മലയാളം

വിചിന്തനം 259: വിനീതാത്മാവിന്റെ സൗന്ദര്യം

ഫരിസേയനും ചുങ്കക്കാരനും, ഗുസ്താവ് ദൊറെയുടെ രചന

വീഡിയോ

ഒരാളെ സുന്ദരനാക്കുന്നത് എന്താണ്? മറ്റെന്തിനെക്കാളും ഉപരിയായി അത് എളിമ എന്ന പുണ്യമാണ്. എളിമയ്ക്ക് അസാധാരണമായ ആകർഷണശക്തിയുണ്ട്. എളിമയുള്ള ഒരാൾ ചിലരിൽ ആദ്യമൊന്നും വലിയ മതിപ്പുളവാക്കിയില്ലെങ്കിലും, കാലക്രമത്തിൽ എളിമ ഏറ്റവും അഹങ്കാരിയും സ്വാർഥനുമായ വ്യക്തിയെപ്പോലും തന്നിലേക്ക് ആകർഷിക്കും. എളിമയുള്ള ഒരാത്മാവിന്റെ അഗാധമായ ആകർഷണശക്തിയെ അവഗണിക്കുക പ്രയാസമാണ്; കാരണം, ആ വ്യക്തിയിൽ ദൈവം ഉറ്റ സാന്നിധ്യമായി വസിക്കുന്നു. വാസ്തവത്തിൽ, എളിമയുള്ള ഒരാത്മാവ് ചോദിക്കുന്ന എന്തും ദൈവം ചെയ്തുകൊടുക്കുമെന്ന് ഏതാണ്ട് പറയാം. എളിമയുള്ള ആ ഹൃദയത്തിലൂടെ അസാധാരണമായ കൃപകൾ വർഷിക്കാൻ എളിമ ദൈവത്തെ കടപ്പെടുത്തുന്നതുപോലെയാണത്. ദൈവത്തിന്റെയും മറ്റുള്ളവരുടെയും മുമ്പിൽ സ്വയം പൂർണമായി ശൂന്യനാക്കുന്നതാണ് എളിമ. തത്ഫലമായി ആ വ്യക്തി “അപ്രത്യക്ഷനാകുന്നു”; ദൈവം മാത്രമേ ശേഷിക്കുന്നുള്ളൂ. ഏറ്റവും വലിയ കഴിവുകൾ നിറഞ്ഞ വ്യക്തിയിലൂടെ പ്രകാശിക്കുന്നതിനെക്കാൾ ഉജ്ജ്വലമായി ദൈവം എളിമയുള്ളവരിലൂടെ പ്രകാശിക്കുന്നു. ദൈവത്തിന്റെ മുമ്പിൽ നിങ്ങളെത്തന്നെ താഴ്ത്തുക. നിങ്ങൾ എത്രത്തോളം താഴുന്നുവോ, അത്രത്തോളം ദൈവം നിങ്ങളിലൂടെ പ്രകാശിക്കുകയും അവിടുത്തെ കരുണ ചൊരിയപ്പെടുകയും ചെയ്യും (കാണുക ഡയറി #1306).

എളിമയുള്ളവരാകാൻ നിങ്ങൾ പരിശ്രമിക്കുന്നുണ്ടോ? അതോ സ്വയം ഉയർത്തിക്കാട്ടാനും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാകാനുമാണോ നിങ്ങൾ ശ്രമിക്കുന്നത്? വിശുദ്ധ ഗ്രന്ഥം പറയുന്നതുപോലെ, “തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും” (Lk. 14:11) എന്നതാണ് ഇതിലെ വിരോധാഭാസം. മഹാന്മാരായ അനേകം വിശുദ്ധർ ഇതിന്റെ ഉത്തമ മാതൃകകളാണ്. ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ; എന്നാൽ ഒടുവിൽ, മറ്റുള്ളവർക്കു കാണാനായി ഈ മഹാവിശുദ്ധർ പലപ്പോഴും ഉന്നതിയിലേക്കുയർത്തപ്പെട്ടു. ഇന്ന് നിങ്ങളെത്തന്നെ താഴ്ത്തിക്കൊണ്ട് ആ മഹാവിശുദ്ധരിൽ ഒരാളാകാൻ പരിശ്രമിക്കുക. എളിമയെക്കുറിച്ച് ധ്യാനിക്കുകയും അതിന്റെ മൂല്യം സ്വയം ബോധ്യപ്പെടുത്തുകയും ചെയ്യുക. അതിലൂടെ ദൈവത്തിന്റെ സൗന്ദര്യവും കരുണയും പ്രകാശിക്കും.

കർത്താവേ, ചില സമയങ്ങളിൽ ഞാൻ അഹങ്കാരം നിറഞ്ഞവനാണെന്നും ആ വസ്തുത സമ്മതിക്കുന്നതിൽനിന്ന് അഹങ്കാരം എന്നെ തടയുന്നുവെന്നും എനിക്കറിയാം. ദയവായി എന്നെ എളിമയുള്ളവനാക്കുകയും അങ്ങയുടെ അനന്തമായ മഹിമയുടെ മുമ്പിൽ എന്നെത്തന്നെ താഴ്ത്താൻ സഹായിക്കുകയും ചെയ്യണമേ. എല്ലാറ്റിനുമുപരിയായി അങ്ങയെ അന്വേഷിക്കാനും എല്ലാ മഹത്വവും ബഹുമാനവും അങ്ങേക്കു നൽകാനും എനിക്കു കൃപ നൽകണമേ. ഈശോയേ, അങ്ങയിൽ ഞാൻ ശരണപ്പെടുന്നു.

സെപ്റ്റംബർ 16 – രക്തസാക്ഷികളായ വിശുദ്ധ കൊർണേലിയൂസ് പാപ്പായുടെയും വിശുദ്ധ സിപ്രിയാൻ മെത്രാന്റെയും ഓർമ്മ

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ