മലയാളം

വിചിന്തനം 286: എളിമ, നിർമലത, ദൈവത്തോടുള്ള സ്നേഹം

ഉഫ്ഫിസി ഗാലറി, CC BY-SA 4.0, വിക്കിമീഡിയ കോമൺസ് മുഖേന

വീഡിയോ

നമ്മുടെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിന് ഏറ്റവും പ്രിയപ്പെട്ടത് എന്താണ്? അമ്മ നിങ്ങൾക്കു പ്രത്യക്ഷപ്പെട്ട്, നിങ്ങളെക്കുറിച്ചുള്ള തന്റെ ഏറ്റവും വലിയ ആഗ്രഹം നിങ്ങളോടു പങ്കുവച്ചാൽ, അത് എന്തായിരിക്കും? ഒരുപക്ഷേ, നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും പ്രത്യേക ആവശ്യത്തെക്കുറിച്ച് ദൈവം അമ്മയെ അറിയിച്ചിട്ടുണ്ടാകാം. എന്നാൽ, ഇതിനുപുറമേ എളിമ, നിർമലത, ദൈവത്തോടുള്ള സ്നേഹം എന്നീ പുണ്യങ്ങൾ അഭ്യസിക്കാൻ അമ്മ തീർച്ചയായും നിങ്ങളെ ആഹ്വാനം ചെയ്യും. ഈ വിശുദ്ധ പുണ്യങ്ങൾ അമ്മയുടെ ജീവിതത്തിൽ സജീവമായിരുന്നതു നാം പ്രത്യേകമായി കാണുന്നു. നമ്മുടെ പരിശുദ്ധ അമ്മ പല വിധത്തിൽ എളിമയുള്ളവളായിരുന്നു. അവൾ അമലോത്ഭവയും എല്ലാ പാപങ്ങളിൽനിന്നും വിമുക്തയും ദൈവത്തിന്റെ ഏറ്റവും മഹത്ത്വപൂർണമായ സൃഷ്ടിയുമായിരുന്നു. എന്നിട്ടും, ഭൂമിയിലായിരുന്നപ്പോൾ അവൾ മറഞ്ഞു ജീവിച്ചു; വിവാഹിതയാകുന്നതിനുമുമ്പ് ഈശോയെ ഗർഭം ധരിച്ചതിനാൽ അവളെ ഒരു പാപിനിയായിപ്പോലും കരുതിയിരുന്നു. എന്നാൽ, അവൾ തന്റെ ജീവിതത്തിൽ പൂർണമായ നിർമലത പാലിച്ചു. അതായിരുന്നു ഈശോയോടും യൗസേപ്പിനോടും താൻ കണ്ടുമുട്ടിയ മറ്റെല്ലാവരോടുമുള്ള അവളുടെ ഏറ്റവും പൂർണമായ സ്നേഹത്തിന്റെ ഉറവിടം. മറ്റുള്ളവരുടെ മഹത്ത്വം പൂർണമായി മാനിച്ചുകൊണ്ടും അവരോട് അങ്ങേയറ്റം ആദരവു പുലർത്തിക്കൊണ്ടും അവരെ സ്നേഹിക്കാൻ അവളുടെ നിർമലത അവളെ പ്രാപ്തയാക്കി. ദൈവത്തോടുള്ള അവളുടെ സ്നേഹവും എല്ലാ വിധത്തിലും പൂർണമായിരുന്നു; അവിടുത്തെ തിരുഹിതത്തോടുള്ള അവളുടെ സമ്പൂർണ വിധേയത്വത്തിലൂടെ അത് പ്രകടമായി. അവൾ പറഞ്ഞു: “അങ്ങയുടെ തിരുഹിതമനുസരിച്ച് എനിക്കു സംഭവിക്കട്ടെ.” അവൾ അത് പൂർണഹൃദയത്തോടെ പറയുകയും അതനുസരിച്ചു ജീവിക്കുകയും ചെയ്തു. ഈ വിശുദ്ധ പുണ്യങ്ങൾ സ്വീകരിക്കാൻ നമ്മുടെ പരിശുദ്ധ അമ്മയുടെ ഈ സാക്ഷ്യം നിങ്ങളെ ആഹ്വാനം ചെയ്യട്ടെ. അങ്ങനെ അമ്മയെ അനുകരിക്കാനും അമ്മയുടെ മഹത്ത്വത്തിലും വിശുദ്ധിയിലും പങ്കുചേരാനും നിങ്ങൾക്കു കഴിയട്ടെ (കാണുക ഡയറി #1415).

നിങ്ങളുടെ ജീവിതത്തിലെ ഈ മൂന്നു പുണ്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യുക. അവ എത്ര നന്നായി നിങ്ങളുടെ ജീവിതത്തിൽ പ്രകടമാകുന്നുണ്ട്? നമ്മുടെ പരിശുദ്ധ അമ്മയുടെ ജീവിതത്തിൽ ഈ പുണ്യങ്ങൾ എങ്ങനെ പ്രാവർത്തികമാക്കിയിരുന്നുവെന്ന് ചിന്തിക്കുക. അമ്മ പൂർണതയോടെ ജീവിച്ച ഈ പുണ്യങ്ങൾ നിങ്ങൾക്കും അനുകരിക്കാനാകേണ്ടതിന് അമ്മയുടെ ശക്തമായ മാധ്യസ്ഥ്യം തേടുക.

ഏറ്റവും പ്രിയപ്പെട്ട അമ്മേ, അമ്മയുടെ സൗന്ദര്യത്തിലേക്കും അമ്മയുടെ ജീവിതത്തിൽനിന്നു പ്രസരിക്കുന്ന പുണ്യങ്ങളിലേക്കും ഞാൻ നോക്കുന്നു. അമ്മയുടെ എളിമയിലും നിർമലതയിലും ദൈവത്തോടുള്ള സ്നേഹത്തിലും ഞാൻ പ്രത്യേകമായി ആനന്ദിക്കുന്നു. അമ്മയുടെ സൗന്ദര്യവും വിശുദ്ധിയും അനുകരിക്കാനാകേണ്ടതിന് ഈ പുണ്യങ്ങൾ എന്റെ സ്വന്തം ജീവിതത്തിൽ അനുകരിക്കാൻ എന്നെ സഹായിക്കണമേ. മറിയമാതാവേ, എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

വരിക്കാരാകൂ ഞങ്ങളുടെ YouTube ചാനലിൽ!
പുതിയ ഉള്ളടക്കത്തെക്കുറിച്ചുള്ള അറിയിപ്പുകൾ ലഭിക്കട്ടെ.

ഒക്ടോബർ വിശുദ്ധ ജപമാലയുടെ മാസമാണ്

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ


ആഴങ്ങൾ തേടി

ഇഗ്നേഷ്യൻ പാഠങ്ങളും ധ്യാനങ്ങളും
ആരാധനാക്രമവത്സരമനുസരിച്ച് ക്രമീകരിച്ചത്