മലയാളം

ധ്യാനചിന്ത 230: കുരിശിന്റെ വൈരുധ്യം

മുള്ളുകൊണ്ടുള്ള കിരീടധാരണം, യാൻ മീൻസെ മൊലനാർ രചിച്ചത്

വീഡിയോ

ക്രിസ്തുവിന്റെ തിരുമുറിവുകളെക്കുറിച്ച് ധ്യാനിക്കുന്നതിൽ നാം ഒരിക്കലും മടുക്കരുത്. അവിടുത്തേക്ക് ഏറ്റ ഓരോ മുറിവും അന്യായമായി ഏൽപ്പിക്കപ്പെട്ടതും മറ്റുള്ളവരുടെ പാപങ്ങൾ മൂലം ഉണ്ടായതുമായിരുന്നു. അവിടുത്തെ പരിപൂർണമായ കൈകാലുകളും നെറ്റിയും പുറവും തിരുഹൃദയവും അത്യാദരവോടും ആരാധനയോടും കരുതലോടുംകൂടി പരിപാലിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ അങ്ങനെ സംഭവിച്ചില്ല. പകരം, വലിയ വിദ്വേഷത്തോടും ക്രൂരതയോടുംകൂടിയാണ് അവയോട് പെരുമാറിയത്. ലൗകികമായ കാഴ്ചപ്പാടിൽ ഇത് ദാരുണമാണ്. എന്നാൽ ദൈവികമായ കാഴ്ചപ്പാടിൽ, ചാട്ടവാറടിയോ മുള്ളുകളോ ആണികളോ കുന്തമോ മൂലമുണ്ടായ ഓരോ മുറിവും സമൃദ്ധമായി ഒഴുകുന്ന കൃപയുടെ ഉറവകൾ തുറന്നു. ദൈവത്തിന്റെ കരുണയാൽ മാത്രമാണ് ഇത്തരമൊരു ഫലം സാധ്യമാകുന്നത്. നമ്മുടെ കർത്താവ് സഹിച്ച ഓരോ മുറിവിനെയും ഒരു ഭൂഗർഭ ഉറവയായോ, എല്ലാവർക്കും പോഷണം നൽകാൻ ഭൂമിയിൽനിന്ന് പൊട്ടിപ്പുറപ്പെടുന്ന ഏറ്റവും ശുദ്ധമായ ജലമായോ സങ്കൽപ്പിക്കുക. കരുണയുടെ ഈ ഉറവകളിൽനിന്ന് ഒഴുകുന്ന അരുവികളിൽനിന്ന്, കൃപയാൽ നവോന്മേഷവും സംതൃപ്തിയും നേടുന്നതിനായി ആവോളം കുടിക്കാൻ നാം ക്ഷണിക്കപ്പെട്ടിരിക്കുന്നു (കാണുക ഡയറി #1190).

ഇന്ന് ഈശോയുടെ തിരുമുറിവുകളെക്കുറിച്ച് ധ്യാനിക്കുക. അവയെ കാണാനും അവിടുന്ന് സഹിച്ച വേദന മനസ്സിലാക്കാനും ശ്രമിക്കുക. അങ്ങനെ ചെയ്യുമ്പോൾ, അവിടുത്തെ പീഡകരുടെ ക്രൂരത മൂലമുണ്ടായ ശാരീരികമായ ചാട്ടവാറടിക്കും ആഘാതങ്ങൾക്കും അപ്പുറത്തേക്കും നോക്കുക. ഓരോ മുറിവിനോടൊപ്പവും തുറക്കപ്പെടുന്ന കരുണയുടെ ഉറവയെക്കുറിച്ച് ധ്യാനിക്കുക. ഈ മുറിവുകളിൽനിന്ന് ഒഴുകിവരുന്ന കൃപയുടെ അരുവികളെക്കുറിച്ച് ബോധവാനാകുകയും അവ നൽകുന്ന നവോന്മേഷം ആസ്വദിക്കുകയും ചെയ്യുക. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളിൽനിന്നാണ് കരുണ ഒഴുകിവന്നത്. ഇപ്പോൾ നിങ്ങളെ കരുണയിൽ ആഴ്ത്താനും നിങ്ങൾ സഹിക്കുന്ന മുറിവുകളിൽനിന്നും കരുണ ഒഴുക്കാനും അവിടുന്ന് ആഗ്രഹിക്കുന്നു.

കർത്താവേ, അങ്ങയുടെ അനന്തശക്തിക്കും ചിന്തിക്കാൻപോലും കഴിയാത്ത കാര്യങ്ങൾ ചെയ്തതിനും ഞാൻ അങ്ങയോടു നന്ദി പറയുന്നു. അടിയും ചാട്ടവാറടിയും ഏൽക്കാൻ അങ്ങ് സ്വയം അനുവദിക്കുകയും ഈ ദുഷ്ടതയിൽനിന്ന് പുതുജീവന്റെ ഉറവകൾ പുറപ്പെടുവിക്കുകയും ചെയ്തു. പ്രിയ കർത്താവേ, ഈ ജലത്തിൽ എനിക്കു കുളിക്കാനാകട്ടെ; ഇത്രയേറെ ആവശ്യങ്ങളുള്ള ഒരു ലോകത്തിന് അങ്ങയുടെ കൃപയുടെ ഉറവിടമായി എന്റെ മുറിവുകളും മാറാൻ ഞാൻ അനുവദിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ മോനിക്കയോടുള്ള നൊവേന
(വഴിതെറ്റിപ്പോയ മക്കൾക്കുവേണ്ടി പ്രത്യേകമായി പ്രാർഥിക്കുന്നത്)
ഓഗസ്റ്റ് 18–26

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ