ഈശോയുടെ തിരുഹൃദയം, രചന: Lawrence OP, CC BY-NC-ND 2.0.
ജീവിതത്തിൽ നിങ്ങൾക്ക് സംതൃപ്തി നൽകുന്നത് എന്താണ്? ഈ ചോദ്യത്തിനുള്ള ഉത്തരം ഓരോരുത്തർക്കും ഏറെ വ്യത്യസ്തമായിരിക്കാം. ഒരാൾ ജോലിയിൽ സംതൃപ്തി കണ്ടെത്തിയേക്കാം; മറ്റൊരാൾ കുടുംബകാര്യങ്ങളിലും, വേറൊരാൾ സമൂഹസേവനത്തിലും, ഇനിയൊരാൾ സമ്പത്തിലും ലൗകിക നേട്ടങ്ങളിലും. ആളുകൾ പലതും വ്യത്യസ്തവുമായ മറുപടികൾ നൽകും. എന്നാൽ ഉത്തരം വ്യത്യസ്തമാകാൻ പാടില്ല. നമുക്കെല്ലാവർക്കും ഒരേയൊരു ഉത്തരമുണ്ടാകണം. നിങ്ങളുടെ കർത്താവിനോടൊപ്പമായിരുന്ന്, അവിടുത്തെ തിരുഹൃദയത്തിൽ വിശ്രമിച്ച്, അവിടുത്തോടു ചേർന്നിരിക്കുമ്പോഴാണ് ജീവിതത്തിൽ യഥാർത്ഥ സംതൃപ്തി കണ്ടെത്തുന്നത് എന്നതാണ് ആ ഉത്തരം. ആശയപരമായി ഇത് മിക്കവർക്കും മനസ്സിലായേക്കാം; എന്നാൽ പ്രായോഗികജീവിതവുമായി ഇതിനെ ബന്ധപ്പെടുത്താൻ കഴിഞ്ഞെന്നുവരില്ല. “അവിടുത്തെ തിരുഹൃദയത്തിൽ വിശ്രമിക്കുകയും അവിടുത്തോടു ചേർന്നിരിക്കുകയും ചെയ്യുക” എന്നതിന്റെ അർത്ഥമെന്താണ്? ഇതിന്റെ യഥാർത്ഥവും പ്രായോഗികവുമായ അർത്ഥം കണ്ടെത്താനുള്ള ഏക മാർഗം അങ്ങനെ ചെയ്യുക എന്നതാണ്. ലോകത്തിലെ എല്ലാ പുസ്തകങ്ങൾക്കും അത് നിങ്ങളെ പഠിപ്പിക്കാനാവില്ല. നിങ്ങൾ അവിടുത്തെ തിരുഹൃദയം കണ്ടെത്തണം, അവിടുത്തെ തിരുഹൃദയത്തെ സ്നേഹിക്കണം, അവിടുത്തെ സന്നിധിയിൽ തനിച്ചായിരിക്കണം. അപ്പോൾ മാത്രമേ യഥാർത്ഥ സംതൃപ്തി എന്താണെന്ന് നിങ്ങൾ കണ്ടെത്തുകയുള്ളൂ (കാണുക ഡയറി #1021).
ക്രിസ്തുവിന്റെ തിരുഹൃദയത്തോടു ചേർന്നു ജീവിക്കുന്നതിലൂടെ ജീവിതത്തിൽ ലഭിക്കുന്ന പൂർണ്ണമായ സംതൃപ്തി എന്തെന്ന് പ്രായോഗികമായും അനുഭവത്തിലൂടെയും നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? ഇതു കേൾക്കുമ്പോൾ നിങ്ങൾക്ക് അതിന്റെ അർത്ഥം ഗ്രഹിക്കാനാകുന്നുണ്ടോ? ഇന്ന് ഈ ചോദ്യത്തെക്കുറിച്ച് ചിന്തിക്കുക. അവിടുത്തെ ഇപ്രകാരം അറിയുക എന്നത് എന്താണെന്ന് നിങ്ങൾക്കറിയില്ലെന്നു ബോധ്യപ്പെടുന്നെങ്കിൽ, അത് സ്വയം സമ്മതിച്ച് അവിടുത്തെ അന്വേഷിക്കാൻ തുടങ്ങുക. പൂർണ്ണഹൃദയത്തോടെ അന്വേഷിച്ചാൽ നിങ്ങൾ കണ്ടെത്തും. കണ്ടെത്തിക്കഴിയുമ്പോൾ, അങ്ങനെ ചെയ്തതിനെക്കുറിച്ച് നിങ്ങൾ നിത്യവും നന്ദിയുള്ളവരായിരിക്കും.
കർത്താവേ, അങ്ങയുമായി ഒന്നാകാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങയുടെ സന്നിധിയിൽ വസിക്കാനും അങ്ങയുടെ ദൈവകരുണയിൽ ആനന്ദിക്കാനും ഞാൻ ആഗ്രഹിക്കുന്നു. എന്റെ ആത്മാവിന്റെ സർവ്വശക്തിയോടുംകൂടെ അങ്ങയിലേക്കു തിരിയാനും അങ്ങയുടെ ദൈവിക സത്തയെ അഭിമുഖീകരിക്കാനും എന്റെ ബലഹീനതയിൽ എന്നെ സഹായിക്കണമേ. ജീവിതത്തിലെ എല്ലാ വ്യാജ “സംതൃപ്തികളും” ഞാൻ നിരാകരിച്ച് അങ്ങയിലേക്കു മാത്രം തിരിയുന്നു. എന്റെ ഈശോയേ, എന്റെ കർത്താവേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ജൂലൈ 13 – വിശുദ്ധ ഹെൻറി—ഐച്ഛിക അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




