മലയാളം

വിചിന്തനം 234: അഗാധവിശ്വാസത്തിലെ അവ്യക്തത

പ്രാർഥിക്കുന്ന വൃദ്ധ, ഗെറിറ്റ് ഡൗവിന്റെ രചന

വീഡിയോ

സാധാരണയായി, ഒരാൾ വിശ്വാസയാത്ര ആരംഭിക്കുമ്പോൾ, എണ്ണമറ്റ ഉൾക്കാഴ്ചകളും വെളിപ്പെടുത്തലുകളും ആസ്വദിക്കാൻ ലഭിക്കുന്നു.  വിശ്വാസജീവിതത്തിന്റെ വിവിധ വശങ്ങൾ സജീവമായിത്തീരുകയും ജീവിതത്തിലെ അനേകം രഹസ്യങ്ങളെക്കുറിച്ചുള്ള ധാരണ ലഭിക്കുകയും ചെയ്യുന്നു.  ദൈവം തിരഞ്ഞെടുത്ത പാതയിലൂടെ ഒരാൾ നടന്നുതുടങ്ങുമ്പോൾ, ആത്മീയ ഉൾക്കാഴ്ചയുടെയും ഗ്രാഹ്യത്തിന്റെയും ഈ ദാനം വലിയൊരു വരവും വഴികാട്ടിയുമാണ്.  എന്നാൽ കാലം കടന്നുപോകുകയും ഒരു ആത്മാവ് വിശ്വാസരഹസ്യങ്ങളിലേക്ക് ആഴത്തിൽ പ്രവേശിക്കുകയും ചെയ്യുമ്പോൾ, ഒരുതരം അവ്യക്തത അനുഭവപ്പെടാൻ തുടങ്ങാം.  പാപമോ ആത്മീയ മടിയോ ആണ് ഇതിനു കാരണമെങ്കിൽ, കുമ്പസാരത്തിലൂടെയും കർത്താവിനെ അന്വേഷിക്കാനുള്ള പുതുക്കിയ ദൃഢനിശ്ചയത്തിലൂടെയും അതിനു പരിഹാരം കാണണം.  എന്നാൽ ഈ അനുഭവം ഒരാളുടെ വിശ്വാസം കൂടുതൽ ആഴപ്പെടുന്നതിന്റെ ഫലവുമാകാം.  അന്ധകാരത്തിലൂടെയും അവ്യക്തതയിലൂടെയും ദൈവം ആശയവിനിമയം നടത്തുന്ന ഒരു സമയം വരുന്നു.  തനിക്കു ഗ്രഹിക്കാനാവില്ലെന്ന് ആത്മാവ് ഗ്രഹിക്കാൻ തുടങ്ങുന്നു.  വിശ്വാസത്തിന്റെ കൂടുതൽ ആഴമേറിയ രഹസ്യങ്ങൾ ഒരു ആശയത്തിലൂടെയോ ഉൾക്കാഴ്ചയിലൂടെയോ കൈമാറാനാവില്ല എന്നതിനാൽ ഇതൊരു ദാനമാണ്.  നമ്മുടെ കർത്താവിൽനിന്നുള്ള ഏറ്റവും ആഴമേറിയ ആശയവിനിമയം മനസ്സിൽ അന്ധകാരം നിറയുന്നതിലൂടെയാണ് നടക്കേണ്ടത്.  അറിവ് ഇരുളിലാകുന്നു; എങ്കിലും ദൈവത്തിന്റെ സ്വരത്തെക്കുറിച്ചുള്ള ഉറപ്പ് നിലനിൽക്കുന്നു (കാണുക ഡയറി #1205).

നിങ്ങളുടെ ആന്തരിക പ്രാർഥനാജീവിതത്തെക്കുറിച്ച് വിചിന്തനം ചെയ്യുക.  വ്യക്തമായ ഒരു “ആന്തരിക ജീവിതം” നിങ്ങൾക്കില്ലെങ്കിൽ, അത് ആരംഭിക്കേണ്ട സമയമാണിത്.  ധ്യാനത്തിലൂടെയും സംഭാഷണത്തിലൂടെയും നമ്മുടെ കർത്താവിനെ അന്വേഷിക്കുകയും നിങ്ങളോടു സംസാരിക്കാൻ അവിടുത്തെ അനുവദിക്കുകയും ചെയ്യുക.  നിങ്ങൾക്ക് ആന്തരിക പ്രാർഥനാജീവിതമുണ്ടെങ്കിൽ, ദൈവസാന്നിധ്യം പതിവായി അനുഭവപ്പെടുന്നുണ്ടെങ്കിൽ, കൂടുതൽ ആഴത്തിലേക്കു കടക്കാൻ ശ്രമിക്കുക.  കൂടുതൽ ആഴം തേടുമ്പോൾ, ധ്യാനവും സംഭാഷണവും നിങ്ങളുടെ ആത്മാവിൽ കൂടുതൽ നിശ്ശബ്ദതയ്ക്കും അവ്യക്തതയ്ക്കും വഴിമാറുന്നതായി അനുഭവപ്പെടാൻ തുടങ്ങിയാൽ ഭയപ്പെടരുത്.  ദൈവം പുതിയൊരു തലത്തിൽ നിങ്ങളോടു സംസാരിക്കുന്നതിന്റെ അടയാളമായിരിക്കാം ഇത്.  ഈ അനുഭവത്തെക്കുറിച്ച് ഒരു വൈദികനോടു സംസാരിക്കുക. നമ്മുടെ കർത്താവ് പ്രാർഥനയുടെ പുതിയൊരു തലത്തിലേക്ക് നിങ്ങളെ കൂടുതൽ ആഴത്തിൽ അടുപ്പിക്കുമ്പോൾ, എല്ലാ വിധത്തിലും അവിടുത്തോടു വിശ്വസ്തരായി നിലകൊള്ളുക.

കർത്താവേ, വിശ്വാസജീവിതത്തിന്റെ നിശ്ശബ്ദതയിലേക്കും അവ്യക്തതയിലേക്കും ആഴത്തിൽ ആകർഷിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു.  ഈ ഏറ്റവും ആഴമേറിയ തലത്തിൽ അങ്ങയുമായി ആത്മബന്ധത്തിലായിരിക്കാനും എന്റെ ആത്മാവിന്റെ ആഴങ്ങളിൽ രൂപാന്തരപ്പെടാനും എന്നെ സഹായിക്കണമേ.  ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വിശുദ്ധ മോനിക്കയോടുള്ള നൊവേന
(വഴിതെറ്റിപ്പോയ മക്കൾക്കുവേണ്ടി പ്രത്യേകമായി പ്രാർഥിക്കുന്നത്)
ഓഗസ്റ്റ് 18–26

ഓഗസ്റ്റ് 22 – പരിശുദ്ധ കന്യകാമറിയത്തിന്റെ രാജ്ഞീപദവിയുടെ ഓർമ്മ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ