾക്കുവേണ്ടി പ്രത്യേകമായി പ്രാർഥിക്കുന്നത്)
ഓഗസ്റ്റ് 18–26
ഓഗസ്റ്റ് 19 – വിശുദ്ധ ജോൺ യൂഡ്സ്, പുരോഹിതൻ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




