മലയാളം

വിചിന്തനം 240: ജീവിതത്തിൽ മാധുര്യമോ കയ്പോ?

രക്തസാക്ഷിയായ വിശുദ്ധ പത്രോസിന്റെ മരണം, ജൊവാന്നി ജിറോലാമോ സവോൾദോയുടെ രചന

വീഡിയോ

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഏതാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്? അനുദിനം ഇന്ദ്രിയങ്ങളിലൂടെ മാധുര്യം അനുഭവിക്കുന്നതോ കയ്പ് അനുഭവിക്കുന്നതോ? മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ വിവിധ വശങ്ങളിൽ ആനന്ദം കണ്ടെത്താനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, അതോ നിങ്ങൾ നിർവഹിക്കുന്ന ദൈനംദിന കർത്തവ്യം നിങ്ങളുടെ ഇന്ദ്രിയങ്ങളിൽ ഒരുതരം കയ്പ് അവശേഷിപ്പിക്കണമെന്നോ? മിക്കവർക്കും ഉത്തരം ലളിതമാണ്. “മാധുര്യം” തന്നെയാണ് ഏറെ നല്ലത്. എന്നാൽ അത് അങ്ങനെയാണോ? കൗതുകകരമെന്നു പറയട്ടെ, ജീവിതത്തിലെ മാധുര്യമോ കയ്പോ അനുഭവിക്കുന്നതിനെ അടിസ്ഥാനമാക്കി വിശുദ്ധിയുടെ ജീവിതത്തിലേക്കുള്ള വഴി നന്നായി തിരിച്ചറിയാനാവില്ല. ചിലപ്പോൾ പാപംപോലും നമുക്ക് “മധുരമായി” തോന്നാം; അതേസമയം വിശുദ്ധമായ പ്രവൃത്തികൾ ആദ്യം “കയ്പേറിയതായും” തോന്നാം. ഇതു മനസ്സിലാക്കുന്നത് ദൈവതിരുവിഷ്ടത്തെ കൂടുതൽ ആഴത്തിൽ സ്വീകരിക്കാൻ നമ്മെ സഹായിക്കും. അവിടുത്തെ തിരുവിഷ്ടത്തെപ്രതി മാത്രം അവിടുത്തെ തിരുവിഷ്ടം അന്വേഷിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അവിടുത്തെ തിരുവിഷ്ടം സ്വീകരിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ആനന്ദത്തെയോ സഹനത്തെയോ സംബന്ധിച്ച് നമുക്ക് പ്രത്യേക മുൻഗണനയൊന്നും ഉണ്ടാകരുത്. ദൈവതിരുവിഷ്ടം വലിയ ത്യാഗം ആവശ്യപ്പെടുകയും അതുവഴി നമ്മുടെ ഇന്ദ്രിയങ്ങളിൽ വേദന അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കിൽ, അങ്ങനെതന്നെ ആകട്ടെ. അവിടുത്തെ തിരുവിഷ്ടം നമ്മെ സ്നേഹത്തിന്റെ ഒരു കൈമാറ്റത്തിലേക്കു നയിക്കുകയും അതുവഴി നമുക്ക് മധുരമായ ആനന്ദം ലഭിക്കുകയും ചെയ്യുന്നുവെങ്കിൽ, അങ്ങനെതന്നെ ആകട്ടെ. പൂർണമായ അനാസക്തിയുടെ നിലയിൽ എത്തിച്ചേരുക പ്രയാസമാണെങ്കിലും, അതിനായി നാം പരിശ്രമിക്കണം. അവിടുത്തെ തിരുവിഷ്ടം, അവിടുത്തെ തിരുവിഷ്ടം മാത്രം, ആയിരിക്കണം നമ്മുടെ ശ്രദ്ധാകേന്ദ്രം. അവിടുത്തെ തിരുവിഷ്ടത്തിൽ മാത്രമാണ് അവിടുത്തെ കരുണയുടെ സമൃദ്ധി നാം കണ്ടെത്തുന്നത് (കാണുക ഡയറി #1245).

ദൈവതിരുവിഷ്ടവും അത് സ്വീകരിക്കുമ്പോൾ നിങ്ങൾക്ക് അനുഭവപ്പെടുന്ന ആനന്ദമോ അനിഷ്ടമോ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചിന്തിക്കുക. അവിടുത്തെ തിരുവിഷ്ടം നിങ്ങളെ ത്യാഗത്തിനു വിളിക്കുമ്പോൾ, അത് ഒരുതരം “കയ്പേറിയ” അനുഭവമായി നിങ്ങൾക്ക് തോന്നും. നിങ്ങളുടെ ഇന്ദ്രിയങ്ങൾക്ക് അത് വെല്ലുവിളിയായേക്കാം എന്ന അർഥത്തിലാണ് കയ്പേറിയത് എന്നു പറയുന്നത്. ഇതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. എല്ലാറ്റിലും അവിടുത്തെ തിരുവിഷ്ടം അന്വേഷിക്കുക. അപ്പോൾ നിങ്ങളുടെ ഹൃദയത്തിലെ ആനന്ദം, ആ നിമിഷങ്ങളിൽ നിങ്ങൾക്കുണ്ടാകുന്ന മറ്റെല്ലാ അനുഭവങ്ങളെയും ഒടുവിൽ അതിശയിക്കും. അവിടുത്തെ തിരുവിഷ്ടം അവിടുത്തെ സമൃദ്ധമായ കരുണയിലേക്കുള്ള വാതിൽ തുറക്കുന്നു.

കർത്താവേ, എല്ലാ കാര്യങ്ങളിലും അങ്ങയുടെ പരിശുദ്ധമായ തിരുവിഷ്ടം ഞാൻ അന്വേഷിക്കുന്നു. അത് എത്ര പ്രയാസകരമോ എത്ര ആനന്ദകരമോ ആയിരുന്നാലും അങ്ങയുടെ തിരുവിഷ്ടം തിരഞ്ഞെടുക്കാൻ എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, എന്നെ ശുദ്ധീകരിക്കുകയും ജീവിതത്തിൽ ഒരൊറ്റ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. അങ്ങനെ, അങ്ങ് എന്നോടു ചെയ്യാൻ ആവശ്യപ്പെടുന്നതെല്ലാം ഞാൻ സ്വീകരിക്കുന്നത് അങ്ങയുടെ പരിപൂർണമായ കരുണ പുറപ്പെടുവിക്കട്ടെ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ഓഗസ്റ്റ് 28 – ഹിപ്പോയിലെ വിശുദ്ധ അഗസ്തീനോസ്, മെത്രാനും വേദപാരംഗതനും

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ