അൽകാന്തരയിലെ വിശുദ്ധ പത്രോസിന്റെ ആനന്ദപാരവശ്യം, രചന: ഫ്രാൻചെസ്കോ ഫോന്തെബാസ്സോ
“സൗന്ദര്യം” കാണുന്നവന്റെ കണ്ണിലാണെന്നു പറയാറുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സൗന്ദര്യത്തിന്റെ നിർവചനം ഓരോ വ്യക്തിയുടെയും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ചിലർ പറയുന്നു. ഉപരിപ്ലവമായ തലത്തിൽ ഇതിൽ കുറെയൊക്കെ സത്യമുണ്ടായിരിക്കാമെങ്കിലും, കൂടുതൽ ആഴത്തിൽ നോക്കുമ്പോൾ യഥാർഥ സൗന്ദര്യം ദൈവത്തിൽനിന്നു വരുന്നതും എല്ലാ വിധത്തിലും വസ്തുനിഷ്ഠവുമാണ്. അത് നമ്മുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെയല്ല, ദൈവത്തെയാണ് ആശ്രയിച്ചിരിക്കുന്നത്. ഏതൊരു വസ്തുവോ വ്യക്തിയോ ദൈവത്തോടും അവിടുത്തെ കരുണയോടും എത്രത്തോളം സാദൃശ്യമുള്ളതാകുന്നുവോ, അത്രത്തോളം സൗന്ദര്യമുള്ളതാകുന്നു. നമ്മുടെ ആത്മാക്കളെ സംബന്ധിച്ച് ഇത് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. മറ്റുള്ളവർ നമ്മെ “സുന്ദരരായി” കാണണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നു. എന്നാൽ വിശുദ്ധിയുടെ ജീവിതത്തിലൂടെ മാത്രമേ ഇതു സാധ്യമാകൂ എന്നും നാം മനസ്സിലാക്കണം. ഓരോ വ്യക്തിയുടെയും സൗന്ദര്യം അനന്യമാണെന്നത് വിസ്മയകരമാണ്. സ്വർഗത്തിൽ നാമെല്ലാവരും ഒരുപോലെയായിരിക്കുകയില്ല; മറിച്ച്, ഓരോ വ്യക്തിയുടെയും അനന്യത ആ വ്യക്തിക്കു മാത്രം സവിശേഷമായ രീതിയിൽ ദൈവത്തിന്റെ തേജസ്സ് പ്രകാശിപ്പിക്കും. ദൈവത്തിന്റെ സൗന്ദര്യവും പ്രതാപവും നിങ്ങളുടെ ജീവിതത്തിലൂടെ പ്രകാശിക്കാൻ ഇടനൽകുക. അങ്ങനെ നിങ്ങൾ അവിടുത്തെ മഹത്ത്വത്തിന്റെ ഉപകരണമാകും (കാണുക ഡയറി #1251).
സുന്ദരരാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഒരുപക്ഷേ പുരുഷന്മാരെക്കാൾ സ്ത്രീകൾക്ക് ഉത്തരം നൽകാൻ എളുപ്പമുള്ള ഒരു ചോദ്യമായിരിക്കാം ഇത്; കാരണം, സൗന്ദര്യം എന്ന വാക്ക് സ്ത്രീകളുമായി ബന്ധപ്പെടുത്തി കൂടുതൽ ഉപയോഗിക്കപ്പെടുന്നു. എങ്കിലും ഈ ചോദ്യത്തെക്കുറിച്ച് ചിന്തിക്കുക. അങ്ങനെ ചിന്തിക്കുമ്പോൾ, സൗന്ദര്യത്തെ മറ്റൊരു കാഴ്ചപ്പാടിൽ കാണാൻ ശ്രമിക്കുക. ഏറ്റവും ആഴമായ അർഥത്തിൽ, അത് സ്വാഭാവികമായ ശാരീരിക ആകർഷണീയതയല്ല. യഥാർഥ സൗന്ദര്യമെന്നത് ദൈവത്തിന്റെ മഹത്ത്വത്തിൽ പങ്കുചേരുന്നതും, ഒരു പ്രിസത്തിലൂടെ പ്രകാശം കടന്നുപോകുന്നതുപോലെ ആ മഹത്ത്വം നിങ്ങളുടെ ആത്മാവിലൂടെ പ്രകാശിക്കാൻ അനുവദിക്കുന്നതുമാണ്. ദൈവം നിങ്ങളിലൂടെ പ്രകാശിക്കാൻ ഇടനൽകുക. അങ്ങനെ ദൈവത്തിന്റെ സൗന്ദര്യം അവിടുത്തെ കരുണയാൽ അനന്യവും അഗാധവുമായ വിധത്തിൽ മറ്റുള്ളവരെ അനുഗ്രഹിക്കട്ടെ.
കർത്താവേ, അങ്ങാണ് എന്റെ ആത്മാവിന്റെ മഹത്ത്വവും പ്രതാപവും. അങ്ങയുടെ സൗന്ദര്യം വിസ്മയഭരിതമായ ആദരവ് ഉണർത്തുന്നതും എല്ലാ വിധത്തിലും പ്രകാശമാനവുമാണ്. എന്നിൽ വന്നു വസിക്കുകയും എന്നിലൂടെ പ്രകാശിക്കുകയും ചെയ്യണമേ; അങ്ങനെ എന്റെ ജീവിതത്തിൽ പരിവർത്തനം വരുത്തുന്ന അങ്ങയുടെ സൗന്ദര്യം മറ്റുള്ളവർ കാണട്ടെ. പ്രിയ കർത്താവേ, അങ്ങയുടെ മഹത്ത്വത്തിന്റെ ഉപകരണമായി ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
ആണ്ടുവട്ടക്കാലത്തേക്കുള്ള വിശുദ്ധഗ്രന്ഥ ധ്യാനങ്ങൾ
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




