മലയാളം

വിചിന്തനം 265: വികാരങ്ങളുടെ അപകടവും അനുഗ്രഹവും

ചിത്രം: Getty വഴി

വീഡിയോ

ദൈവം നമ്മെ വികാരങ്ങളോടുകൂടിയാണ് സൃഷ്ടിച്ചത്. നമ്മുടെ ക്രൈസ്തവ ജീവിതയാത്രയിൽ അവ വലിയ അനുഗ്രഹങ്ങളാകാം; അല്ലെങ്കിൽ വലിയ കെണികളായി മാറാം. ഓരോ വികാരത്തെയും നിയന്ത്രിക്കുന്നത് എന്താണെന്നതിനെ ആശ്രയിച്ചാണ് ഇതെല്ലാം നിലകൊള്ളുന്നത്. ഉദാഹരണത്തിന്, കോപമെന്ന വികാരത്തെ നന്മയ്ക്കോ തിന്മയ്ക്കോ ഉപയോഗിക്കാം. കോപം നമ്മെ കീഴടക്കുകയും ഈ കോപത്തിന്റെ ഉറവിടം ഒരു മുറിവോ മറ്റൊരാളോടുള്ള കരുണയുടെ അഭാവമോ ആയിരിക്കുകയും ചെയ്യുമ്പോൾ, നാം ഈ പാപത്താൽ ബന്ധിതരാകുന്നു. എന്നാൽ വിശുദ്ധമായ കോപം ദൈവത്തിന്റെ ഒരു ദാനമാണ്; കാരണം, ഏതെങ്കിലും ഒരു പ്രവൃത്തിയിൽ “ഉഗ്രമായി” പ്രവർത്തിക്കാൻ കർത്താവ് നമ്മെ പ്രചോദിപ്പിച്ചേക്കാം. നിഷ്കളങ്കനായ ഒരു കുഞ്ഞിനെ അപകടത്തിൽനിന്നു സംരക്ഷിക്കുന്ന മാതാവിനോ പിതാവിനോ, അല്ലെങ്കിൽ തിന്മയെ നേരിട്ടു നേരിടുമ്പോഴോ, താങ്ങാകുന്ന ഒരു ശക്തിയായി വിശുദ്ധമായ ഒരുതരം കോപം ആവശ്യമായി വന്നേക്കാം. ലൈംഗിക വികാരങ്ങളും ഇതുപോലെയാണ്. ദൈവത്തിന്റെ പദ്ധതിക്ക് അനുസൃതമായി ദാമ്പത്യ ഐക്യത്തിനായി അവ ഉപയോഗിക്കപ്പെടുമ്പോൾ അവ വിശുദ്ധമാണ്. വ്യഭിചാരത്തിന്റെയോ സ്വയംസുഖാന്വേഷണത്തിന്റെയോ മറ്റേതെങ്കിലും തരത്തിലുള്ള കാമാസക്തിയുടെയോ ഉറവിടമായി അവ മാറുമ്പോൾ, അവ നമുക്കു വലിയ ദോഷം വരുത്തുന്നു. നിയന്ത്രണരഹിതമായ വികാരങ്ങളിൽനിന്നു സ്വതന്ത്രരാകാൻ പരിശ്രമിക്കുക. സ്വാഭാവികമായ ഈ ദാനങ്ങൾ സ്നേഹത്തിന്റെയും ദൈവതിരുഹിതത്തിന്റെയും സേവനത്തിനായി സമർപ്പിക്കപ്പെടുമാറ്, ദൈവകരുണ അവയെ പൂർണമായി ആവരണം ചെയ്യാൻ അനുവദിക്കുക (കാണുക ഡയറി #1331).

നിങ്ങളുടെ വികാരങ്ങൾ ദൈവത്തിന്റെ ശക്തമായ കരുണയുടെ നിയന്ത്രണത്തിലാണോ, അതോ നിങ്ങളുടെ വികാരങ്ങളാണോ നിങ്ങളെ നിയന്ത്രിക്കുന്നത്? സത്യസന്ധമായി ഉത്തരം നൽകേണ്ട ഒരു പ്രധാന ചോദ്യമാണിത്. വികാരങ്ങൾ ശക്തവും കടിഞ്ഞാണില്ലാത്തവയുമായി മാറുമ്പോൾ അവയെ നിയന്ത്രിക്കുക പ്രയാസമായേക്കാം. എന്നാൽ അവയെ ഉചിതമായി ദൈവത്തിനു സമർപ്പിക്കുമ്പോൾ, സ്നേഹിക്കാൻ വലിയ പ്രചോദനം നൽകുന്ന ഉറവിടമായി അവ മാറുന്നു. നിങ്ങളുടെ വികാരങ്ങളുമായുള്ള പോരാട്ടത്തെക്കുറിച്ച് സത്യസന്ധമായി ചിന്തിക്കുക. അവയെ നിങ്ങളുടെ ജീവിതത്തിൽ വലിയൊരു അനുഗ്രഹവും സമൃദ്ധമായ കരുണയുടെ ഉറവിടവുമായി മാറ്റാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് അറിയുക. പ്രാർഥനയിലൂടെയും ഉപവാസത്തിലൂടെയും കുമ്പസാരത്തിലൂടെയും അവയെ വീണ്ടും വീണ്ടും അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുക. അപ്പോൾ സ്വാഭാവികമായ ഈ ദാനങ്ങൾക്ക് കർത്താവ് ക്രമവും സ്ഥിരതയും നൽകും.

കർത്താവേ, എന്റെ ഹൃദയവും ആത്മാവും ശരീരവും മനസ്സും വികാരങ്ങളും ഞാൻ അങ്ങേക്കു സമർപ്പിക്കുന്നു. എല്ലാ വിധത്തിലും എനിക്കു ക്രമവും സ്ഥിരതയും നൽകുകയും അങ്ങയുടെ വിശുദ്ധവും തീക്ഷ്ണവുമായ സ്നേഹത്തിന്റെ ഒരു ഉപകരണമായി എന്നെ ഉപയോഗിക്കുകയും ചെയ്യണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള നൊവേന – ചെറുപുഷ്പം
ഒന്നാം ദിവസം – സെപ്റ്റംബർ 22

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ