മലയാളം

ധ്യാനചിന്ത 211: ദൈവമാതാവിന്റെ അരികിൽ

വിലാപം, ജെറാർഡ് ഡേവിഡിന്റെ രചന

വീഡിയോ

മക്കളുടെ സംരക്ഷണത്തിനായി സ്വന്തം ജീവൻപോലും മനസ്സോടെ നൽകാൻ ഒരമ്മ തയ്യാറാകുമെന്ന അർത്ഥത്തിൽ, അമ്മയുടെ സ്നേഹത്തെ “തീവ്രം” എന്നു വിശേഷിപ്പിക്കാം. തന്റെ കുഞ്ഞ് അപകടത്തിലോ വേദനയിലോ ആവശ്യത്തിലോ ആയിരിക്കുമ്പോൾ, അമ്മയുടെ മാതൃസഹജമായ വാസന ഉണരുന്നു; സ്വന്തം ക്ഷേമത്തെക്കുറിച്ചുള്ള എല്ലാ ചിന്തകളും മറന്ന്, തന്റെ കുഞ്ഞിനെ സംരക്ഷിക്കാൻ അമ്മ മുന്നിട്ടിറങ്ങുന്നു. ദൈവമാതാവിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. കൃപയാലും അമ്മയുടെ പുത്രനായ ഈശോയുടെ തിരുഹിതത്താലും നിങ്ങൾ അമ്മയുടെ മക്കളാണ്. അതിനാൽ, ആവശ്യനേരങ്ങളിൽ അമ്മ നിങ്ങളെ തന്റെ ഹൃദയത്തോടു ചേർത്തുപിടിക്കുകയും തന്റെ സംരക്ഷണത്തിന്റെ മേലങ്കിക്കുള്ളിൽ അഭയം നൽകുകയും ചെയ്യുന്നു. അമ്മയുടെ അചഞ്ചലമായ മാതൃപരിപാലനത്താൽ, നിങ്ങൾ അപകടത്തിലല്ലാത്തപ്പോഴും ഈ മാതൃസ്നേഹം നിങ്ങൾക്കു ലഭിക്കുന്നു. മറ്റാർക്കും കഴിയാത്തവിധം അമ്മ നിങ്ങൾക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. അമ്മ നിങ്ങളുടെ മാത്രം മാതാവല്ല; ദൈവമാതാവും കൂടിയാണ്. ദൈവമാതാവെന്ന നിലയിൽ, തന്റെ ദിവ്യപുത്രനിൽനിന്ന് അമ്മ തന്റെ എല്ലാ മക്കൾക്കുമായി പ്രത്യേക കൃപകൾ നേടിത്തരുന്നു. നിങ്ങൾക്കുവേണ്ടി അമ്മ ഉന്നയിക്കുന്ന ഓരോ അപേക്ഷയ്ക്കും അവിടുന്ന് ഉത്തരം നൽകുന്നു; അവിടുന്ന് ഒരിക്കലും നിങ്ങളെ കൈവിടുകയില്ല. അമ്മയുടെ കരുണയുടെ കരങ്ങളിൽ ചേർന്നിരുന്നുകൊണ്ട്, അമ്മയുടെ അരികിൽത്തന്നെ കഴിയുക (കാണുക: ഡയറി #1097).

ദൈവമാതാവിന്റെ സ്നേഹത്തിനും കരുതലിനും സംരക്ഷണത്തിനുമായി നിങ്ങൾ നിങ്ങളെത്തന്നെ സമർപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ, എന്തുകൊണ്ട്? നിങ്ങൾ എന്തിനാണ് കാത്തിരിക്കുന്നത്? അമ്മയുടെ മാതൃസഹജമായ കരുതലിൽ എന്തുകൊണ്ട് ആശ്രയിക്കണം എന്നത് നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടോ? സ്നേഹത്തിന്റെ ഒരു ആത്മീയ കുടുംബം സൃഷ്ടിക്കാൻ ദൈവം തിരുമനസ്സായി; നിങ്ങളെ പരിപാലിക്കാനുള്ള ചുമതല അവിടുന്ന് തന്റെ അമ്മയെ ഏൽപ്പിക്കുകയും ചെയ്തു. മനുഷ്യവംശത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ പദ്ധതിയിലെ സ്വാഭാവിക ക്രമത്തിൽ മാതൃപരിപാലനത്തിന് കേന്ദ്രസ്ഥാനമുണ്ട്. അതിനാൽ, മനുഷ്യവംശത്തിനുവേണ്ടിയുള്ള അവിടുത്തെ അതിസ്വാഭാവിക പദ്ധതിയിലും അതിന് സ്ഥാനമുണ്ടെന്ന് ന്യായമായും നിഗമനം ചെയ്യാം. നിങ്ങളുടെ ആത്മീയ മാതാവായി അമ്മയെ സമീപിക്കുക; അമ്മയുടെ മാധ്യസ്ഥ്യത്തിലൂടെ നിങ്ങളുടെമേൽ സമൃദ്ധമായി കരുണ ചൊരിയാൻ കർത്താവ് ആഗ്രഹിക്കുന്നുവെന്ന് വിശ്വസിക്കുക.

ഏറ്റവും പ്രിയപ്പെട്ട അമ്മേ, ഞാൻ അമ്മയെ സ്നേഹിക്കുകയും അമ്മയുടെ മാതൃസഹജമായ കരുതലിനും മാധ്യസ്ഥ്യത്തിനും എന്നെത്തന്നെ ഏൽപ്പിക്കുകയും ചെയ്യുന്നു. കൃപയുടെ ക്രമത്തിൽ അമ്മ എന്റെ മാതാവാണെന്നും അമ്മ “കൃപ നിറഞ്ഞവൾ” ആണെന്നും ഞാൻ വിശ്വസിക്കുന്നു. അമ്മയിൽ ആശ്രയിക്കുന്ന എന്റെമേൽ അമ്മയുടെ ഹൃദയത്തിലെ മാതൃസഹജമായ കരുണ ചൊരിയണമേ. ഏറ്റവും പ്രിയപ്പെട്ട അമ്മേ, ഞാൻ എന്നെത്തന്നെ അമ്മയ്ക്കു സമർപ്പിക്കുന്നു. എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ. ഈശോയേ, ഞാൻ അങ്ങയിൽ ശരണം വയ്ക്കുന്നു.

ജൂലൈ 30 – വിശുദ്ധ പത്രോസ് ക്രിസോളോഗസ്, മെത്രാനും വേദപാരംഗതനും—ഐച്ഛിക അനുസ്മരണം

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ