മലയാളം

വിചിന്തനം 247: സഹായം ആവശ്യമുള്ളവർ നൽകുന്ന അനുഗ്രഹം

രോഗികളെ സുഖപ്പെടുത്തുന്ന വിശുദ്ധ പത്രോസ്, ജേക്കബ് ടൂറൻവ്ലീറ്റ് രചിച്ചത്

വീഡിയോ

നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും ഗുരുതരമായ രോഗം ബാധിച്ചവരോ ജയിലിലായിരിക്കുന്നവരോ ഏതെങ്കിലും വിധത്തിൽ വലിയ സഹായം ആവശ്യമുള്ളവരോ ആണെങ്കിൽ, അത് നിങ്ങൾക്ക് ഒരു ഭാരമായിരിക്കുമോ അതോ അനുഗ്രഹമായിരിക്കുമോ?  അതിനെക്കുറിച്ച് ചിന്തിക്കുക.  പ്രത്യേക പരിചരണം ആവശ്യമുള്ളവർ നിങ്ങളുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കുന്നുണ്ടോ?  തികച്ചും പ്രായോഗികമായ തലത്തിൽ ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണെങ്കിൽ, ഉത്തരം “അതെ” എന്നായിരിക്കാം.  എന്നാൽ കൂടുതൽ ആത്മീയമായ തലത്തിൽ ഉത്തരം നൽകുകയാണെങ്കിൽ, തങ്ങളുടെ പ്രത്യേക ആവശ്യങ്ങളാൽ നമുക്ക് “ഭാരമാകുന്നവർ” വലിയ വിശുദ്ധിയിലേക്കുള്ള ഒരു അവസരമാണ് നമുക്ക് നൽകുന്നത് എന്നതാണ് ഉത്തരം.  കാരണം, പ്രത്യേക പരിചരണം ആവശ്യമുള്ളവർ നമ്മിൽനിന്ന് ഉപവിസ്നേഹത്തിന്റെയും അനുകമ്പയുടെയും കരുണാപൂർവ്വമായ സേവനത്തിന്റെയും പ്രതികരണം ആവശ്യപ്പെടുന്നു.  അവരെ ഒരു ഭാരമായി കണ്ടാൽ, കൃപ ലഭിക്കാനുള്ള അസാധാരണമായ ഒരു അവസരമാണ് നാം നഷ്ടപ്പെടുത്തുന്നത്.  തന്റെ കരുണ പ്രകടമാക്കാൻ നമുക്ക് അവസരം നൽകുന്നതിനായി, മറ്റുള്ളവർ സഹനമനുഭവിക്കാനും നമ്മുടെമേൽ ഒരു വിശുദ്ധമായ ഭാരം ചുമത്താനും ദൈവം പലപ്പോഴും അനുവദിക്കുന്നു.  ഈ പ്രത്യേക ആത്മാക്കളെ അന്വേഷിച്ചുചെന്ന്, ഈശോയുടെ ഹൃദയത്തിലുള്ള സ്നേഹവും കരുതലും കരുണയും അവർക്ക് നൽകുക (കാണുക ഡയറി #1268).

ദൈവം നിങ്ങളുടെ ജീവിതത്തിൽ ആരെയൊക്കെയാണ് നൽകിയിരിക്കുന്നത്?  കൂടുതൽ വ്യക്തമായി പറഞ്ഞാൽ, നിങ്ങളിൽനിന്ന് കൂടുതൽ പരിചരണം ആവശ്യമായവിധം പ്രത്യേകമായ ഒരു സഹനമോ രോഗമോ ബലഹീനതയോ ബുദ്ധിമുട്ടോ അനുഭവിക്കുന്നത് ആരാണ്?  അത് രോഗിയായ ഒരു കുട്ടിയോ വിഷാദം അനുഭവിക്കുന്ന ജീവിതപങ്കാളിയോ പ്രായമായ മാതാവോ പിതാവോ പരസ്യമായി പാപത്തിൽ കഴിയുന്ന ഒരാളോ സഹായം ആവശ്യമുള്ള ഒരു സുഹൃത്തോ ആകാം.  നിങ്ങളുടെ മനസ്സിൽ വരുന്നത് ആരായാലും, അവരെയും അവരുടെ ആവശ്യങ്ങളെയും നമ്മുടെ കർത്താവിന്റെ സ്നേഹവും കരുണയും പ്രകടമാക്കാനുള്ള കൃപാപൂർണ്ണമായ ഒരു ക്ഷണമായി കാണാൻ ശ്രമിക്കുക.  നിങ്ങൾക്ക് എപ്പോഴെങ്കിലും മനസ്സിലാക്കാൻ കഴിയുന്നതിലും എത്രയോ വലിയ അനുഗ്രഹമാണ് അവർ നിങ്ങൾക്ക്.  ക്രിസ്തുവിന്റെ ഹൃദയത്തിലെ അനുകമ്പയും കരുതലും നിങ്ങളിലൂടെ പ്രകടമാകാൻ അവരുടെ ആവശ്യങ്ങൾ വഴിയൊരുക്കട്ടെ.

കർത്താവേ, അങ്ങയുടേതുപോലുള്ള ഒരു ഹൃദയം എനിക്ക് നൽകണമേ.  മറ്റുള്ളവരോടുള്ള അങ്ങയുടെ പരിപൂർണ്ണമായ സ്നേഹം എനിക്ക് പ്രകടമാക്കാൻ കഴിയേണ്ടതിന്, കരുണയും അനുകമ്പയും നിറഞ്ഞ അങ്ങയുടെ പരിപൂർണ്ണ ഹൃദയം എനിക്ക് നൽകണമേ.  എല്ലാ മനുഷ്യരെയും ഒരു ദാനമായി കാണാനും അവരുടെ അനന്തമായ മഹത്ത്വം തിരിച്ചറിയാനും എന്നെ സഹായിക്കണമേ.  അവരെ സ്നേഹിക്കാൻ ഞാൻ പരിശ്രമിക്കുമ്പോൾ, ഈ നിസ്വാർത്ഥ പ്രവൃത്തിയിലൂടെ എനിക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾക്കായി ഞാൻ അങ്ങയോട് നന്ദി പറയുന്നു.  ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിയിപ്പുകൾ നേടൂ.

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ