മലയാളം

ധ്യാനം 306: ദൈവം പിന്മാറുന്നില്ല

അഡോൾഫ് ഹ്യുവയുടെ കൃതിയെ ആധാരമാക്കി, CC BY-SA 3.0, Wikimedia Commons വഴി

വീഡിയോ

ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ച് നിങ്ങൾ സംശയിക്കുന്നുണ്ടോ? നിങ്ങളെ തേടിവരുന്നതിൽനിന്ന് ദൈവം ഒരിക്കലും പിന്മാറുന്നില്ല എന്നതാണ് സത്യം. നമ്മുടെ വിശുദ്ധിയുടെ വലിയൊരു പങ്ക് നമ്മെ ആശ്രയിച്ചിരിക്കുന്നുവെങ്കിലും, അതിലേറെയും ദൈവത്തെ ആശ്രയിച്ചിരിക്കുന്നു. നിങ്ങൾ ഈ ഭൂമിയിലായിരിക്കുമ്പോൾ, നിങ്ങളെ തേടിവരുന്നതും നിങ്ങളുടെ മാനസാന്തരത്തിനായി പരിശ്രമിക്കുന്നതും ദൈവം ഒരിക്കലും നിർത്തുന്നില്ല. സങ്കൽപ്പിക്കാവുന്ന എല്ലാ വഴികളിലൂടെയും അവിടുന്ന് നിരന്തരം തന്റെ കരുണ നിങ്ങളിലേക്ക് അയയ്ക്കുന്നു. എന്നാൽ നിങ്ങളുടെ ഹൃദയം “ബധിരവും അന്ധവും” ആണെങ്കിൽ, ദൈവം നിങ്ങളെ തേടിവരുന്ന അക്ഷീണമായ വഴികൾ അതു തിരിച്ചറിയുകയില്ല എന്നതാണ് പ്രശ്നം. എന്നിരുന്നാലും, നിങ്ങളുടെ ബധിരതയിലും അന്ധതയിലും, നിങ്ങളെ സ്വന്തമാക്കാൻ ദൈവം സംസാരിക്കുകയും നിങ്ങളുടെ പിന്നാലെ വരികയും നിങ്ങളെ അന്വേഷിക്കുകയും സാധ്യമായതെല്ലാം ശ്രമിക്കുകയും ചെയ്യുന്നു. ഒടുവിൽ, ഒരു ആത്മാവ് ദുശ്ശാഠ്യത്തോടെ അടഞ്ഞുതന്നെ തുടരുകയാണെങ്കിൽ, ദൈവത്തിന് കൂടുതലായി കാര്യമായൊന്നും ചെയ്യാൻ കഴിയില്ല. നിങ്ങളിൽ തന്റെ നല്ല പ്രവൃത്തി ആരംഭിക്കാൻ അവിടുത്തേക്ക് വളരെ ചെറിയൊരു തുറവു മാത്രം മതി. എന്നാൽ ചെറിയൊരു തുറവുപോലും ഇല്ലെങ്കിൽ, ദൈവം സജീവമായി നിങ്ങളെ തേടിവരുന്നതുപോലും നിങ്ങളുടെ ജീവിതത്തെ മാറ്റുകയില്ല. നിങ്ങളുടെ ഹൃദയം അവിടുത്തേക്കു തുറക്കുക. നിങ്ങൾ നിരാശയുടെ ആഴങ്ങളിലാണെങ്കിൽപ്പോലും, തന്റെ പരിപൂർണമായ കരുണയുടെ ഒരു തുള്ളിയുമായി നിങ്ങളുടെ അടുക്കലേക്കു വരാൻ അവിടുത്തെ അനുവദിക്കുക. ഒരിക്കലും വാതിൽ പൂർണമായി അടയ്ക്കരുത്; അങ്ങനെ അടച്ചിട്ടുണ്ടെങ്കിൽ, അത് അടച്ചുപിടിച്ചിരിക്കരുത്. നിങ്ങൾ അനുവദിച്ചാൽ അവിടുന്ന് ഒരു വഴി കണ്ടെത്തും (കാണുക ഡയറി #1486).

ദൈവത്തിന്റെ കരുണയ്ക്കായി നിങ്ങളുടെ ഹൃദയം വിശാലമായി തുറക്കാൻ നിങ്ങൾ അനുദിനം ശ്രമിക്കുന്നുണ്ടെന്ന് പ്രത്യാശിക്കുന്നു. എന്നാൽ പാപത്തിന്റെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന് നിങ്ങൾ തിരിച്ചറിയുന്നെങ്കിൽ, നിങ്ങളുടെ ഏറ്റവും വലിയ മധ്യസ്ഥൻ നമ്മുടെ കരുണാമയനായ കർത്താവാണെന്ന് മനസ്സിലാക്കുക. പാപത്തിൽ കുടുങ്ങി തടവിലായവർക്കും അവിടുത്തെ കൃപയോട് ബധിരരും അന്ധരുമായി തീർന്നവർക്കും വേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കാൻ അവിടുത്തേക്കു കഴിയും. ഇന്ന് അവിടുത്തെ കരുണ സ്വീകരിക്കാൻ നിങ്ങൾ എത്രമാത്രം തുറവുള്ളവരാണെന്ന് ധ്യാനിക്കുക. ക്ഷീണിതമായ നിങ്ങളുടെ ആത്മാവിലേക്ക് തന്റെ കരുണ ചൊരിയാൻ തുടങ്ങേണ്ടതിന്, നിങ്ങളുടെ അടുക്കലേക്കു വരാൻ അവിടുത്തെ അനുവദിക്കുമെന്ന് നിശ്ചയിക്കുക.

കർത്താവേ, ജീവിതത്തിൽ കുടുങ്ങിപ്പോയതായോ ആശയക്കുഴപ്പത്തിലായതായോ എനിക്കു തോന്നുമ്പോൾ, അങ്ങയുടെ അതിരില്ലാത്ത തീക്ഷ്ണസ്നേഹത്തോടും കരുണയോടുംകൂടെ അങ്ങ് എന്നെ തേടിവരുമെന്ന് എനിക്കറിയാം. നിരാശയിലേക്കു വീഴാൻ എനിക്കു പ്രലോഭനമുണ്ടാകുമ്പോൾ, പിന്മാറാത്ത അങ്ങയുടെ സ്നേഹം എനിക്കു പ്രത്യാശ നൽകുന്നു. എന്നെത്തന്നെ അങ്ങേക്കു തുറന്നുകൊടുക്കാനും എന്റെ ജീവിതത്തിൽ അങ്ങയുടെ പരിപൂർണമായ കാരുണ്യപ്രവൃത്തി ചെയ്യാൻ അങ്ങയെ അനുവദിക്കാനും എന്നെ സഹായിക്കണമേ. പ്രിയ കർത്താവേ, ആഴമായ കൃതജ്ഞതയോടെ ഞാൻ അങ്ങേക്കു നന്ദി പറയുന്നു. ഈശോയെ, ഞാൻ അങ്ങയിൽ ശരണപ്പെടുന്നു.

നവംബർ 2 – സകല മരിച്ച വിശ്വാസികളുടെയും അനുസ്മരണം (സകല ആത്മാക്കളുടെയും ദിനം)

ദൈവകരുണയെക്കുറിച്ചുള്ള കൂടുതൽ വിചിന്തനങ്ങൾ

അനുദിന സുവിശേഷ വിചിന്തനങ്ങൾ

ഇന്നത്തെ വിശുദ്ധർ/തിരുനാളുകൾ