Nheyob, CC BY-SA 4.0, Wikimedia Commons വഴി
ഈശോ കൊടുങ്കാറ്റിനെ ശാന്തമാക്കിയ സംഭവം ഓർക്കുക (മത്തായി 8:23-27). ജീവിതത്തിൽ നിങ്ങൾ നേരിടുന്ന പ്രത്യേക വെല്ലുവിളികൾക്കിടയിൽ അവിടുന്ന് നിങ്ങൾക്കു സമാധാനം നൽകുന്നതിന്റെ പ്രവചനാത്മകമായ ഒരു അടയാളമായിട്ടാണ് ഈ അത്ഭുതപ്രവൃത്തി ചെയ്തത്. തന്റെ അപ്പസ്തോലന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനാണ് ഈശോ പ്രായോഗികതലത്തിൽ ഇതു ചെയ്തത്. എന്നാൽ, കടലിലെ കൊടുങ്കാറ്റിന്മേൽ തനിക്കു സമ്പൂർണ്ണവും തൽക്ഷണവുമായ അധികാരമുണ്ടെന്നു കാണിച്ചുകൊണ്ട്, നിങ്ങളുടെ ജീവിതത്തിലെ ഏതു കൊടുങ്കാറ്റിന്മേലും തനിക്കു സമ്പൂർണ്ണവും തൽക്ഷണവുമായ അധികാരമുണ്ടെന്നും ഈശോ വ്യക്തമാക്കുകയും നിങ്ങളുടെ മധ്യേ തന്റെ സാമീപ്യം ഉറപ്പുനൽകുകയും ചെയ്തു. ദൈവത്തിന്റെ സർവശക്തിക്ക് അസാധ്യമായി ഒന്നുമില്ലെന്ന അറിവ് നിങ്ങൾക്ക് ആശ്വാസമാകണം. അവിടുത്തേക്ക് എല്ലാം ചെയ്യാൻ കഴിയും; ഏതു സാഹചര്യത്തിലും സമാധാനം കൊണ്ടുവരാനും കഴിയും. നിങ്ങളുടെ “കൊടുങ്കാറ്റുകൾ” അവിടുത്തേക്കു സമർപ്പിക്കുമ്പോൾ ഈ അറിവ് നിങ്ങൾക്ക് ആത്മധൈര്യം പകരണം. നിങ്ങളുടെ പ്രാർഥനകൾക്കു ശേഷവും കൊടുങ്കാറ്റ് രൂക്ഷമായി തുടരുമ്പോൾ, അത് നിങ്ങളുടെ നന്മയ്ക്കോ മറ്റുള്ളവരുടെ നന്മയ്ക്കോ വേണ്ടിയാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കണം. അവിടുത്തിലുള്ള നിങ്ങളുടെ ആശ്രയം കൂടുതൽ ആഴപ്പെടുത്താനും ആ നിമിഷങ്ങളിൽ അവിടുത്തെ പ്രത്യേക സാമീപ്യം തിരിച്ചറിയാനുമുള്ള അവസരമാണത് (കാണുക ഡയറി #1197).
ഇപ്പോൾ നിങ്ങളുടെ ജീവിതത്തിലുള്ള കൊടുങ്കാറ്റ് ഏതാണെന്ന് തിരിച്ചറിയുക. കാര്യങ്ങൾ താരതമ്യേന ശാന്തമാണെങ്കിൽ നന്ദിയുള്ളവരായിരിക്കുക; എന്നാൽ എല്ലായ്പ്പോഴും ഇങ്ങനെ ആയിരിക്കില്ലെന്നും ഓർക്കുക. പറയാറുള്ളതുപോലെ, ജീവിതം ഒരു നിമിഷംകൊണ്ട് മാറിമറിയാം. നമുക്ക് നേരിടേണ്ടിവരുന്ന എന്തിനും ഏതിനും നാം സന്നദ്ധരായിരിക്കണം. ജീവിതത്തിലെ ഒരു കൊടുങ്കാറ്റിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, അതിന്റെ നടുവിൽ ഈശോ നിങ്ങളുടെ അരികിലുണ്ടെന്നും നിങ്ങളെ സുരക്ഷിതരായി കാക്കുന്നുവെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്ന് സ്വയം ചോദിക്കുക. ഏതു പ്രശ്നവും തൽക്ഷണം പരിഹരിക്കാൻ അവിടുത്തേക്കു കഴിയുമെന്ന് നിങ്ങൾക്കറിയാമോ? ഈ സത്യത്തിൽ വീണ്ടും ഉറപ്പുനേടുകയും ഈ വിശ്വാസം നിങ്ങളുടെ അസ്വസ്ഥമായ ഹൃദയത്തിന് ആത്മധൈര്യം പകരാൻ അനുവദിക്കുകയും ചെയ്യുക. നിങ്ങളോടുള്ള കർത്താവിന്റെ സ്നേഹം പരിപൂർണ്ണമാണ്; അവിടുന്ന് നിങ്ങളെ ഒരിക്കലും മുങ്ങിത്താഴാൻ അനുവദിക്കുകയില്ല.
കർത്താവേ, അങ്ങയുടെ സർവശക്തിയിലും ഉപാധികളില്ലാത്ത സ്നേഹത്തിലും ഞാൻ വിശ്വസിക്കുന്നു. അങ്ങ് എന്നെക്കുറിച്ച് കരുതുന്നുവെന്നും ജീവിതത്തിൽ ഞാൻ നേരിടുന്ന ഓരോ കൊടുങ്കാറ്റിലും അങ്ങ് സന്നിഹിതനാണെന്നും ഞാൻ വിശ്വസിക്കുന്നു. ഓരോ പരീക്ഷണത്തിന്റെയും നടുവിൽ എനിക്കു പ്രത്യാശ നൽകുകയും എന്റെ സമാധാനത്തിന്റെ ഉറവിടമായ അങ്ങയിലേക്കു തിരിയാൻ എന്നെ പ്രാപ്തനാക്കുകയും ചെയ്യണമേ. പ്രിയ കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.
വിശുദ്ധ മോനിക്കയോടുള്ള നൊവേന
(വഴിതെറ്റിപ്പോയ മക്കൾക്കുവേണ്ടി പ്രത്യേകമായി പ്രാർഥിക്കുന്നത്)
ഓഗസ്റ്റ് 18–26
ഓഗസ്റ്റ് 20 – ആശ്രമാധിപനും വേദപാരംഗതനുമായ വിശുദ്ധ ബർണാർദിന്റെ അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




