Andreas F. Borchert, CC BY-SA 3.0 DE , Wikimedia Commons വഴി
ഓരോ മഹാനായ വിശുദ്ധനും ദൈവത്തിന്റെ നന്മയുടെ ഏതെങ്കിലും ഒരു വശത്തിന് മാതൃകയാകുന്നു. ചിലർ ലൗകികസമ്പത്തിനോട് അസാധാരണമായ അനാസക്തിയോടെ ജീവിക്കുന്നു; ചിലർ അചഞ്ചലമായ സമർപ്പണത്തോടെ ദരിദ്രരെ സേവിക്കുന്നു; ചിലർ ആഴമായ പ്രാർഥനാജീവിതം നയിക്കുന്നു; ചിലർക്ക് നിഗൂഢമായ ആത്മീയ വെളിപാടുകൾ ലഭിക്കുന്നു; ചിലർ വിശ്വാസത്തിന്റെ ആഴങ്ങൾ വെളിപ്പെടുത്തുന്ന ഗ്രന്ഥങ്ങൾ അനേകം വാല്യങ്ങളിലായി എഴുതുന്നു. എന്നാൽ എല്ലാവരും ഏതെങ്കിലും വിധത്തിൽ ദൈവകരുണ പ്രകടമാക്കാൻ വിളിക്കപ്പെട്ടവരാണ്. ദൈവകരുണ നിങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ച ഒരു മുദ്രപോലെയായിരിക്കണം. നിങ്ങൾക്കായി ദൈവം തിരഞ്ഞെടുത്തിരിക്കുന്ന അതുല്യമായ വിധത്തിൽ അവിടുത്തെ കരുണ നിങ്ങളുടെ ജീവിതത്തിൽനിന്ന് പ്രകാശിക്കും. ദൈവകരുണയുടെ “മുദ്ര” നിങ്ങളിലൂടെ മാത്രം നൽകപ്പെടുന്ന ഒരു ദാനമായി പ്രകാശിച്ചുകൊണ്ട് അതുല്യമായിത്തീരും. നിങ്ങളുടെ ജീവിതത്തിലൂടെ പ്രകാശിക്കാൻ ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വഴികളോട് തുറവുള്ളവരായിരിക്കുക. ആ മുദ്ര പ്രകാശമാനവും എല്ലാവർക്കും ദൃശ്യവുമായിത്തീരാൻ അനുവദിക്കുക. അപ്പോൾ ദൈവം നിങ്ങളിലൂടെ മഹത്തായ കാര്യങ്ങൾ പ്രവർത്തിക്കുന്നതിന് നിങ്ങൾ സാക്ഷ്യം വഹിക്കും (കാണുക ഡയറി #1242).
ദൈവകരുണയുടെ സ്ഥിരവും ദൃശ്യവുമായ മുദ്ര പതിഞ്ഞിരിക്കുന്ന നിങ്ങളുടെ ഹൃദയത്തെക്കുറിച്ച് ധ്യാനിക്കുക. നിങ്ങളുടെ ജീവിതത്തിലൂടെ തന്റെ കരുണ ഏതെല്ലാം വിധങ്ങളിൽ പ്രസരിപ്പിക്കാൻ കർത്താവ് ആഗ്രഹിക്കുന്നുവെന്നാണ് നിങ്ങൾ വിവേചിച്ചറിയുന്നത്? സ്വർഗത്തിലെ അവിടുത്തെ കരുണ നിങ്ങളിലൂടെ ഭൂമിയിലേക്ക് ഇറങ്ങിവരേണ്ടത് മൂർത്തമായ ഏതെല്ലാം വിധങ്ങളിലാണ്? നിങ്ങളുടെ ജീവിതത്തിലൂടെ പകർന്നുനൽകപ്പെടുന്ന ദൈവകരുണയുടെ സവിശേഷവും മൂർത്തവുമായ പ്രകടനങ്ങൾ കണ്ടെത്താൻ ശ്രമിക്കുക. ദൃശ്യവും യാഥാർഥ്യവുമായ ഈ പ്രകടനങ്ങൾക്കായി സ്വയം സമർപ്പിക്കുന്നത്, നമ്മുടെ ലോകത്തിൽ അവിടുത്തെ ഹൃദയത്തിന്റെ ശക്തമായ ഒരു ഉപകരണമായിത്തീരാൻ നിങ്ങളെ പ്രാപ്തരാക്കും.
കർത്താവേ, ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എന്റെ ജീവിതത്തിലൂടെ അങ്ങയുടെ കരുണ വെളിപ്പെടുത്താൻ അങ്ങയെ അനുവദിക്കണമെന്ന് ഞാൻ ആഴമായി ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിലെ സകല നന്മയുടെയും ഉറവിടമായി ഞാൻ അങ്ങയെ തിരഞ്ഞെടുക്കുന്നു. അങ്ങയുടെ അനുകമ്പയുടെയും സ്നേഹത്തിന്റെയും മുദ്ര പതിപ്പിക്കാനായി എന്റെ ഹൃദയം ഞാൻ അങ്ങയ്ക്കു നൽകുന്നു. പ്രിയ കർത്താവേ, എന്നിലൂടെ പ്രകാശിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ഓഗസ്റ്റ് 27 – വിശുദ്ധ മോനിക്കയുടെ അനുസ്മരണം
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




