മലയാളം

ധ്യാനം 215: തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം

ഈശോയുടെ തിരുഹൃദയം, രചന: Lawrence OP, CC BY-NC-ND 2.0.

വീഡിയോ

നമ്മുടെ സമസ്ത അസ്തിത്വത്തോടുംകൂടെ തന്നിലേക്കു തിരിയാനും തന്റെ കരുണ സ്വീകരിക്കാനുമുള്ള ഒരു കടമ ദൈവം നമ്മുടെമേൽ ചുമത്തുന്നുവെന്ന് ഒരർഥത്തിൽ നമുക്കു പറയാം. തന്റെ കരുണ മറ്റുള്ളവരിലേക്കു പകർന്നുകൊടുക്കാനുള്ള കടമയും അവിടുന്ന് നമ്മുടെമേൽ ചുമത്തുന്നു. എന്നാൽ ഇത് സാധാരണമായ ഒരു “കടമ” അല്ലെന്ന് നാം മനസ്സിലാക്കണം. ഇത് സ്നേഹത്തിന്റെ കടമയാണ്. അതായത്, ഈ കടമ “ചുമത്തുന്നത്” യഥാർഥത്തിൽ ഒന്നും അടിച്ചേൽപ്പിക്കുന്നതല്ല. അതു തിരഞ്ഞെടുക്കാനോ നിരസിക്കാനോ ദൈവം നമുക്കു പൂർണസ്വാതന്ത്ര്യം നൽകുന്നു. അതിനു പിന്നിൽ മറഞ്ഞിരിക്കുന്ന നിബന്ധനകളോ ഏതെങ്കിലും തരത്തിലുള്ള നിർബന്ധമോ ഇല്ല; പകരം, ദൈവത്തിന്റെ കരുണ സ്വീകരിക്കാനും പകർന്നുനൽകാനും തിരഞ്ഞെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ നമുക്കു പൂർണസ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം നമ്മുടെ ജീവിതത്തിനും ദൈവകരുണയെന്ന ദാനത്തിനും അത്യന്താപേക്ഷിതമാണ്. ഈ സ്വാതന്ത്ര്യം നമുക്കു നൽകുന്നതിലൂടെ മാത്രമേ ഈ ദാനത്തോടു പൂർണമായി സഹകരിക്കാൻ നമുക്കു കഴിയൂ. കാരണം, കരുണ സ്വതന്ത്രമായി നൽകപ്പെടുകയും സ്വതന്ത്രമായി സ്വീകരിക്കപ്പെടുകയും വേണം. അങ്ങനെയല്ലെങ്കിൽ, അത് കരുണയല്ല. കർത്താവു നിങ്ങൾക്കു നൽകിയ സ്വാതന്ത്ര്യത്തിനു നന്ദിയുള്ളവരായിരിക്കുക; മഹത്തായ ഒരു തിരഞ്ഞെടുപ്പു നടത്താൻ അത് ഉപയോഗിക്കുക (കാണുക ഡയറി #1115).

ദൈവം നിങ്ങൾക്കു നൽകിയ ഈ രണ്ടു ദാനങ്ങളെക്കുറിച്ച് ഇന്ന് ധ്യാനിക്കുക. ആദ്യം, സ്വാതന്ത്ര്യമെന്ന ദാനത്തെക്കുറിച്ച് ധ്യാനിക്കുക. സ്വതന്ത്രമായ ഇച്ഛാശക്തിയുള്ളതിനാൽ, ജീവിതത്തിൽ സ്വന്തം തിരഞ്ഞെടുപ്പുകൾ നടത്താൻ നിങ്ങൾക്കു കഴിയും. അതിന്റെ ഫലമായി, നിങ്ങളുടെ തിരഞ്ഞെടുപ്പുകളുടെ അനുഗ്രഹങ്ങൾ നിങ്ങൾ അനുഭവിക്കുകയോ അവയുടെ അനന്തരഫലങ്ങൾ സഹിക്കുകയോ ചെയ്യുന്നു. തന്റെ സമൃദ്ധമായ കരുണയെന്ന ദാനം സ്വീകരിക്കാനും മറ്റുള്ളവർക്കു പകർന്നുനൽകാനും ദൈവം നിങ്ങളെ ക്ഷണിക്കുന്നുവെന്ന കാര്യവും ധ്യാനിക്കുക. ഈ ദാനം സ്വതന്ത്രമായി തിരഞ്ഞെടുക്കുമ്പോൾ, കൃപയുടെ സിംഹാസനത്തിൽനിന്ന് ഇറങ്ങിവന്ന് നിർമ്മലമായ സ്നേഹത്തോടെ നിങ്ങളെ ആലിംഗനം ചെയ്യാൻ നിങ്ങൾ പ്രപഞ്ചത്തിന്റെ ദൈവത്തെ ക്ഷണിക്കുകയാണ്. ആ ആലിംഗനം മറ്റുള്ളവർക്കും നൽകാൻ അവിടുന്ന് നിങ്ങളെ പ്രാപ്തരാക്കുന്നു.

കർത്താവേ, എന്റെ ജീവിതം ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു; അങ്ങയുടെ പരിശുദ്ധ തിരുഹൃദയത്തിലെ കരുണ മുഴുവനും സ്വീകരിക്കാൻ ഞാൻ സ്വതന്ത്രമായി തിരഞ്ഞെടുക്കുന്നു. അങ്ങ് നൽകാൻ ആഗ്രഹിക്കുന്നതെല്ലാം സ്വീകരിക്കാൻ എന്റെ ഹൃദയം തുറന്നിരിക്കുവാൻ എന്നെ സഹായിക്കണമേ. മറ്റുള്ളവർക്കു നൽകാൻ അങ്ങ് ആഗ്രഹിക്കുന്നതെല്ലാം പകർന്നുനൽകാനും എന്റെ ഹൃദയം തുറന്നിരിക്കുവാൻ എന്നെ സഹായിക്കണമേ. കർത്താവേ, സ്വാതന്ത്ര്യവും കരുണയുമാകുന്ന ഈ മഹത്തായ ദാനങ്ങൾക്കു ഞാൻ അങ്ങേക്കു നന്ദി പറയുന്നു; പൂർണഹൃദയത്തോടെ ഞാൻ അങ്ങയുടെ കരുണ തിരഞ്ഞെടുക്കുന്നു. ഈശോയേ, ഞാൻ അങ്ങിൽ ശരണപ്പെടുന്നു.

ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ