ചിത്രം: Needpix മുഖേന
ഒരു വിശുദ്ധനാകാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? “ഉവ്വ്” എന്നായിരിക്കും ഉത്തരമെന്ന് പ്രത്യാശിക്കുന്നു. എന്നാൽ ഈ ചോദ്യമോ: നിങ്ങൾക്ക് ഒരു വിശുദ്ധനാകാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഇതിന് ഉത്തരം നൽകാൻ കൂടുതൽ പ്രയാസമായേക്കാം. വിശുദ്ധിയെക്കുറിച്ച് സ്വപ്നം കാണാനും അത് ആഗ്രഹിക്കാനും എളുപ്പമാണ്. എന്നാൽ അത് കൈവരിക്കാനുള്ള ദൗത്യം മുന്നിൽ വരുമ്പോൾ നിരുത്സാഹം എളുപ്പത്തിൽ കടന്നുവന്നേക്കാം. വിശുദ്ധിയിലേക്കുള്ള ഉന്നതമായ വിളി കാണുകയും അത് ഒരിക്കലും കൈവരിക്കാൻ കഴിയില്ലെന്ന് നിഗമനത്തിലെത്തുകയും ചെയ്യുമ്പോഴാണ് നിരുത്സാഹം ഉണ്ടാകുന്നത്. ഏതെങ്കിലും ഒരു കുറവിൽത്തന്നെ ശ്രദ്ധ പതിഞ്ഞ്, ആത്മീയമായി മന്ദോഷ്ണാവസ്ഥയിൽ തുടരാൻ മാത്രമാണ് നിങ്ങളുടെ വിധിയെന്നും അതിലപ്പുറം ഒന്നുമില്ലെന്നും കരുതി നിങ്ങൾ ശ്രമം ഉപേക്ഷിച്ചേക്കാം. നിങ്ങൾ നല്ലൊരു വ്യക്തിയാണെന്നും അതുകൊണ്ട് തൃപ്തിപ്പെടേണ്ടിവരുമെന്നും നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ദൈവത്തിന് നിങ്ങളെക്കുറിച്ച് വലിയ പദ്ധതികളുണ്ട്! അവിടുന്ന് നിങ്ങളെ ഒരു വിശുദ്ധനാകാൻ വിളിക്കുക മാത്രമല്ല, നിങ്ങൾക്ക് അങ്ങനെയാകാൻ കഴിയുമെന്ന് അറിയുകയും ചെയ്യുന്നു. വിശുദ്ധി സാധ്യമാണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങുംവിധം അവിടുത്തെ കരുണ നിങ്ങൾക്ക് അത്രമേൽ വ്യക്തമാകാൻ അനുവദിക്കുക എന്നതാണ് പ്രധാനം. നാം നല്ലവരായതുകൊണ്ടല്ല വിശുദ്ധി കൈവരിക്കുന്നത്; മറിച്ച്, ദൈവം കരുണയുള്ളവനായതുകൊണ്ടും ആ കരുണയിൽ ദൃഷ്ടി ഉറപ്പിക്കാൻ നാം തീരുമാനിച്ചതുകൊണ്ടുമാണ് അത് കൈവരിക്കുന്നത്. ഒരു വിശുദ്ധനാകാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും നിങ്ങൾക്ക് ഒരു വിശുദ്ധനാകാൻ കഴിയുമെന്നും ഉള്ള സത്യത്തെ ഒരിക്കലും സംശയിക്കരുത് (കാണുക: ഡയറി #1333).
ഇന്ന് ഈ രണ്ടു ചോദ്യങ്ങളെക്കുറിച്ച് ധ്യാനിക്കുക. ഒരു വിശുദ്ധനാകാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ, കൂടാതെ എന്റെ ജീവിതത്തിൽ ഇത് കൈവരിക്കാൻ കഴിയുമോ? വിശുദ്ധിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഏതെല്ലാം വിധത്തിലാണ് നിങ്ങൾ നിരുത്സാഹപ്പെടുന്നതെന്ന് പരിശോധിക്കുക. നിങ്ങളിൽ നിരുത്സാഹം ഉളവാക്കുന്നത് എന്തുതന്നെയായാലും അത് വ്യാജമാണ്. അത് സത്യമല്ല. ദൈവത്തിന്റെ കരുണ നിങ്ങളുടെ കൺമുന്നിൽ തെളിയട്ടെ; അവിടുത്തെ കരുണ സ്വീകരിക്കാൻ നിങ്ങൾക്ക് കഴിയുമെന്ന് തിരിച്ചറിയുക. ദൈവത്തിന്റെ കരുണ സ്വീകരിക്കാൻ നിങ്ങൾ മനസ്സു തുറക്കുമ്പോൾ യഥാർഥ വിശുദ്ധിയിലേക്കുള്ള നിങ്ങളുടെ യാത്ര ആരംഭിക്കും.
കർത്താവേ, അങ്ങയുടെ സമൃദ്ധമായ കരുണയാൽ വിശുദ്ധനാകാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു. നിരുത്സാഹവുമായുള്ള എന്റെ പോരാട്ടങ്ങൾ നീക്കുകയും എന്നെ മാറ്റാനുള്ള അങ്ങയുടെ ശക്തിയിൽ പ്രത്യാശവയ്ക്കാൻ എന്നെ സഹായിക്കുകയും ചെയ്യണമേ. പ്രിയ കർത്താവേ, ഞാൻ എന്നെത്തന്നെ അങ്ങേക്കു സമർപ്പിക്കുന്നു; അങ്ങ് എന്നെ ഒരു വിശുദ്ധനാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.
സെപ്റ്റംബർ 23 – പുരോഹിതനായ പിയെത്രെൽചീനയിലെ വിശുദ്ധ പിയോയുടെ ഓർമ്മ
ലിസ്യുവിലെ വിശുദ്ധ കൊച്ചുത്രേസ്യയോടുള്ള നൊവേന – ചെറുപുഷ്പം
രണ്ടാം ദിവസം – സെപ്റ്റംബർ 23
ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ




